2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ദുരന്തമുഖത്തെ ധീര വ്യക്തിത്വങ്ങളെ ആദരിക്കുന്നു

പെരുമ്പാവൂര്‍: നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ദുരന്തമുഖത്തെ ധീര വ്യക്തിത്വങ്ങളെ ആദരിക്കുന്ന സദസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചക്ക് രണ്ടിന് അറക്കപ്പടി ജയ് ഭാരത് കോളേജില്‍ വച്ച് നടക്കുന്ന പരിപാടി ജസ്സറ്റിസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. കേരള മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് മുഖ്യപ്രഭാഷണം നടത്തും.
കേരളം ഇതുവരെയും കാണാത്ത ദുരന്തത്തില്‍ നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ചവര്‍ സമൂഹത്തിലുണ്ട്. ദുരന്തമുഖത്ത് നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ ആര്‍മി, ഫയര്‍ഫോഴ്‌സ്, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തുള്ളവര്‍, മതസംഘടന പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സേവനസന്നദ്ധരായി നാടിന്റെ നാനാദിക്കില്‍ സേവനമര്‍പ്പിച്ചവരാണ്.
ഇവരെല്ലാം സമൂഹത്തില്‍ ആദരിക്കപ്പെടേണ്ടവരാണ്. ഈ തിരിച്ചറിവിലാണ് എന്‍.എസ്.സി എറണാകുളം ജില്ലാ കമ്മിറ്റി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ പൊലീസ് ഓഫീസര്‍മാര്‍, വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ആര്‍മി, ഫയര്‍ഫോഴ്‌സ്, മത്സ്യ തൊഴിലാളികള്‍ എന്നിവര്‍ ആദരിക്കപ്പെടും. ചടങ്ങില്‍ എന്‍.എസ്.സി സംസ്ഥാന പ്രസിഡന്റ് പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി നിയാസ് കരിമുകള്‍ സ്വാഗതം പറയും. എം.എല്‍.എമാരായ ഇബ്രാഹിം കുഞ്ഞ്, കാരാട്ട് റസാക്ക്, എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, ഹൈബി ഈടന്‍, ജോജി എം. ജോണ്‍, അഹമ്മദ് കബീര്‍, എല്‍ദോ എബ്രഹാം, മുഹമ്മദ് അനീഷ് ഐ.എ.എസ്, സയന്റിസ്റ്റ് ഡോ. അബ്ദുല്‍ സലാം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ നിയാസ് കരിമുകള്‍, ജയ് ഭാരത് കോളേജ് സി.എം.ഡി എ.എം. കരീം, പ്രിന്‍സിപ്പല്‍ ഡോ. നിസാം റഹ്മാന്‍, എന്‍.എസ്.സി ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. അലി, എസ്.വൈ.സി ജില്ലാ ജനറല്‍ സെക്രട്ടറി ഷിഹാബ് തോട്ടത്തില്‍, ജയ്ഭാരത് കോളേജ് എഞ്ചിനീയറിങ് വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. അഭിലാഷ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.എസ്. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.