2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

ദുരന്തമുഖത്തു നിന്ന് ഒരു ശുഭവാര്‍ത്ത

മനസ്സു മരവിപ്പിക്കുന്ന അക്രമസംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ആ നല്ല വര്‍ത്തമാനം കണ്ണില്‍ പതിച്ചത്. 

ആ വാര്‍ത്തയും ഒരു ഭീകരാക്രമണവാര്‍ത്തയുടെ പശ്ചാത്തലത്തിലായിരുന്നു, അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരേ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ടത്.
രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചതാണല്ലോ ആ ഭീകരാക്രമണം. ഗുജറാത്തില്‍നിന്ന് അമര്‍നാഥ് തീര്‍ത്ഥാടനത്തിനു പോയവര്‍ സഞ്ചരിച്ച ബസ്സിനു നേരേ ജമ്മു ശ്രീനഗര്‍ ദേശീയപാതയില്‍വച്ച് അര്‍ധരാത്രിയിലാണു യന്ത്രത്തോക്കുപയോഗിച്ചു വെടിവയ്പ്പുണ്ടായത്. ഓര്‍ക്കാപ്പുറത്തുണ്ടായ ആ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും പത്തൊമ്പതുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മറ്റു രാജ്യങ്ങള്‍പോലും അപലപിച്ച സംഭവമായിരുന്നു അത്. രണ്ടു രീതിയില്‍ ഈ ആക്രമണം എരിതീയില്‍ എണ്ണയൊഴിക്കലായിരുന്നു.
അഹിംസയുടെ സന്ദേശവാഹകനായിരുന്ന മഹാത്മജിയുടെ നാടാണെങ്കിലും ഗുജറാത്ത് കുറേക്കാലമായി അതിഭീകരമായ സാമുദായികസ്പര്‍ദ്ധയുടെ തീച്ചൂളയിലാണെന്നു നമുക്കറിയാം. പല തവണ വര്‍ഗീയകലാപങ്ങള്‍ക്കും അതിനെത്തുടര്‍ന്നുള്ള കൂട്ടമനുഷ്യക്കുരുതികള്‍ക്കും വേദിയായ നാടാണത്. അവിടെനിന്നുള്ള തീര്‍ത്ഥാടകര്‍ക്കെതിരേയുണ്ടായ ആക്രമണം സ്വാഭാവികമായും ആ പ്രദേശത്തെ കൂടുതല്‍ വര്‍ഗീയവെറിയിലേയ്ക്കു തള്ളിവിടുമെന്നത് ഒരു പ്രശ്‌നം. ഒരു കാരണവുമില്ലാതെ സാമുദായികപ്രശ്‌നങ്ങളുണ്ടാക്കി രാജ്യമാകമാനം രാഷ്ട്രീയമുതലെടുപ്പു നടത്തുന്ന ഫാസിസ്റ്റുകള്‍ക്ക് ഈ അക്രമസംഭവം വീണുകിട്ടിയ ശക്തമായ ആയുധവുമാകും എന്നത രണ്ടാമത്തെ ഗുരുതരമായ കാര്യം.
രണ്ടും രാജ്യത്തിന്റെ മതേതരത്വത്തിനു കൂടുതല്‍ ദോഷകരമാണെന്നതില്‍ സംശയമില്ല.ഈ വാര്‍ത്തയ്ക്കിടയിലാണു കണ്ണിനു കുളിരും മനസ്സിനു സാന്ത്വനവും പകരുന്ന ആ വാര്‍ത്തയുണ്ടായത്. കശ്മീര്‍ തീവ്രവാദികള്‍ വെടിവയ്പ്പു നടത്തിയ ബസ്സിന്റെ ഡ്രൈവറെക്കുറിച്ചാണത്. ഡ്രൈവറുടെ മനസ്സാന്നിധ്യംകൊണ്ടു മാത്രമാണു മരണസംഖ്യ വര്‍ധിക്കാതിരുന്നത് എന്നാണു വാര്‍ത്ത.
ഓര്‍ക്കാപ്പുറത്തുണ്ടായ വെടിവയ്പ്പില്‍ മനസ്സാന്നിധ്യം നഷ്ടപ്പെട്ട് ഡ്രൈവര്‍ ബസ് നിര്‍ത്തിയിരുന്നെങ്കില്‍ അതിലുണ്ടായിരുന്ന അമ്പത്തേഴു യാത്രക്കാരും കൊല്ലപ്പെടാമായിരുന്നു. യന്ത്രത്തോക്കുകൊണ്ടു വെടിവയ്ക്കുന്ന തീവ്രവാദികള്‍ ആരോടും ദാക്ഷിണ്യം കാണിക്കില്ലെന്നുറപ്പ്. പരമാവധി മരണം വിതച്ചു ഭരണകൂടത്തെയും രാജ്യത്തെയും ഞെട്ടിക്കലായിരിക്കുമല്ലോ തീവ്രവാദികളുടെ ലക്ഷ്യം.
ബസ് ഡ്രൈവര്‍ കാണിച്ച ആ ധീരതയെ ഗുജറാത്ത് ഭരണകൂടവും കശ്മീര്‍ ഭരണകൂടവും ശ്ലാഘിച്ചിട്ടുണ്ട്. അതു നല്ല കാര്യം. എന്നാല്‍, രാജ്യം സാമുദായികവിദ്വേഷത്തില്‍ കലങ്ങിമറിയുന്ന ഇക്കാലത്ത് ഓരോ ഇന്ത്യക്കാരനും ആദരവോടെ തല കുനിക്കേണ്ടതാണ് ആ ഡ്രൈവറുടെ നല്ല മനസ്സിനു മുന്നില്‍. കാരണം, സാമുദായികവിരോധം ഏറെ അനുഭവിക്കേണ്ടിവന്ന ഗുജറാത്തിലെ സാധാരണക്കാരനായ മുസ്‌ലിം ചെറുപ്പക്കാരനാണ് സലിം ഖാന്‍ എന്നു പേരുള്ള ആ ബസ് ഡ്രൈവര്‍.
2002 ലെ വര്‍ഗീയകലാപം മുതല്‍ ഗുജറാത്തില്‍ ഭരണകൂടത്തിന്റെ പിന്തുണയോടെയും അല്ലാതെയും നടന്ന ന്യൂനപക്ഷ, ദലിത് പീഡനങ്ങളുടെ ചരിത്രം എല്ലാവര്‍ക്കുമറിയാം. തീര്‍ത്തും നിരപരാധികളായവരെപ്പോലും ഒരു ദാക്ഷിണ്യവുമില്ലാതെ ഇന്ന സമുദായത്തില്‍ ജനിച്ചുവെന്ന കാരണത്താല്‍ കൊന്നു തള്ളുകയായിരുന്ന ഫാസിസ്റ്റ് ശക്തികളെന്നതു വെറും ആരോപണം മാത്രമല്ല. ഗുജറാത്ത് കലാപങ്ങളെക്കുറിച്ചുള്ള അന്വേഷണകമ്മിഷനുകളുടെ റിപ്പോര്‍ട്ടിലും പൊലിസ് മേധാവികളുടെ വെളിപ്പെടുത്തലുകളിലും മറ്റും അക്കാര്യം പുറത്തുവന്നതാണ്.
അതിനുശേഷവും ഗുജറാത്തുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ പലപല കാരണങ്ങള്‍ കണ്ടെത്തിയും കാരണങ്ങളൊന്നുമില്ലാതെയും ന്യൂനപക്ഷവേട്ട ഭീകരമായി നടക്കുന്നുണ്ട്. ഓരോ വര്‍ഷം കൂടുന്തോറും സാമുദായികവിരോധം ശതഗുണീഭവിച്ചുകൊണ്ടിരിക്കുകയാണ്. ഫാസിസ്റ്റുകള്‍ അധികാരം പിടിച്ചെടുക്കാന്‍ ഉപയോഗിച്ച സാമുദായികവിരോധത്തിന്റെ വിഷവിത്തുകള്‍ ആ നാട്ടില്‍ എത്രമാത്രം വളര്‍ന്നു പന്തലിച്ചിരിക്കുന്നുവെന്നു ഗുജറാത്തില്‍നിന്നുള്ള നിഷ്പക്ഷമതികളുടെ എഴുത്തുകള്‍ വ്യക്തമാക്കും.
അങ്ങനെയുള്ള നാട്ടില്‍നിന്നു വരുന്നയാളുടെ മനസ്സില്‍ വര്‍ഗീയപകയുണ്ടായാല്‍ അത്ഭുതമില്ല. ആ ബസ്സില്‍ താനൊഴികെയുള്ളവരെല്ലാം തന്റെ സമുദായവിരോധികളാണെന്ന തോന്നലോടെ സ്വന്തം ഐഡന്റിറ്റി തീവ്രവാദികള്‍ക്കു മുന്നില്‍ വെളിപ്പെടുത്തി മറ്റുള്ളവരെ കൊലയ്ക്കു കൊടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കാനുള്ള വിദൂരസാധ്യതപോലും തള്ളിക്കളയാനാകില്ല.
പക്ഷേ, ആ ബസ്സിലെ യാത്രക്കാരെ തീവ്രവാദികളുടെ തോക്കിന്‍കുഴലില്‍നിന്നു രക്ഷിക്കാന്‍ സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് അതിസാഹസികമായി ബസ്സുമായി കുതിക്കുകയായിരുന്നു സലിംഖാന്‍. സാമുദായികചിന്തയില്ലാതെ, മനുഷ്യരെല്ലാം സ്വന്തം സഹോദരങ്ങളാണെന്ന ചിന്തയിലേയ്ക്ക് ഓരോരുത്തരും മാറുമ്പോള്‍ മാത്രമാണു ഈ രാജ്യം ദൈവത്തിന്റെ സ്വന്തംനാടായി മാറുന്നത്.
സലിംഖാന്റെ ധീരതയ്ക്കുള്ള അംഗീകാരമായി ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അദ്ദേഹത്തിനു മൂന്നുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സലിംഖാന് ധീരതയ്ക്കുള്ള ദേശീയപുരസ്‌കാരം നല്‍കണമെന്നു ശുപാര്‍ശ ചെയ്യുമെന്നു ഗുജറാത്ത് മുഖ്യമന്ത്രിയും തീരുമാനിച്ചിട്ടുണ്ട്.
അതൊക്കെ നല്ല കാര്യം. അത്തരം അംഗീകാരങ്ങള്‍ സുമനസ്സുകള്‍ക്കു പ്രോത്സാഹനമാകും. അതിനേക്കാള്‍ പ്രധാനം, ഇത്തരം മാതൃകാപുരുഷന്മാരുടെ പ്രവൃത്തികള്‍ സ്വന്തംജീവിതത്തില്‍ പകര്‍ത്താന്‍ തയാറാകുകയെന്നതാണ്, അതിനു പരമാവധി പ്രചാരണം നല്‍കുകയെന്നതാണ്.
അമ്പതിലേറെ അമര്‍നാഥ് തീര്‍ത്ഥാടകരുടെ ജീവന്‍ ധീരമായ പ്രവൃത്തിയിലൂടെ ഒരു മുസ്‌ലിം ഡ്രൈവര്‍ രക്ഷിച്ചുവെന്ന പരാമര്‍ശം ഒരു ചര്‍ച്ചയില്‍ നടത്തിയപ്പോള്‍ ആ ചര്‍ച്ചയിലുണ്ടായിരുന്ന ചിലര്‍ അതിരൂക്ഷമായ രീതിയിലാണ് അതിനെ വിമര്‍ശിച്ചത്. തീവ്രവാദി ആക്രമണത്തിനിരയായവര്‍ സഞ്ചരിച്ച ബസ്സിന്റെ ഡ്രൈവറുടെ ജാതിയും മതവും പരാമര്‍ശിക്കുന്നത് തെറ്റാണെന്നായിരുന്നു അവരുടെ വാദം. ഒരു മനുഷ്യന്‍ മറ്റു മനുഷ്യരുടെ ജീവന്‍ രക്ഷിച്ചുവെന്നു പറഞ്ഞാല്‍ മതിയെന്നായിരുന്നു അവരുടെ നിലപാട്.
തികച്ചും മതേതരചിന്തയുള്ള നാട്ടില്‍ അങ്ങനെയേ പറയാവൂ എന്നു സമ്മതിക്കുന്നു.
എന്നാല്‍, ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇത്തരം നന്മകളെ സാമുദായിക പരാമര്‍ശത്തോടെ ഉയര്‍ത്തിക്കാണിച്ചേ തീരൂ. കാരണം, ചെറുകാര്യങ്ങളെപ്പോലും സാമുദായികസ്പര്‍ദ്ധയ്ക്കുള്ള ഉപാധിയാക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണല്ലോ നമ്മുടെ മുന്‍ ഡി.ജി.പി സെന്‍കുമാറിനെപ്പോലെ പലരും. രാജ്യത്തെ ആഭ്യന്തരമന്ത്രിപോലും തള്ളിക്കളഞ്ഞ ലൗജിഹാദിനെ വീണ്ടും ‘യാഥാര്‍ഥ്യ’മാക്കി അവതരിപ്പിച്ചിരിക്കുകയാണല്ലോ സെന്‍കുമാര്‍.
മുസ്‌ലിംകളും മറ്റു ന്യൂനപക്ഷവിഭാഗക്കാരും രാജ്യസ്‌നേഹികളല്ലെന്നു വരുത്താന്‍ ഇത്തരം ബോധപൂര്‍വമായ ശ്രമങ്ങള്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എടുത്തുപറയേണ്ടതല്ലേ ഗുജറാത്തി മുസ്‌ലിമായ സലിംഖാന്റെ ധീരപ്രവൃത്തി.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.