2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ദുരന്തഭൂമിയിലെ ഭീമന്‍ ആല്‍മരം മുറിച്ചുമാറ്റി: പ്രതിഷേധവുമായി ഒരു വിഭാഗം

 

വടക്കാഞ്ചേരി: കുറാഞ്ചേരിയിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്തിന് സമീപം സംസ്ഥാന പാതയോട് ചേര്‍ന്ന് നിന്നിരുന്ന ഭീമന്‍ ആല്‍മരം ശിഖിരങ്ങളിറക്കി മുറിച്ചതിനെതിരേ പ്രതിഷേധവുമായി ഒരു വിഭാഗം നാട്ടുകാര്‍ രംഗത്ത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരം ഒരു സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നില്ലെന്നും ഇത് പ്രദേശത്തെ പ്രധാന തണല്‍ വൃക്ഷമായിരുന്നുവെന്നുമാണ് ഇവരുടെ വാദം. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് മരംവെട്ടു തൊഴിലാളികളെത്തി ആല്‍മരം മുറിച്ചത്. പ്രതിഷേധക്കാര്‍ എത്തിയപ്പോഴേക്കും പ്രധാന ശിഖിരങ്ങളെല്ലാം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. തുടര്‍ന്നുള്ള പണി നാട്ടുകാര്‍ തടസപ്പെടുത്തിയതോടെ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് മരം മുറിച്ചുമാറ്റുന്നതെന്നായി തൊഴിലാളികള്‍.
കലക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങിനെയൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. അതിനിടെ മരംമുറി തടഞ്ഞത് ചോദ്യം ചെയ്യാനെത്തിയ ജനപ്രതിനിധികളും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. 19 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുഖത്ത് ഇനിയും ഏറെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കാനുണ്ടെന്നും മേഖലയില്‍ വൈദ്യുതിബന്ധം പുനസ്ഥാപിക്കണമെങ്കില്‍ പോലും മരം തടസമായതുകൊണ്ടാണ് മരംമുറിച്ച് മാറ്റിയതെന്നും ജനപ്രതിനിധികള്‍ അറിയിച്ചു. അത് വിവാദമാക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ താല്‍പര്യമാണെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.