2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ദുരന്തനിവാരണത്തിന് പ്രാദേശികസേന

അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: പ്രളയത്തില്‍നിന്നും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും പാഠം പഠിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇനിയുമൊരു ദുരന്തമുണ്ടായാല്‍ ജനങ്ങളെ സംരക്ഷിക്കാന്‍ പ്രാദേശികസേന രൂപീകരിക്കാനും പൊലിസിനെയും ഫയര്‍ഫോഴ്‌സിനെയും ശക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജനങ്ങളെ വലിയ തോതില്‍ പ്രത്യേകിച്ച് യുവാക്കളെ ദുരന്ത നിവാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ പുതുകേരള സൃഷ്ടിയുടെ ഭാഗമായി നടപ്പിലാക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രൂപം കൊടുത്ത കമ്മ്യൂനിറ്റി റെസ്‌ക്യു വളന്റിയര്‍ സ്‌കീമിനു കീഴിലാണ് സേന വരുന്നത്.
പ്രാദേശിക തലത്തില്‍ സേവനത്തിന് താല്‍പര്യമുള്ളവരെ കണ്ടെത്തി ആവശ്യമായ വിദഗ്ധ പരിശീലനം നല്‍കും. വ്യത്യസ്ത തൊഴില്‍ മേഖലയില്‍ വൈദഗ്ധ്യം നേടിയ തൊഴിലാളികളെ കഴിവിന്റെ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കി സേനയുടെ ഭാഗമാക്കും. മത്സ്യത്തൊഴിലാളികള്‍, മരം കയറുന്നതില്‍ വൈദഗ്ധ്യമുള്ളവര്‍, കിണര്‍ കുഴിക്കുന്നതിലും ശുചിയാക്കുന്നതിലും മികവുള്ളവര്‍, പ്ലംബര്‍മാര്‍, ആശാരിമാര്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നീ തൊഴില്‍ മേഖലയില്‍ മികവ് തെളിയിച്ചവരെയും സേനയുടെ ഭാഗമാക്കും. അപകടം സംഭവിച്ചാല്‍ എങ്ങനെ ശാസ്ത്രീയമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താമെന്നും കാലവസ്ഥാ പ്രവചനം വന്നാല്‍ അതിനു മുന്‍പുതന്നെ മുന്‍കരുതല്‍ എങ്ങനെ സ്വീകരിക്കാമെന്നും സേനയ്ക്ക് വിദഗ്ധ പരിശീലനം നല്‍കും.
മനുഷ്യസൃഷ്ടിയും പ്രകൃത്യാലുള്ളതുമായ അപകടങ്ങളിലും ദുരന്തങ്ങളിലും പെടുന്നവരെ പൊലിസും ഫയര്‍ഫോഴ്‌സും എത്തും മുന്‍പുതന്നെ രക്ഷിക്കാനും പ്രാഥമിക ശുശ്രൂഷ നല്‍കാനും പരിശീലനം സേനയ്ക്ക് നല്‍കും. ജില്ലകളില്‍ 3,000 പേരെ വീതമായിരിക്കും പരിശീലിപ്പിക്കുക.
ജില്ലാതലത്തില്‍ കലക്ടര്‍ക്കായിരിക്കും ചുമതല. ആര്‍.ഡി.ഒയാണ് കണ്‍വീനര്‍. 18നും 45നും മധ്യേയുള്ള ആരോഗ്യവാന്മാര്‍ക്കാകും അവസരം നല്‍കുക. ഒരാളിന് മൂന്നുവര്‍ഷം സേനയില്‍ പ്രവര്‍ത്തിക്കാം. 50 മണിക്കൂര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാഡ്ജ് നല്‍കും. സേനാംഗങ്ങള്‍ക്ക് അപകട ഇന്‍ഷുറന്‍സും രക്ഷാപ്രവര്‍ത്തനത്തിനുള്ള കിറ്റും സര്‍ക്കാര്‍ നല്‍കും.
മുന്നറിയിപ്പുകള്‍ വിലയിരുത്തുക, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ, ജനക്കൂട്ടത്തെ നിയന്ത്രിക്കല്‍, ശാസ്ത്രീയമായ പ്രഥമശുശ്രൂഷ, ഫലപ്രദമായ പുനരധിവാസം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. യുദ്ധസാഹചര്യത്തില്‍ പോലും ജനങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്നാണ് പരിശീലിപ്പിക്കുക. കലാപമടക്കമുള്ള അത്യാഹിതഘട്ടങ്ങളില്‍ ജനങ്ങള്‍ എങ്ങനെ പെരുമാറണമെന്നതും പരിശീലനത്തിന്റെ ഭാഗമാക്കും. പിന്നോക്ക പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ സൗകര്യം ഉണ്ടാക്കും. കൂടാതെ സംസ്ഥാനത്ത് വിദഗ്ധ പരിശീലനം സൃഷ്ടിച്ചവരുടെ പ്രത്യേക സംഘത്തെയും ഉണ്ടാക്കും.
ഫയര്‍ഫോഴ്‌സിനെയും പൊലിസിനെയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടപെടാന്‍ കൂടുതല്‍ പരിശീലനം നല്‍കും. സേനാംഗങ്ങള്‍ക്ക് ഹെലികോപ്റ്റര്‍, ട്രെയിന്‍, ബോട്ട് എന്നിവയിലും വാതകചോര്‍ച്ച, വെള്ളപ്പൊക്കം എന്നിവ നേരിടാനും പരിശീലിപ്പിക്കും. ഫയര്‍ഫോഴ്‌സിന് അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കും.
ഫോര്‍ട്ട് കൊച്ചിയിലെ ഫയര്‍ഫോഴ്‌സിന്റെ ട്രെയിനങ് ഇന്‍സ്റ്റിറ്റ്യൂട്ടായ സ്‌കൂബ റസ്‌ക്യൂ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിങ് വാട്ടര്‍ റസ്‌ക്യൂ എന്നാക്കി പരിശീലനത്തിന്റെ ആസ്ഥാനമാക്കും.

വെര്‍ച്വല്‍ കേഡര്‍ സംവിധാനം ശക്തമാക്കും

തിരുവനന്തപുരം: ദുരന്ത ലഘൂകരണം ഓരോ വകുപ്പിന്റെയും തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ 25 പ്രധാന വകുപ്പുകളില്‍ ദുരന്ത ലഘൂകരണ വിര്‍ച്വല്‍ കേഡര്‍ സംവിധാനത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും എല്ലാ ജില്ലകളിലും പ്രാവര്‍ത്തികമായില്ല.
കഴിഞ്ഞ വര്‍ഷം കേഡര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേരുകള്‍ ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കാന്‍ വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കി ദുരന്തനിവാരണവകുപ്പ് ഉത്തരവിറക്കിയെങ്കിലും അത് സര്‍ക്കാര്‍ കാര്യം മുറപോലെയായി. കേരളത്തെ മുക്കിക്കൊന്ന പ്രളയമുണ്ടായപ്പോഴാണ് ദുരന്തനിവാരണ അതോറിറ്റിക്ക് ബോധമുദിച്ചത്. വിര്‍ച്വല്‍ കേഡര്‍ സംവിധാനം വീണ്ടും കാര്യക്ഷമമാക്കണമെന്ന് ചീഫ് സെക്രട്ടറി എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചേര്‍ത്താണ് കേഡര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. വകുപ്പുകളില്‍നിന്ന് തെരഞ്ഞെടുക്കുന്ന 15 അംഗ ഉദ്യോഗസ്ഥസംഘം അടങ്ങുന്നതാണ് വെര്‍ച്വല്‍ കേഡര്‍.
ഒരു ജില്ലയില്‍നിന്ന് ഓരോ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ വീതവും സംസ്ഥാനത്തില്‍ ഒരു ഉദ്യോഗസ്ഥനുമായിരിക്കും കേഡറിലുണ്ടാകുക.

പൊലിസിലും
ദുരന്തനിവാരണ സേന

തിരുവനന്തപുരം: ദുരന്തത്തിന് രക്ഷാപ്രവര്‍ത്തനത്തിനുള്ള പൊലിസിലെ പ്രത്യേക സേനയായ ഡി.ആര്‍.ടിയെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നു. എ.ടി.ഡി.ആര്‍.ടി (അഡ്‌വാന്‍സ് ടാക്റ്റിക്കല്‍ ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ടീം) എന്ന പേരിലാണ് മടങ്ങിവരുന്നത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അത്യാധുനിക സംവിധാനങ്ങളോടെയാണ് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇവര്‍ക്ക് രാത്രിയിലും ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന കാമറ, ഡ്രോണുകള്‍, മറ്റു രക്ഷാഉപകരണങ്ങള്‍ അടങ്ങിയ കിറ്റും ഒരുക്കും.
ടൂള്‍ കിറ്റില്‍ വെള്ളത്തിനടിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന റിമോര്‍ട്ട് സംവിധാനമുള്ള വെഹിക്കിള്‍, അത്യാധുനിക കട്ടറുകള്‍, വെള്ളത്തിനടിയിലും ഉപയോഗിക്കാന്‍ കഴിയുന്ന ടോര്‍ച്ചുകള്‍ എന്നിവ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ പൊലിസില്‍നിന്നും ഫയര്‍ഫോഴ്‌സില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ചു പേരായിരിക്കും എ.ടി.ഡി.ആര്‍.ടി ടീമില്‍ ഉണ്ടാകുക. ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.
കൂടാതെ പൊലിസിനു കീഴില്‍ എസ്.ഡി.ആര്‍.എഫ് (സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ഫോഴ്‌സ്) രൂപീകരിക്കും. 450 പേരടങ്ങുന്ന സേന രൂപീകരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.