2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

Editorial

ദുരന്തങ്ങള്‍ വരാന്‍ കാത്തിരിക്കുകയല്ല വേണ്ടത്


സംസ്ഥാനത്ത് വന്‍നാശനഷ്ടങ്ങള്‍ വിതച്ചു കനത്ത മഴയും കാറ്റും തുടരുകയാണ്. പകുതിയിലധികം ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയതിനാല്‍ നിരവധിയാളുകള്‍ ദുരിതമനുഭവിക്കുകയാണ്. മഴക്കെടുതികളില്‍ പെട്ട് ഏതാനും പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയുമുണ്ടായി. ഒഡിഷ തീരത്തു രുപപ്പെട്ട ന്യൂനമര്‍ദം മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് ഈ സ്ഥിതിവിശേഷത്തിനു കാരണമായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഈ അവസ്ഥ ഈ മാസം 19 വരെ തുടര്‍ന്നേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. കനത്ത മഴയും കാറ്റും മൂലം കഴിഞ്ഞദിവസങ്ങളിലുണ്ടായ കെടുതികള്‍ വരും ദിവസങ്ങളിലും തുടരാനിടയുണ്ടെന്ന സൂചനയാണ് ഇതില്‍ നിന്നു ലഭിക്കുന്നത്. ഇതിനെ ഫലപ്രദമായി നേരിടാന്‍ ഭരണകൂട സംവിധാനങ്ങള്‍ക്കാകുമോയെന്ന ആശങ്കയിലാണു കേരളീയ സമൂഹം.
പ്രകൃതിദുരന്തങ്ങളെയെല്ലാം പൂര്‍ണമായി തടയുകയെന്നതു മനുഷ്യസാധ്യമല്ല. എന്നാല്‍, ജീവഹാനിയടക്കം അതു വരുത്തിവയ്ക്കുന്ന കെടുതികളെ വലിയൊരളവോളം തടയാന്‍ മനുഷ്യസമൂഹത്തിനു സാധിക്കും. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള ഭരണകൂടങ്ങളുടെ പ്രാഥമിക ചുമതലകളില്‍ ഒന്നാണത്. ആധുനിക ഭരണകൂടങ്ങളുടെയെല്ലാം കൈവശം അതിനുള്ള സജ്ജീകരണങ്ങളുമുണ്ട്.
എന്നാല്‍, പലപ്പോഴും അതു യഥാസമയം ഉപയോഗപ്പെടുത്താനാവാതെ പോകുന്നതിനാല്‍ പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളുടെ അളവു കൂടാറുണ്ട്. ഇത്തരം പരാതികള്‍ നമ്മുടെ സംസ്ഥാനത്തും വ്യാപകമാണ്. നിരവധി ദുരനുഭവങ്ങളുണ്ടായിട്ടും അതില്‍ നിന്നു ഭരണകര്‍ത്താക്കള്‍ കാര്യമായ പാഠമൊന്നും പഠിച്ചിട്ടില്ലെന്നു തെളിയിക്കുന്ന ചെയ്തികള്‍ ഈ മഴക്കാല ദുരന്ത വേളയിലും ആവര്‍ത്തിക്കുകയാണ്.
അടുത്തകാലത്തു കേരളം നേരിടേണ്ടി വന്ന വലിയൊരു ദുരന്തമാണ് ഓഖി ചുഴലിക്കാറ്റ്. നിരവധി മത്സബന്ധന തൊഴിലാളികള്‍ക്കാണ് ഓഖിയുടെ താണ്ഡവത്തില്‍ ജീവഹാനി സംഭവിച്ചത്. ഇതു നേരിടുന്നതില്‍ സംസ്ഥാന ഭരണകൂടത്തിനു സംഭവിച്ച വീഴ്ചകള്‍ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. യഥാസമയം മുന്നറിയിപ്പു നല്‍കാനോ രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങാനോ സാധിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം.
തൊട്ടുപിറകെ എത്തിയ മറ്റൊരു ദുരന്തമാണു കോഴിക്കോട് കട്ടിപ്പാറയില്‍ 14 പേരുടെ ദാരുണ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍. ഈ സംഭവത്തിലും ദുരന്തനിവാരണ സംവിധാനങ്ങളുടെ ഇടപെടല്‍ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി പരാതി ഉയരുകയുണ്ടായി. മാത്രമല്ല ഉദ്യോഗസ്ഥരുടെയും മറ്റും ഒത്താശയോടെ ചിലര്‍ ഈ സ്ഥലത്തിനു മുകള്‍ഭാഗത്ത് അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും തടയണ നിര്‍മാണവുമൊക്കെ നടത്തിയത് ദുരന്തത്തിന്റെ കാഠിന്യം കൂട്ടിയതായും വിലയിരുത്തപ്പെട്ടു. ഭരണകൂടം പ്രതിക്കൂട്ടിലാകുകയായിരുന്നു ഇവിടെയും.
നാശനഷ്ടങ്ങള്‍ക്കു തടയിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ദുരന്തങ്ങള്‍ സംഭവിച്ചതിനു ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രീതിയാണ് കാലാകാലങ്ങളിലായി കേരളത്തില്‍ കണ്ടുവരുന്നത്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മഴക്കാല നാശനഷ്ടങ്ങളുടെ കാര്യത്തിലും അതു കുറെയൊക്കെ പ്രകടമാണ്.
മഴക്കാലത്തിനു മുന്നോടിയായി അപകടസാധ്യതയുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്ന പതിവ് വൈദ്യുതി ബോര്‍ഡിനുണ്ട്. അതു പലപ്പോഴും സംഭവിക്കുന്നതു വൈകിയാണ്. ഇപ്പോള്‍ മഴക്കാലം തുടങ്ങി ഒന്നര മാസം പിന്നിട്ട ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധൃതിപിടിച്ച് അതു ചെയ്തുകൊണ്ടിരിക്കുകയാണ് ബോര്‍ഡ് ജീവനക്കാര്‍. ഏറെ അപകടങ്ങള്‍ സംഭവിച്ച ശേഷം.
വനവല്‍കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നട്ടുപിടിപ്പിച്ചതടക്കം നിരവധി വന്‍മരങ്ങള്‍ നമ്മുടെ പ്രധാന പാതകളുടെ വശങ്ങളില്‍ ഭീഷണിയുയര്‍ത്തി നിലകൊള്ളുന്നുണ്ട്. പരിസരപ്രദേശങ്ങളില്‍ അശാസ്ത്രീയമായും അനധികൃതമായുമൊക്കെ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മണ്ണൊലിപ്പു മൂലം ശക്തമായ കാറ്റില്‍ മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് ഇവയില്‍ പലതും. അത്തരം അനധികൃത നിര്‍മാണങ്ങള്‍ തടയുകയോ അപകട സൂചനയുള്ള മരങ്ങള്‍ തടം കെട്ടി സംരക്ഷിക്കുകയോ ചെയ്യേണ്ടതുണ്ട്.
ഇങ്ങനെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്ടില്‍ പ്രകൃതി ദുരന്തങ്ങളുടെ പ്രഹരശേഷി കൂടുന്നതില്‍ ഒട്ടുമില്ല അത്ഭുതം. ദുരന്തങ്ങള്‍ ഉണ്ടാവുന്നതു വരെ നിഷ്‌ക്രിയത്വം പാലിക്കുകയും അതു സംഭവിച്ച ശേഷം ദുരിതാശ്വാസത്തിനിറങ്ങുകയും അനുശോചന പ്രസ്താവനകള്‍ ഇറക്കുകയും നഷ്ടപരിഹാരം നല്‍കുകയുമൊക്കെ ചെയ്യുന്ന രീതി അവസാനിക്കേണ്ടതുണ്ട്. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ദുരന്തങ്ങളെ മുന്‍കൂട്ടി കാണാനും പരിഹാരമാര്‍ഗങ്ങള്‍ തേടാനുമുള്ള സന്നദ്ധതയാണ് ആധുനിക ഭരണകൂടങ്ങളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.