2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ദുരന്തങ്ങളില്‍ രക്ഷ: ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിന് തുടക്കമാകുന്നു

എ.എസ്. അജയ്‌ദേവ്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്നും ഭിന്നശേഷിയുള്ളവരെ സംരക്ഷിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന പുതിയ പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിന് തുടക്കമാകുന്നു. ദുരന്ത മുഖങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശേഷി കൈവരിക്കാനായി അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയുള്ള പാഠ്യപദ്ധതിയുടെ കരിക്കുലവും സിലബസും ഒരുക്കുന്നതിനായി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
കണ്ണു കാണാത്തവര്‍ക്കായി ഓഡിയോ മെസേജുകള്‍, ചെവി കേള്‍ക്കാത്തവര്‍ക്കും, മിണ്ടാന്‍ കഴിയാത്തവര്‍ക്കുമായി ഡിജിറ്റല്‍, വിഷ്വല്‍ മെസേജുകള്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്കായി കെയര്‍ടേക്കര്‍മാരുടെ പരിശീലനം എന്നിവയ്ക്കു വേണ്ടിയാണ് കരിക്കുലവും സിലബസും തയ്യാറാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള ഈ പദ്ധതി കേരളം തയ്യാറാക്കുന്നത്. ദുരന്തമുഖങ്ങളില്‍ മറ്റുള്ളവരുടെ സഹായത്തിനു കേഴുന്നവരെ സംരക്ഷിക്കേണ്ട ആവശ്യകത മുന്നോട്ടുവെച്ചത് വകുപ്പുമന്ത്രിയാണ്. സംസ്ഥാനത്തൊട്ടാകെയുള്ള ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുന്നതിനായി പരിശീലകരെ കണ്ടെത്തുന്നതിനു കൂടിയാണ് യോഗം. ഇവരെ പരിശീലിപ്പിക്കാന്‍ ദേശീയതലത്തില്‍ ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുന്ന സംഘം ക്ലാസെടുക്കാനെത്തും.
പൈലറ്റ് പ്രോജക്ട് നടപ്പിലാക്കാന്‍ ഇടുക്കി ജില്ലയെ തെരഞ്ഞെടുത്തിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലാണ് ഇടുക്കി ജില്ലയെ തെരഞ്ഞെടുത്തത്. ആദ്യഘട്ടത്തില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കും, മറ്റു വൈകല്യമുള്ളവരെ സംരക്ഷിക്കുന്ന(കെയര്‍ ടേക്കര്‍മാര്‍)വര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. എന്തൊക്കെ മുന്‍ കരുതലുകള്‍ എടുക്കണം, ദുരന്തമുണ്ടായാല്‍ മനസ്സിനേയും, ശരീരത്തേയും എങ്ങനെ പ്രയോജനപ്പെടുത്തണം, പേടികൂടാതെ എങ്ങനെ സഹായമഭ്യര്‍ത്ഥിക്കാം, മരണഭയത്തെ മാറ്റി നിര്‍ത്തി സ്വയം രക്ഷപ്പെടാനുള്ള വഴികള്‍ തേടുന്നതിനു വേണ്ടിയുള്ള ശ്രമം എങ്ങനെ നടത്താം തുടങ്ങിയുള്ള വിഷയങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തുന്നത്.
1995 ലെ പി.ഡബ്‌ളിയു.ഡി(പേഴ്‌സണ്‍സ് വിത്ത് ഡിസേബിള്‍ഡ്)പ്രകാരം സാമൂഹ്യക്ഷേമ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 7,61,843 പേരാണ് ഭിന്നശേഷിയുള്ളവരായി കണ്ടെത്തിയിട്ടുള്ളത്. ഏഴുതരം ഭിന്നശേഷികളാണുള്ളതെന്നും അന്നത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയെങ്കിലും അത് പുറത്തു വിട്ടിട്ടില്ല. എന്നാല്‍, എട്ടുലക്ഷത്തില്‍ കൂടുതല്‍ പേര്‍ ഭിന്നശേഷിക്കാരായുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കൂടാതെ ഏഴുതരം ഭിന്നശേഷിയെന്നത് 22 തരമായി ഉയര്‍ത്തി.
മാനസിക വെല്ലുവിളി നേരിടുന്നവര്‍, സെറിബ്രല്‍ പാഴ്‌സി, ഓട്ടിസം, അള്‍സിമേഴ്‌സ്, ലെപ്രസി, ബ്ലൈന്‍ഡ്, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയുള്ളവയാണ് ഭിന്നശേഷികള്‍. ഇവരെ പരിശീലിപ്പിക്കുന്നതിനായുള്ള സിലബസും കരിക്കുലവും തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു. കരിക്കുലവും സിലബസും തയ്യാറാക്കാന്‍ 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.