2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ദുരന്തം തകര്‍ത്ത കുറാഞ്ചേരിയെ പുനഃസൃഷ്ടിക്കാന്‍ നടപടി തുടങ്ങി

 

വടക്കാഞ്ചേരി: ദുരന്തത്തില്‍ പാടെ തകരുകയും, 19 പേരുടെ മരണത്തിന് വഴിവയ്ക്കുകയും ചെയ്ത കുറാഞ്ചേരിയെ പുനഃസൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ മാസം 16ന് നടന്ന ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ലെങ്കിലും 25 ദിവസം കൊണ്ട് ആധുനിക കുറാഞ്ചേരിയുടെ മുന്നേറ്റത്തിലേക്ക് ശ്രദ്ധാര്‍ഹമായ ചുവട് വയ്ക്കാന്‍ കഴിഞ്ഞതിന്റെ നേട്ടത്തിലാണ് അധികൃതര്‍.
മണ്‍കൂമ്പാരമായി കിടന്നിരുന്ന നാട് സാധാരണ നിലയിലേക്ക് അതിവേഗം മാറുകയാണ്. ദുരന്ത സ്ഥലത്ത് ഇന്നലെ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ രാമചന്ദ്രന്റ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമെത്തി. നാശനഷ്ടങ്ങളുടെ ആഘാതം മനസിലാക്കുന്നതിനും, പുനസൃഷ്ടിയ്ക്കുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്കുമായിരുന്നു സംഘമെത്തിയത്.
നാടിന് ദുരന്ത ദിനങ്ങള്‍ നല്‍കിയ മല നോക്കിക്കണ്ട സംഘം ജനപ്രതിനിധികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. ഡെപ്യൂട്ടി കലക്ടര്‍ ഗിരീഷ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബാലഗോപാലന്‍, തെക്കുംകര വില്ലേജ് ഓഫിസര്‍ ജോസ് പ്രകാശ്, വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍ കുമാര്‍ എന്നിവരും രാമചന്ദ്രനോടൊപ്പം ഉണ്ടായിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് കനത്ത പൊലിസ് സുരക്ഷയിലായിരുന്നു സന്ദര്‍ശനം. കുന്നംകുളം അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ ടി.എസ് സിനോജ്, വടക്കാഞ്ചേരി പൊലിസ് ഹൗസ് സ്റ്റേഷന്‍ ഓഫിസര്‍ പി.എസ് സുരേഷ്, എസ്.ഐ കെ.സി രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.