2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദിലീപ് എട്ടാം പ്രതി; നാളെ കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം നാളെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന.
പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. 11 പ്രതികളുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് ദീലിപും പള്‍സര്‍ സുനിയും ചേര്‍ന്നാണെന്ന് കുറ്റപത്രം പറയുന്നു. മറ്റുള്ളവര്‍ കൃത്യത്തിന് സഹായിച്ചവരും സംഭവത്തിനുശേഷം പ്രതിക്ക് ഒളിവില്‍കഴിയാന്‍ സൗകര്യം ചെയ്തുകൊടുത്തവരുമാണ്.
കേസില്‍ മുന്നോറോളം സാക്ഷികളാണുള്ളത്. ഇതില്‍ 20 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 450 രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ടി ആക്ട് ഉള്‍പ്പെടെ 12 വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണ് സൂചന. ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കി വിദേശത്തുപോകാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
വിദേശത്തുപോകാന്‍ അനുവദിക്കരുതെന്ന നിലപാട് അന്വേഷണസംഘം കോടതിയില്‍ എടുക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കില്ലെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പുതിയ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിന് ദുബൈയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന നിലപാടിലാണ് അന്വേഷണസംഘം. ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കിയാല്‍ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിക്കുമെന്നാണ് പൊലിസ് പറയുന്നത്. അങ്കമാലി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദിലീപിന്റെ പാസ്‌പോര്‍ട്ടുള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.