2018 April 20 Friday
ജീവിതം സുഖകരമാവട്ടെ, വേനല്‍ക്കാലത്തെ പൂക്കളെപോലെ. മരണവും സുന്ദരമാകട്ട, ശരത്കാലത്തെ പഴുത്തിലപോലെ.
-ടാഗോര്‍

ദാറുല്‍ ഫലാഹ് സമ്മേളനത്തിന് പകിട്ടാര്‍ന്ന സമാപ്തി

 

ചെറുതുരുത്തി: ശിഹാബ് തങ്ങള്‍ നഗരിയിലേക്ക് ഒഴുകി വന്ന ജന പ്രവാഹത്തിന് മുന്നില്‍ ദാറുല്‍ ഫലാഹ് പത്താം വാര്‍ഷിക ഒന്നാം സനദ്ദാന മഹാസമ്മേളനത്തിന് പകിട്ടാര്‍ന്ന സമാപനം. മത മൂല്യങ്ങളിലേക്ക് സമൂഹത്തെ കൈപിടിച്ചുയര്‍ത്താന്‍ പ്രാപ്തരായ 55 ഹാഫിളുകള്‍ ഇന്നലെ ബിരുദം ഏറ്റുവാങ്ങി. ലോകത്തെ വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് ഇസ്‌ലാമിന് ഉയര്‍ത്താന്‍ കഴിഞ്ഞതായും ലോകത്തെ ഏതൊരു വിജ്ഞാന ശാഖക്കും ഇസ്‌ലാം നല്‍കിയ സംഭാവന മഹത്തരമാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ ഫലാഹ് ദശവാര്‍ഷിക സനദ്ദാന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ഖുര്‍ആന്റെ ദര്‍ശനങ്ങളാണ് ലോകത്തിന്റെ വിജ്ഞാനത്തിന്റെ വിസ്‌ഫോടനത്തിന് തുടക്കം കുറിച്ചത് എന്നും വിശുദ്ധ ഗ്രന്ഥം മനപ്പാഠമാക്കുന്നത് ഏറെ പ്രൊത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും തങ്ങള്‍ പറഞ്ഞു. മനുഷ്യനെ നന്മയില്‍ അധിഷ്ഠിതമായ ഒരു സമൂഹമായി പരിവര്‍ത്തിപ്പിക്കുന്നതിന് പ്രവാചക ദര്‍ശനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആറാം നൂറ്റാണ്ടിലെ ഇരുണ്ട യുഗത്തില്‍ നിന്നും മനുഷ്യന് വെളിച്ചം പകര്‍ന്ന് നല്‍കുകയും ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍ കുഴിച്ചു മൂടിയിരുന്ന കാടത്തത്തില്‍ നിന്ന് സമൂഹത്തെ സമുദ്ധരിച്ച് സംസ്‌കാര സമ്പന്നമായി പരിവര്‍ത്തനം ചെയ്യിപ്പിക്കാന്‍ പ്രവാചകന് സാധ്യമായി.

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ സമൂഹം ഒരുമിച്ച് നില്‍ക്കേണ്ട അടിയന്തിര സാഹചര്യമാണ് ഇന്നുള്ളത്. ഭരണ ഘടന അനുശാസിക്കുന്നത് പോലെ മതസൗഹാര്‍ദ്ദ ഊട്ടിയുറപ്പിക്കണമെന്നും എല്ലാ മതങ്ങള്‍ക്കും തുല്യ പ്രധാന്യം നല്‍കണമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. ഡോ. ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത മതസ്വാതന്ത്ര്യത്തിന്റെ മഹത്തായ പിമ്പലം കൊണ്ടാണ് രാജ്യത്ത് സ്‌നേഹവും സാഹോദര്യവും നിലനില്‍ക്കുന്നത്. ഉന്നത സംസ്‌കാര സമ്പന്നമായ രാജ്യത്തിന്റെ പൈതൃകം നിലനിര്‍ത്താന്‍ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സ്വാഗതം സംഘം ചെയര്‍മാന്‍. അബു ഹാജി അധ്യക്ഷനായി. വേദിയില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തി. എസ്.എം.കെ. തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, റഹ്മത്തുള്ള ഖാസിമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.