2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ദാരുണദൃശ്യങ്ങള്‍ അക്രമി ഫേസ്ബുക്കില്‍ ലൈവ് നല്‍കി

വെല്ലിങ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളികളില്‍ വെടിവയ്പു നടത്തിയ അക്രമി സംഭവത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ വിഡിയോ സംപ്രേഷണം ചെയ്ത് ലോകത്തെ ഞെട്ടിച്ചു.
ആസ്‌ത്രേലിയന്‍ സ്വദേശിയായ 28കാരന്‍ ബ്രാന്റോണ്‍ ടറന്റ് ആണ് വെടിവയ്പിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ തത്സമയം പങ്കുവച്ചത്.
ഹെല്‍മറ്റില്‍ കാമറ ഘടിപ്പിച്ചാണ് ടറന്റ് നിസ്‌കാരത്തിനെത്തിയവരെ നിസ്സങ്കോചം വെടിവച്ചുവീഴ്ത്തിയത്. അല്‍ നൂര്‍ പള്ളിയിലേക്ക് ആയുധ സാമഗ്രികള്‍ നിറച്ച വാഹനം ഓടിച്ചെത്തുന്നത് മുതലുള്ള ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു. പള്ളിയുടെ പ്രവേശന കവാടം മുതല്‍ അകത്തേക്ക് വെടിവച്ചുകൊണ്ടാണ് അക്രമി നീങ്ങിയത്.
ആളുകളെ തെരയുന്നതുപോലെ ഓരോ മുറികളിലേക്കും കടന്ന് വെടിവയ്ക്കുന്നതും രക്ഷപ്പെടാനായി ഓടുന്നവരേയും ഭീകരന്‍ ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിര തീരുന്നതിനുസരിച്ച് വീണ്ടും ലോഡ് ചെയ്യുന്നതും കാണാം.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വെടിവയ്പിന്റെ വിഡിയോദൃശ്യങ്ങള്‍ നീക്കണമെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഫേസ്ബുക്കും ട്വിറ്ററും മറ്റും അത് നീക്കം ചെയ്തിട്ടുണ്ട്.
മുസ്‌ലിംകളെ ആക്രമിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ലഘുലേഖകള്‍ ടറന്റ് ആക്രമണം നടത്തുന്നതിനു മുന്‍പ് ഫേസ്ബുക്ക് വഴി പങ്കുവച്ചു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍, നോര്‍വീജിയന്‍ കൂട്ടക്കൊലപാതകം നടത്തിയ തീവ്രവംശീയ വാദി ആന്‍ഡെഴ്‌സ് ബ്രവിക്, ഫിന്‍സ്ബറി പള്ളിയില്‍ ആക്രമണം നടത്തിയ ഡാരന്‍ ഒസ്‌ബോര്‍നെ എന്നിവരുടെ വിവരങ്ങളും ഈ ലഘുലേഖകളിലുണ്ടായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.