2020 April 08 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇവിടെ രക്ഷയില്ല

കൊടിക്കുന്നില്‍ സുരേഷ് എം.പി

ബി.ജെ.പിയെ നയിക്കുന്ന ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും മോദി അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ദളിതരെയും ന്യൂനപക്ഷങ്ങളെയും വേടയാടുകയാണ്. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശുസംരക്ഷണത്തിന്റെ പേരിലും ബീഫ് ഭക്ഷിക്കുന്നതിന്റെ പേരിലും ഗോരക്ഷകന്മാര്‍ അഴിച്ചു വിടുന്ന കിരാതമായ അക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ബഹുസ്വരത തകര്‍ത്തു ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനുള്ള സംഘപരിവാറിന്റെ ആസുത്രിതമായ നീക്കമാണു ദലിത്,ന്യൂനപക്ഷങ്ങള്‍ക്കു നേരേയുള്ള കൊടിയമര്‍ദനങ്ങളും കൊലപാതകങ്ങളും.

ബി.ജെ.പി സര്‍ക്കാരും സംഘപരിവാര്‍ സംഘടനകളും ദലിത്, ന്യൂനപക്ഷ മുക്തഭാരതം എന്ന മുദ്രാവാക്യം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുന്നതിന്റെ സൂചനകളാണ് ഉത്തരേന്ത്യയിലാകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ പീഡനങ്ങള്‍. സംഘപരിവാര്‍ സംഘടനകള്‍ സമ്പന്നവര്‍ഗത്തിന്റെ കുഴലൂത്തുകാരാണ്. പട്ടികജാതിക്കാരനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതും പിന്നോക്കക്കാരനെ പ്രധാനമന്ത്രിയാക്കിയതും ഈ ജനവിഭാഗത്തോടുള്ള പ്രതിബദ്ധത കൊണ്ടല്ല, ഈ ജനവിഭാഗങ്ങള്‍ക്കിടയില്‍ അടിത്തറ ഉറപ്പിച്ച് അധികാരത്തില്‍ വരാനും നിലനിര്‍ത്താനുമാണ്.
ഗുജറാത്തിലെ ഉനയില്‍ ദലിത് ചെറുപ്പക്കാരെ ഗോരക്ഷകന്മാര്‍ പരസ്യമായി അര്‍ധനഗ്നരാക്കി തല്ലിച്ചതച്ചത് മോദി ഭരണത്തിന്‍കീഴിലാണ്.
ബി.ജെ.പി ഭരിക്കുന്ന ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് എന്നീ സംസ്ഥനങ്ങളില്‍ നടക്കുന്ന ദലിത് വേട്ടയ്ക്ക് കൈയും കണക്കുമില്ല. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് എന്ന ആശ്രമവാസിയായ ആര്‍.എസ്.എസുകാരന്‍ മുഖ്യമന്ത്രിയായപ്പോള്‍ ദലിതര്‍ക്ക് നേരേ ഭയാനകമായ അതിക്രമങ്ങള്‍ അരംഭിച്ചു.

ബീഹാറില്‍ മഹാസഖ്യത്തെ തകര്‍ത്ത നീതീഷ്‌കുമാര്‍ ബി.ജെ.പിയുമായി സഖ്യമുണ്ടായി ഭരണം നിലനിര്‍ത്തിയപ്പോള്‍ സംഘപരിവാര്‍ സംഘടനകളും ഗോരക്ഷകന്മാരുടേയും അതിക്രമവും അഴിഞ്ഞാട്ടവും തുടങ്ങി. മഹാസഖ്യഭരണത്തില്‍ ബീഹാറില്‍ ദലിതരും ന്യൂനപക്ഷങ്ങളും സുരക്ഷിതരായിരുന്നെങ്കില്‍ ഇപ്പോള്‍ അവിടെയും പശു സംരക്ഷണത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ദേശീയതലത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ദലിതരോടു കാണിക്കുന്ന സമീപനംതന്നെയാണു കേരളത്തില്‍ പിണറായി സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. ‘എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യം അവതരിപ്പിച്ചു വോട്ടു നേടിവര്‍ ആദ്യം ശരിയാക്കിയത് കേരളത്തിലെ ദലിതരെയും ആദിവാസികളെയുമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ പിറ്റേ ആഴ്ചയാണു കുറ്റിമാക്കൂലില്‍ രണ്ടു ദലിത് പെണ്‍കുട്ടികളെ ജാതിപ്പേരു പറഞ്ഞു സഖാക്കള്‍ അധിക്ഷേപിച്ചത്. അതിനെ ചോദ്യം ചെയ്ത അവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു.

പിണറായി തിരഞ്ഞുപിടിച്ചു നിയമിച്ച ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ദലിത് വിരുദ്ധനാണെന്നു തെളിയിച്ചിരിക്കുന്നു. കേരളത്തില്‍ ഒരു കാലത്തും ഉണ്ടാകാത്തത്ര ദലിത്പീഡനങ്ങളും മൂന്നാംമുറയും പൊലിസ് സ്റ്റേഷനുകളില്‍ അരങ്ങേറുകയാണ്. നരേന്ദ്ര മോദിയുടെ മാനസപുത്രനായ ബെഹ്‌റ ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും ദലിത് വിരോധം കേരളത്തിലും പൊലിസിനെ ഉപയോഗിച്ചു നടപ്പാക്കുകയാണ്.

മുടി നീട്ടിവളര്‍ത്തിയ വിനായകന്‍ കുഴപ്പക്കാരനാണെന്ന നിഗമനത്തില്‍ പൊലിസ് ബലമായി ജിപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി മൃഗീയമായി മര്‍ദിച്ചു. തലമുടി പിഴുതെടുത്തു. നാഭിക്ക് ബൂട്ടിട്ടു ചവിട്ടി. ക്രൂരമായ മര്‍ദനത്തിന്റെ ആഘാതത്തില്‍ സ്റ്റേഷനില്‍നിന്നു മോചിതമായി വീട്ടില്‍ പോയ വിനായകന്‍ രാത്രിയില്‍ വീട്ടിലെ സ്വന്തം മുറിയില്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. വിനായകന്റെ ആത്മഹത്യയെ നിസ്സാരവല്‍ക്കരിച്ചു പെട്ടെന്നു പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം മറവുചെയ്യാനാണു പാവറെട്ടി പൊലിസ് വ്യഗ്രത കാട്ടിയത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം കുറ്റവാളികളായ പൊലിസുകാരെ സംരക്ഷിക്കുവാനുള്ള അടവാണ്. വിനായകനെ കസ്റ്റഡിയിലെടുത്ത് മര്‍ദിക്കുമ്പോള്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഡി.വൈ.എസ്.പി എന്നീ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാതെ മൂന്നു കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തത് അംഗീകരിക്കാനാവില്ല. വിനായകന്റെ ആത്മഹത്യയിലേക്ക് നയിച്ച ഈ പൈശാചികമായ നരനായാട്ടിനെക്കുറിച്ചു സി.ബി.ഐ അന്വേഷിക്കണം. വിനായകന്റെ ജ്യേഷ്ഠനു സര്‍ക്കാര്‍ ജോലി കൊടുക്കണം. കുടുംബത്തിന് ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം.

എല്‍.ഡി,എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ക്രൈം റിക്കാര്‍ഡ് ബ്യൂറോയില്‍നിന്നു ലഭ്യമായ കണക്കുകള്‍ പ്രകാരം 155 ദലിത് സത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും 853 ദലിത് പീഡന കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുകയുമുണ്ടായി. 28 കസ്റ്റഡിമര്‍ദനങ്ങളും പന്ത്രണ്ടോളം കസ്റ്റഡിമരണങ്ങളുമാണ് ദലിത് ആദിവാസികള്‍ക്കു നേരേ നടന്നത്. സി.പി.എമ്മും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നടത്തുന്ന ദലിത് പീഡനങ്ങള്‍ അതീവ ഗൗരവമുള്ളതാണ്.

പിണറായി സര്‍ക്കാര്‍ ലാഘവത്തോടെയാണു പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ കാണുന്നതെങ്കില്‍ ശക്തമായ സമരമാര്‍ഗങ്ങള്‍ നേരിടേണ്ടി വരും. ദലിതരെയും ആദിവാസികളെയും ഏതു വിധത്തിലും കൈകാര്യം ചെയ്യാമെന്നാണു കരുതുന്നതെങ്കില്‍ അതു മിഥ്യാധാരണയാണെന്ന് സര്‍ക്കാരിന് അധികം താമസിയാതെ ബോധ്യപ്പെടും. കേരളത്തിലെ ദളിത്-ആദിവാസി പീഡനങ്ങള്‍ അവസാനിപ്പിക്കുവാന്‍ നടപടിയെടുക്കാതെ ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാരിന് ശക്തമായ താക്കിത് നല്‍കിക്കൊണ്ടാണ് ആഗസ്റ്റ് 21 ന് ഞാന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ 24 മണിക്കൂര്‍ ഉപവാസം നടക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സംരക്ഷണവും സുരക്ഷിതത്വവും നല്‍കാന്‍ ബാധ്യസ്ഥരായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടുകള്‍ തിരുത്തണം. വിനായകനും രോഹിത് വെമുലമാരും ഇനിയും നമ്മുടെ രാജ്യത്ത് ആവര്‍ത്തിക്കുവാന്‍ പാടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.