2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം ആസ്‌ത്രേലിയക്ക്

ബാര്‍ബഡോസ്: ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തി ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം ആസ്‌ത്രേലിയ സ്വന്തമാക്കി. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ 58 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസിന്റെ കിരീട നേട്ടം. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 270 റണ്‍സ് നേടി. വിജയം തേടിയിറങ്ങിയ വിന്‍ഡീസ് 45.4 ഓവറില്‍ 212 റണ്‍സിനു പുറത്തായി.
അഞ്ചു വിക്കറ്റ് പിഴുത പേസര്‍ ജോഷ് ഹേസല്‍വുഡാണ് 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ പിടിച്ചുനിര്‍ത്തിയത്. മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. 45 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സും 40 റണ്‍സ് നേടിയ ദിനേശ് രാംദിനുമാണ് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
നേരത്തെ മാത്യൂ വേഡിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ഓസീസ് മികച്ച സ്‌കോര്‍ നേടിയത്. വേഡ് 57 റണ്‍സ് നേടി. ആരോണ്‍ ഫിഞ്ച് (47), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (46), മിച്ചല്‍ മാര്‍ഷ് (32) എന്നിവരും ബാറ്റിങില്‍ തിളങ്ങി. വിന്‍ഡീസിനായി ഹോള്‍ഡറും ഷാനോണ്‍ ഗബ്രിയേലും രണ്ടു വീതം വിക്കറ്റുകള്‍ നേടി.
ബാറ്റിങിലും ബൗളിങിലും തിളങ്ങിയ മിച്ചല്‍ മാര്‍ഷാണ് ഫൈനലിലെ താരം. ജോഷ് ഹേസല്‍വുഡ് പരമ്പരയുടെ താരമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.