2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ത്രിപുരയില്‍ മുതിര്‍ന്ന സി.പി.എം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു

 

അഗര്‍ത്തല: ത്രിപുരയില്‍ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ബിശ്വജിത്ത് ദത്ത രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടിയിലെ വിമത നീക്കം, അഴിമതി, അക്രമപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മനംമടുത്താണ് രാജിവച്ച് ബി.ജെ.പിയില്‍ ചേരുന്നതെന്നാണ് അദ്ദേഹം അറിയിച്ചത്. 68കാരനായ ദത്ത 1964 മുതല്‍ സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.
അഗര്‍ത്തലയില്‍ നിന്ന് 50 കി.മീറ്റര്‍ അകലെയുള്ള ഖൊവായി ജില്ലയിലെ ബി.ജെ.പിയുടെ ഒരു മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനിടയിലായിരുന്നു നാടകീയമായി ദത്ത ബി.ജെ.പിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതായി ബി.ജെ.പി ദേശീയ സെക്രട്ടറിയും ത്രിപുരയുടെ ചുമതലയുമുള്ള സുനില്‍ ദിയോദര്‍ അറിയിച്ചു.
അതേസമയം ദത്തയുടെ നടപടി ക്രൂരവും ഇതിന് പിന്നില്‍ ഗൂഢാലോചനയുള്ളതായും സി.പി.എം സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നു അദ്ദേഹമെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. ത്രിപുര തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിശ്വജിത്ത് ദത്ത ആശുപത്രിയിലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് സീറ്റ് നല്‍കാതെ മറ്റൊരാള്‍ക്കാണ് സീറ്റ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളും അദ്ദേഹം രാജിവച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അപ്പോഴേക്കും അസുഖ ബാധിതനായി അദ്ദേഹം ആശുപത്രിയിലായി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരോഗ്യപരമായി തനിക്ക് കഴിയില്ലെന്ന് പ്രഖ്യാപിച്ച് സീറ്റ് നിഷേധിക്കുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്തതെന്ന് ദത്ത ആരോപിച്ചിരുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞാണ് താന്‍ പാര്‍ട്ടി മാറിയതെന്ന് അദ്ദേഹം ഇന്നലെ വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.