2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ത്യാഗസ്മരണയില്‍ ലോക മുസ്‌ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു; ഹജ്ജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്

നിസാര്‍ കലയത്ത്

മക്ക: ദുല്‍ഹിജ്ജ പത്താംദിനമായ ഇന്നലെ ലോക മുസ്‌ലിംകള്‍ ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. ലോകസമാധാനത്തിനും ശാന്തിക്കും വേണ്ടിയുള്ള പ്രാര്‍ഥനകളായിരുന്നു പള്ളികളിലും ഈദ് ഗാഹുകളിലും മുഴങ്ങിക്കേട്ടത്. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശം പരസ്പരം കൈമാറിയ വിശ്വാസികള്‍ വ്യത്യസ്തമായ ആഘോഷ പരിപാടികളില്‍ പങ്കുകൊണ്ടു. ദൈവകല്‍പ്പന പ്രകാരം സ്വന്തം മകനെ ബലിയറുക്കാന്‍ സന്നദ്ധനായ ഇബ്‌റാഹീം നബിയുടെ ത്യാഗസന്നദ്ധതയെ അനുസ്മരിച്ച വിശ്വാസികള്‍ ബലിമൃഗങ്ങളെ അറുത്ത് പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.

ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ തീര്‍ഥാടകര്‍ ഇന്നലെ അറഫയില്‍ നിന്ന് മിനായിലേക്ക് തിരിച്ചെത്തി. മൂന്ന് ദിവസം ഇവിടെ താമസിച്ച് പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്ന ചടങ്ങും പൂര്‍ത്തിയാക്കി കഅബയെ വിടവാങ്ങല്‍ പ്രദക്ഷിണം വച്ച് ഹജ്ജ് കര്‍മങ്ങള്‍ക്ക് വിരാമം കുറിക്കും. പെരുന്നാള്‍ ദിനമായ ഇന്നലെ പ്രധാന കര്‍മങ്ങള്‍ക്കു ശേഷം മുടിമുറിച്ചും തലമുണ്ഡനം ചെയ്തും ഏറെ പേര്‍ ഇഹ്‌റാം വസ്ത്രത്തില്‍ നിന്നൊഴിവായി.

ജംറകളിലെ കല്ലേറിനായി എത്തുന്ന ഹാജിമാരെ നിയന്ത്രിക്കാന്‍ വിപുലമായ സുരക്ഷാ സംവിധാനമാണ് പോലിസ് ഒരുക്കിയിരിക്കുന്നത്. നേരത്തേ ഇവിടെയുണ്ടായ തിരക്ക് വന്‍ ദുരന്തത്തില്‍ കലാശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്.

തട്ടുകളായി നിര്‍മിച്ച ശീതീകരിച്ച കെട്ടിടസമുച്ഛയത്തില്‍ കയറിയാണ് തീര്‍ഥാടകര്‍ ജംറകളിലേക്ക് കല്ലെറിയുക. തിരക്കു കുറയ്ക്കുന്നതിനായി ഓരോ രാജ്യക്കാര്‍ക്കും വ്യത്യസ്ത സമയങ്ങള്‍ കല്ലേറിനായി അനുവദിച്ചുനല്‍കിയിട്ടുണ്ട്. നന്‍മയില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ ആട്ടിയകറ്റിയ ഇബ്‌റാഹീം നബിയുടെ പ്രവൃത്തിയെ അനുസ്മരിച്ചാണ് തിന്‍മകളുടെ ശക്തികളില്‍ നിന്നുള്ള മോചനമെന്ന സന്ദേശവുമായി വിശ്വാസികള്‍ ജംറകളില്‍ കല്ലേറ് നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News