2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ത്യാഗം, പാപമോചനം, പുതുജീവിതം

  • വിശുദ്ധ ഹജ്ജ് പരിസമാപ്തിയിലേക്ക്
  • ഹാജിമാര്‍ നാളെ മുതല്‍ മിനായില്‍ നിന്ന് വിടവാങ്ങിത്തുടങ്ങും
അബ്ദുസ്സലാം കൂടരഞ്ഞി

മിന: അറഫയില്‍ പാപമോചനം തേടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചും, മുസ്ദലിഫയിലെ കല്ലും പാറകളും നിറഞ്ഞ പരുക്കന്‍ തറയില്‍ ആകാശം കൂടാരമാക്കി ഒരു രാത്രി അന്തിയുറങ്ങിയും ഒടുവില്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലെറിഞ്ഞും പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് ഹാജിമാര്‍ നാളെ മുതല്‍ മിന താഴ്‌വാരം വിട്ടിറങ്ങും. ആദ്യ കല്ലേറ് ദിവസമായ ഇന്നലെ ഹാജിമാര്‍ സുഖകരമായാണ് ജംറതുല്‍ അഖബയിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയത്. ഇന്ന് ഹാജിമാര്‍ പിശാചിന്റെ പ്രതീകങ്ങളായ ജംറതുല്‍ ഊല, ജംറതുല്‍ വുസ്ത്വാ, ജംറതുല്‍ അഖബ എന്നീ സ്തൂപങ്ങളില്‍ ഏഴു വീതം കല്ലെറിയല്‍ ചടങ്ങു പൂര്‍ത്തിയാക്കും. 

നാളത്തെ കല്ലേറ് കര്‍മം കൂടി പൂര്‍ത്തിയായാല്‍ മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മഗ്‌രിബ് നിസ്‌കാരത്തിന് മുന്‍പായി മിനാ താഴ്‌വരയില്‍ നിന്ന് യാത്രയാകും. അല്ലാത്തവര്‍ അന്ന് കൂടി മിനായില്‍ കഴിച്ചുകൂട്ടി വെള്ളിയാഴ്ച്ചയിലെ കല്ലേറിനു ശേഷം മഗ്‌രിബിനു മുന്‍പ് മടങ്ങും.
തിങ്കളാഴ്ചയിലെ അറഫ സമ്മേളനത്തിന് ശേഷം രാത്രി മുസ്ദലിഫയില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്നലെ രാവിലെ മിനായിലേക്ക് മടങ്ങി ആദ്യത്തെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി. ജംറ പാലത്തിനു മുകളിലും താഴെയുമായി പാല്‍കടല്‍ പോലെ നിറഞ്ഞൊഴുകിയ ഹാജിമാര്‍ തിന്മയുടെ പ്രതീകമായ ജംറതുല്‍ അഖബയിലാണ് ചൊവ്വാഴ്ച്ച കല്ലെറിഞ്ഞത്. ഹജ്ജ് കര്‍മത്തില്‍ ഏറ്റവും തിരക്കേറിയതും അപകട സാധ്യതയേറിയതുമാണ് ബലി പെരുന്നാള്‍ ദിനത്തിലെ ഈ കര്‍മം. തിരക്കുകളും അനിഷ്ട സംഭവങ്ങളും ഇല്ലാതിരിക്കാന്‍ വേണ്ടണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്കും ആഭ്യന്തര ഹാജിമാര്‍ക്കും പ്രത്യേക സമയ ക്രമങ്ങള്‍ അനുവദിച്ചു നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ എട്ടു മണിയോടെ തന്നെ കല്ലേറ് കര്‍മം നിര്‍വ്വഹിക്കാനായി മിനയില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച ജംറയിലെ കല്ലേറിനു ശേഷം തല മുണ്ഡനം ചെയ്തു ഇഹ്‌റാമില്‍ നിന്നും മുക്തരായ ഹാജിമാര്‍ സാധാരണ വസ്ത്രം ധരിച്ചതോടെ പാല്‍കടല്‍ കണക്കെ നിന്ന മിനാ താഴ്‌വാരം വര്‍ണ്ണ വൈവിധ്യങ്ങളാല്‍ നിറഞ്ഞു. പിന്നീട് ഇവര്‍ മക്കയിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ് യും പൂര്‍ത്തിയാക്കി മിനായിലെ ടെന്റിലേക്ക് തന്നെ നീങ്ങി.
നാളെ മുതല്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മക്കയില്‍ തിരിച്ചെത്തി വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങും. നേരത്തെ മദീന സന്ദര്‍ശനം നടത്താത്തവര്‍ മദീനയില്‍ പോയി റൗളാ ശരീഫ് സന്ദര്‍ശനവും മറ്റു സിയാറത്തുകളും പൂര്‍ത്തീകരിച്ചാണ് നാട്ടിലേക്ക് മടങ്ങുക. ഏറ്റവും സുപ്രധാന കര്‍മ്മങ്ങളായ മിന താമസവും അറഫ സംഗമവും അപകടം നിറഞ്ഞ ആദ്യ ദിവസത്തെ കല്ലേറും സുഗമമായി പര്യവസാനിച്ചതിന്റെ ആശ്വാസത്തിലാണ് സഊദി ഭരണ കൂടവും ഹജ്ജ്, ഉംറ മന്ത്രാലയവും. പഴുതടച്ചുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളുമായിരുന്നു നടത്തിയിരുന്നത്.
അതിനിടെ ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വ്വഹിച്ചവരുടെ കണക്കുകള്‍ ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്ക് പുറത്തു വിട്ടു. വിദേശികളും ആഭ്യന്തര തീര്‍ത്ഥാടകരുമടക്കം 23,71,675 പേരാണ് ഹജ്ജ് നിര്‍വ്വഹിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് 1,758,722 ഹാജിമാരും സഊദിക്കകത്തു നിന്നും 612.953 ഹാജിമാരുമാണ് ഈ വര്‍ഷത്തെ ഹജ്ജിനെത്തിയത്.

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

കോഴിക്കോട്: ത്യാഗത്തിന്റെ പ്രതീകമായ പ്രവാചകന്‍ ഇബ്‌റാഹിം നബി(അ)ന്റെയും മകന്‍ ഇസ്മാഈല്‍ നബി (അ)ന്റെയും ത്യാഗസ്മരണകളുമായി ലോകം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ നൊമ്പരകാഴ്ചകള്‍ക്കിടയിലാണ് കേരളത്തില്‍ പെരുന്നാള്‍ എത്തുന്നത്.
മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട സഹോദരങ്ങളുടെ ദുരിതം നീക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി പെരുന്നാള്‍ ദിനത്തില്‍ മുന്നിട്ടിറങ്ങാനുള്ള തയാറെടുപ്പിലാണ് വിവിധ സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും. പെരുന്നാള്‍ നിസ്‌കാരത്തിനും കുടുംബവീടുകളിലെയും മറ്റും സൗഹൃദ സന്ദര്‍ശനത്തിനും ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താനാണ് ഇവരുടെ തീരുമാനം.
ദുരിതബാധിതകര്‍ക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റും പലയിടത്തും വിതരണം ചെയ്തുകഴിഞ്ഞു. രാവിലെ നിസ്‌കാരത്തിനും ഖുത്ബക്കും ശേഷം ബന്ധു വീടുകളിലും മറ്റും സന്ദര്‍ശനം നടത്തി സൗഹൃദവും കുടുംബബന്ധങ്ങളും പുതുക്കും. ഒമാനടക്കം ആറു ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.