2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

തോവാളയില്‍ ഇത് പൂക്കാലം; കര്‍ഷകര്‍ക്ക് മഴ ഇരുട്ടടിയായി

ബിനുമാധവന്‍

പാറശാല: കേരളത്തിന്റെ പൂക്കൂട എന്ന് വിശേഷിപ്പിക്കുന്ന തോവാള ഗ്രാമത്തിലെ പുഷ്പ കര്‍ഷകര്‍ക്ക് മഴ ഇരുട്ടടിയാണ് നല്‍കിയത്. ഓണവും വിവാഹങ്ങളും മറ്റ് ഉത്സവങ്ങളും മുന്നില്‍ കണ്ട് കൃഷിയിറക്കിയവര്‍ക്കാണ് കേരളത്തിലെയും കന്യാകുമാരിയിലെയും കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതവും പട്ടിണിയും സമ്മാനിച്ചത്. കേരളത്തില്‍ വെള്ളപ്പൊക്കവും കനത്ത മഴയും തുടരുന്ന സാഹചര്യത്തില്‍ ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ചതും തോവാളയിലെ തന്ന പുഷ്പ കൃഷിയ്ക്ക് മഴയെത്തുടര്‍ന്ന് ഏറെ നാശം സംഭവിച്ചതിലൂടെയും പശ്ചിമഘട്ടത്തിലെ ഈ ചെറു ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് കോടികണക്കിന് രൂപയുടെ നാശ നഷ്ടമാണ് ഇക്കുറി സംഭവിച്ചത്. ഓണത്തിന് മുന്നോടിയായുള്ള അത്ത മഹോത്സവത്തിന് തുടക്കമായെങ്കിലും കേരളത്തില്‍ നിന്നും തൊവാളയിലേയ്ക്കുള്ള പുഷ്പ വ്യാപാരികളുടെയും യുവാക്കളുടെയും വരവ് പതിവിന് വിപരീതമായി മാറിയിരിക്കുകയാണ്. ആവശ്യത്തിന് പൂവിന്റെ ലഭ്യത കുറഞ്ഞതിനാല്‍ ഉള്ള പുഷ്പ്പങ്ങള്‍ക്കു തന്നെ ഭാരിച്ച വിലയാണ് ആവശ്യക്കാര്‍ക്ക് നല്‍കേണ്ടി വരുന്നത്.
പഴയ തിരുവിതാംകൂറിന്റെ ഭാഗമാണ് ഈ പൂഗ്രാമം. നാഗര്‍കോവിലില്‍ നിന്നും തിരുനെല്‍വേലി പാതയില്‍ രണ്ടു വനങ്ങള്‍ വേര്‍തിരിയുന്ന ചുരമുണ്ട്. ആരുവായ്‌മൊഴിയെന്ന പഴയ തിരുവിതാംകൂറിന്റെ അതിര്‍ത്തി. ആ ചുരത്തിലാണ് പൂക്കളുടെ ഗ്രാമമായ തോവാള നില കൊള്ളുന്നത്. നാഗര്‍കോവില്‍ നിന്ന് അരമണിയ്ക്കൂര്‍ യാത്ര. നീണ്ടുകിടക്കുന്ന പാടശേഖരങ്ങളില്‍ പൂക്കള്‍ സമൃദ്ധിയായി വളരുന്നു. ഓണത്തിന് സാധാരണ ഇവിടെ നിന്ന് എത്തുന്ന പുഷ്പങ്ങളില്‍ മുല്ലയും പിച്ചിയും താമരയും വാടാമല്ലിയും രാജമല്ലിയും റോസയും മുന്‍പന്തിയില്‍ നില്‍ക്കുന്നു. പശ്ചിമഘട്ടത്തില്‍ എപ്പോഴും വീശിയടിക്കുന്ന കാറ്റില്‍ പൂത്തുലയുന്ന സൗന്ദര്യത്തെ വാങ്ങാന്‍ എല്ലാ വര്‍ഷവും ഓണത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഇക്കുറി ആ തിരക്കില്ല. കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നും ആള്‍ക്കാര്‍ ഇവിടെ പൂക്കള്‍ വാങ്ങാന്‍ എത്താറുണ്ട്.
തിരുവിതാംകൂര്‍ രാജാക്കന്‍മാരാണ് ഇവിടുത്തെ പൂഷ്പ കൃഷിയ്ക്കായി സഹായം ചെയ്തു നല്‍കിയത്. തോവാളയിലെ പ്രത്യേക സാഹചര്യം മനസിലാക്കി അതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കാന്‍ അന്നത്തെ ദിവാന്‍ രാമയ്യന്‍ ദളവയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതോടുകൂടിയാണ് ഇവിടെ പൂ ഗ്രാമം ജനിക്കുന്നത്. അയിത്തം നിലനിന്ന കാലം പൂ വാങ്ങാന്‍ ഇവിടെ ആരും എത്തിയില്ല. സ്ഥിതി മനസിലാക്കിയ രാജാവ് ഒരു ഉത്തരവ് ഇറക്കുകയുണ്ടായി. പത്മനാഭപുരം കൊട്ടാരത്തിലും പത്മനാഭ സ്വാമി ക്ഷേത്രത്തിലും പൂക്കള്‍ തോവാളയില്‍ നിന്ന് എത്തിക്കാനായിരുന്നു ആ ഉത്തരവ്. അത് നിലവില്‍ വന്നതോടെ പൂക്കളോടുള്ള അയിത്തം മാറുകയായിരുന്നു. കാലം മാറിയപ്പോള്‍ തോവാളയും മാറി. അവിടെ പൂ കൃഷി വ്യാപകമായി.
തിരുവനന്തപുരത്തുളള ചാല മാര്‍ക്കറ്റില്‍ പൂക്കള്‍ എത്തുന്നതും തോവാളയില്‍ നിന്നുമാണ്. തോവാളയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ചന്ത സ്ഥാപിച്ചിട്ടുണ്ട്. ഈ ചന്തയില്‍ നിന്ന് വില പേശി പൂക്കള്‍ വാങ്ങാം. പുലര്‍ച്ചെ രണ്ട് മുതല്‍ ചന്ത ആരംഭിക്കും. പൂ ചന്ത തീരുമാനിക്കുന്നത് വ്യാപാരികളാണ്. തോവാളയില്‍ വ്യാപാരി സംഘടനകളുമുണ്ട്. ഓരോ ദിവസത്തെ ആവശ്യക്കാരുടെ കണക്കനുസരിച്ച് ഇവര്‍ വില നിശ്ചയിക്കും. പിച്ചിയും മുല്ലയും എത്തുമ്പോള്‍ ഒന്‍പത് മണി കഴിയും. മുല്ല (അറേബ്യന്‍ ജാസ്മിന്‍), പിച്ചി (സ്പാനിഷ് ജാസ്മിന്‍) എന്നിവയ്ക്കാണ് ഡിമാന്റ്. ബാംഗ്ലൂര്‍, ഒസൂര്‍, നിലക്കോട്ട ഭാഗങ്ങളില്‍ നിന്ന് നേരിട്ട് കേരളത്തിലേയ്ക്ക് പൂക്കള്‍ എത്തുന്നുണ്ടെങ്കിലും തോവാളയില്‍ ലഭിക്കുന്ന വിലയ്ക്ക് തിരുവനന്തപുരത്ത് പൂക്കള്‍ ലഭിക്കില്ല.
തോവാളയില്‍ ഏതാണ്ട് അയ്യായിരത്തോളം കര്‍ഷകര്‍ പുഷ്പ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി വ്യാപാരികള്‍ പറയുന്നു. തോവാള മാര്‍ക്കറ്റിലെ വ്യാപാരികള്‍ ചിങ്ങമാസത്തെ സാധാരണ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ ഇക്കുറി പ്രതീക്ഷ തെറ്റുകയായിരുന്നു. തോവാളയില്‍ 60 ഓളം വ്യാപാരികളുണ്ട്. വിവാഹ ആവശ്യത്തിനും മറ്റും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ തോവാള കാവല്‍ കിണറില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു മാര്‍ക്കറ്റ് സമുച്ചയം തീര്‍ത്തിട്ടുണ്ട്. മാത്രമല്ല ഇവിടെ ഫ്‌ളോറി കള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ എന്ന സ്ഥാപനവും തുടങ്ങുകയുണ്ടായി. കേരളത്തിന്റെ സ്വന്തം പൂക്കൂടയായ തോവാള കേരളത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയത് മലയാളിയ്ക്ക് തീരാനഷ്ടം തന്നെയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News