2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

തോല്‍വിശാപം മാറാതെ ഡല്‍ഹി; ഗോവ ഒന്നാം സ്ഥാനത്ത്

 

മഡ്ഗാവ്: ഐ.എസ്.എല്ലില്‍ തോല്‍വി ശാപം വിട്ടൊഴിയാതെ ഡല്‍ഹി ഡൈനാമോസ്. ഇന്നലെ ലീഗില്‍ കരുത്തരായ എഫ്.സി ഗോവയുമായി ഏറ്റുമുട്ടിയ ഡല്‍ഹി രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പൊരുതിത്തോറ്റു. എഡു ബഡിയ നേടിയ ഇരട്ടഗോളാണ് ഗോവയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഗോവയ്ക്കായി ബ്രണ്ടന്‍ ഫെര്‍ണാണ്ടസും ഗോള്‍ കണ്ടെത്തി. ബിക്രംജീത് സിങും ലാലിന്‍സുവാല ചാങ്‌തെയുമാണ് ഡല്‍ഹിയുടെ ഗോള്‍ സ്‌കോറര്‍മാര്‍. ജയത്തോടെ ഗോവ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതയ്ക്ക് മങ്ങലേറ്റു. ആറ് കളികളില്‍നിന്ന് നാല് ജയവും ഓരോ വീതം സമനിലയും തോല്‍വിയും വഴങ്ങിയ ഗോവയ്ക്ക് 13 പോയിന്റാണുള്ളത്. അതേസമയം, സീസണില്‍ എട്ടു മത്സരങ്ങളില്‍ ഇറങ്ങിയ ഡല്‍ഹി നാല് വീതം സമനിലയും തോല്‍വിയും വഴങ്ങി നിലവില്‍ പൂനെയ്ക്ക് മുന്‍പിലായി ഒന്‍പതാം സ്ഥാനത്താണ്. രണ്ട് തവണ ലീഡെടുത്ത ശേഷമാണ് ഡല്‍ഹിയെ വീണ്ടും പരാജയം പിടികൂടിയത്. മത്സരത്തില്‍ അനവധി അവസരങ്ങള്‍ ഡല്‍ഹി മുന്നേറ്റത്തിന് ലഭിച്ചെങ്കിലും ഫിനിഷിങിലെ പാളിച്ച അവര്‍ക്ക് വില്ലനായെത്തുകയായിരുന്നു.
ആറാം മിനുട്ടില്‍ ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ ബിക്രംജീത് സിങിലൂടെ ഡല്‍ഹി അക്കൗണ്ട് തുറക്കുകയായിരുന്നു. കര്‍മോണയുടെ പാസില്‍ നിന്നായിരുന്നു ഡല്‍ഹിയുടെ ആദ്യ ഗോള്‍ പിറന്നത്. തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ നാല് അവസരങ്ങള്‍ ഡല്‍ഹിയെ തേടി എത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ മുന്നേറ്റ നിരയ്ക്ക് കഴിയാത്തതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഡല്‍ഹി 1-0ന് മുന്നിട്ടു നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വന്തം മൈതാനത്ത് ഗോവ കരുത്താര്‍ജിച്ച് പന്ത് തട്ടുന്നതാണ് കണ്ടത്. 54ാം മിനുട്ടില്‍ എഡു ബഡിയ സമനില ഗോള്‍ നേടിയത് ഇതിനൊരു തെളിവാണ്. തുടര്‍ന്നും ഡല്‍ഹിക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചപ്പോള്‍ 70-ാം മിനുട്ടില്‍ അവര്‍ വീണ്ടും ലീഡ് കണ്ടെത്തി. നന്ദകുമാറിന്റെ പാസിനെ വലയിലേക്ക് എത്തിക്കേണ്ട കാര്യമേ ഗോള്‍സ്‌കോററായ ലാലിന്‍സുവാല ചാങ്‌തെയ്ക്ക് വന്നുള്ളൂ. വീണ്ടും സമനിലയ്ക്ക് വേണ്ടി പോരാടിയ ഗോവ 82ാം മിനുട്ടില്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിലൂടെ ഒപ്പമെത്തി. തുടര്‍ന്ന് നിര്‍ണായകമായ ലീഡ് സ്വന്തമാക്കാനായി ഇരു ടീമിലെയും താരങ്ങള്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കിയപ്പോള്‍ അതുവരെ തുടര്‍ച്ചയായി ലീഡ് സ്വന്തമാക്കിയിരുന്ന ഡല്‍ഹിയെ ഞെട്ടിച്ചുകൊണ്ട് ഇത്തവണ ഗോവ ലീഡിന്റെ ആനുകൂല്യം നേടിയെടുത്തു. എഡു ബഡിയയുടെ രണ്ടാം ഗോളാണ് ഡല്‍ഹിക്ക് ആശ്വാസമേകിയത്. ലീഡെടുത്തതോടെ പ്രതിരോധം കാത്തുസൂക്ഷിച്ചു കളിച്ച ഗോവയ്ക്ക് വിള്ളല്‍ വീഴ്ത്താന്‍ ഡല്‍ഹിക്ക് കഴിയാതെ പോയി. അതോടെ 3-2ന്റെ ജയം ഗോവയ്‌ക്കൊപ്പം നിന്നു. ജയത്തോടെ ഗോവ ഇരട്ടി മധുരം നുകര്‍ന്നപ്പോള്‍ ഡല്‍ഹിക്കത് ഇരട്ടപ്രഹരമായി. ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News