2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തോറ്റപ്പോള്‍ കീഴടങ്ങി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതായി സുപ്രിംകോടതി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തു രാഷ്ട്രപതി ഭരണം അവസാനിക്കുന്നതായും ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായി തുടരുമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി സുപ്രിംകോടതിയില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഹരീഷ് റാവത്ത് വിജയിച്ചിരുന്നു. മുദ്രവച്ച കവറില്‍ എത്തിച്ച വോട്ടെടുപ്പ് ഫലം സുപ്രിംകോടതി പ്രഖ്യാപിച്ചതോടെ ഒന്നര മാസത്തോളമായി തുടര്‍ന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കു സമാപ്തിയായി. മാര്‍ച്ച് 27നാണ് കേന്ദ്ര ശുപാര്‍ശയോടെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നത്.

 
വോട്ടെടുപ്പിന്റെ തലേന്നുവരെ പ്രതീക്ഷ കൈവിടാതിരുന്ന ബി.ജെ.പി ഫലംവന്നതോടെ തോറ്റു തുന്നംപാടിയ അവസ്ഥയിലായിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര, എസ്.കെ സിങ് എന്നിവര്‍ ഈ കേസിലേക്കു കടക്കുംമുന്‍പുതന്നെ വോട്ടെടുപ്പില്‍ റാവത്ത് ജയിച്ചതായും രാഷ്ട്രപതി ഭരണം പിന്‍വലിച്ച് അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതില്‍ കേന്ദ്രത്തിന് എതിര്‍പ്പില്ലെന്നുമായിരുന്നു അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം. കേന്ദ്രം തോറ്റതിനാല്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കണമെന്ന രീതിയില്‍ പരാമര്‍ശം ഉണ്ടാകുന്നതിനു മുന്‍പുതന്നെ കേന്ദ്രത്തിന്റെ സൗജന്യത്തില്‍ റാവത്ത് വീണ്ടും മുഖ്യമന്ത്രിയായിക്കോട്ടെ എന്ന രീതിയിലാണ് അറ്റോര്‍ണി ജനറല്‍ പ്രതികരിച്ചതെന്നതു ശ്രദ്ധേയമാണ്.
കോടതിയിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയും വോട്ടെടുപ്പ് നീതിപൂര്‍വകമായിരുന്നെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ ഉത്തരാഖണ്ഡില്‍ കേന്ദ്രം ജനാധിപത്യം നടപ്പാക്കിയെന്നു സുപ്രിംകോടതി രേഖകളില്‍ കുറിച്ചു.

 

വിശ്വാസവോട്ടു നേടിയ ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യനാണെന്നു സ്ഥിരീകരിച്ച സുപ്രിംകോടതി, രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവ് മേശപ്പുറത്തുവയ്ക്കാന്‍ അറ്റോര്‍ണി ജനറലിനോടു നിര്‍ദേശിച്ചു.

 
71 അംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ ഒന്‍പതു വിമത കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയോഗ്യത കാരണം വോട്ടെടുപ്പില്‍ പങ്കെടുക്കാനായിരുന്നില്ല. ഇതോടെ അംഗബലം 62 ആയി കുറഞ്ഞിരുന്നു. വോട്ടെടുപ്പില്‍നിന്നു സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ച്വാള്‍ മാറിനിന്നതോടെ അംഗബലം 61 ആയി. ഇതില്‍ 33 പേരുടെ പിന്തുണയുമായാണ് ഹരീഷ് റാവത്ത് വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടിയത്.

 
അതേസമയം, രാഷ്ട്രപതി ഭരണത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തു ഹരീഷ് റാവത്ത് സമര്‍പ്പിച്ച ഹരജി നിലനില്‍ക്കുമെന്നും നിയമപരമായ അവലോകനം നടത്തുമെന്നും കോടതി അറിയിച്ചു. അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജിയും പരിഗണനയിലാണ്. ഈ എം.എല്‍.എമാരെ അയോഗ്യരാക്കിയതു സ്വേച്ഛാധിപത്യരമാണെന്നു കോടതി വിധിച്ചാല്‍ ഇവര്‍ സഭയിലെത്താനും വീണ്ടും വിശ്വാസവോട്ട് നടക്കാനും സാധ്യതയുണ്ട്. ഇക്കാര്യം ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കുകയും ചെയ്തു.

 
മോദി പാഠം പഠിച്ചുകാണുമെന്നു രാഹുലിന്റെ ട്വീറ്റ്

 

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
അവര്‍ ഏറ്റവും വൃത്തികെട്ട രീതിയില്‍ പെരുമാറിയെന്നും തങ്ങള്‍ ഏറ്റവും നന്നായി പെരുമാറിയെന്നും ജനാധിപത്യം ഉത്തരാഖണ്ഡില്‍ വിജയിച്ചെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍, മോദിജി പാഠം പഠിച്ചെന്നു കരുതാം, ഇന്ത്യയിലെ ജനങ്ങള്‍ ജനാധിപത്യ ധ്വംസനം ഒരിക്കലും പൊറുക്കുകയില്ല എന്നും ട്വീറ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News