2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

തോക്ക് ചൂണ്ടി മോഷണം: സുരക്ഷയില്ലെങ്കില്‍ പമ്പുകള്‍ രാത്രി തുറക്കില്ലെന്ന് ഉടമകള്‍

കോഴിക്കോട്: മതിയായ സുരക്ഷ ഒരുക്കിയില്ലെങ്കില്‍ ഇനി പമ്പുകള്‍ രാത്രികളില്‍ തുറക്കില്ലെന്ന് ഉടമകള്‍. തോക്ക് ചൂണ്ടിയും അക്രമം നടത്തിയും രാത്രികാലങ്ങളില്‍ പമ്പുകളില്‍നിന്ന് പണം കവരുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് രാത്രി പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതിനെ കുറിച്ച് ഉടമകള്‍ ആലോചിക്കുന്നത്. ജില്ലയില്‍ അന്‍പതിലേറെ പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതിലും സുരക്ഷയൊന്നുമില്ല. പലതിലും ഒന്നോ രണ്ടോ ജീവനക്കാരായിരിക്കും രാത്രികാലങ്ങളില്‍ സേവനത്തിനുണ്ടാകുക. മിക്കയിടങ്ങളിലും സി.സി.ടി.വിയും തകരാറിലായിരിക്കും.
കഴിഞ്ഞദിവസം രാത്രി 11 ഓടെയാണ് കുന്ദമംഗലത്തിനടുത്ത് കാരന്തൂര്‍ കൊളായ്താഴത്തെ ദേവദാസന്‍ ആന്‍ഡ് ബ്രദേഴ്‌സ് ഭാരത് പെട്രോളിയം പമ്പില്‍ തോക്ക് ചൂണ്ടി മോഷണശ്രമം നടന്നത്. പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പണം എണ്ണിത്തിട്ടപ്പെടുത്തി തുണിസഞ്ചിയിലാക്കി പമ്പിലെ മുന്‍വശത്തെ ഓഫിസ് അടക്കുന്നതിനിടെയാണ് മുഖം മറച്ചെത്തിയ ആള്‍ പണമടങ്ങിയ സഞ്ചി തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിച്ചത്.
ഇതു ചെറുത്തപ്പോള്‍ ജീവനക്കാരന്റെ നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. സംഭവം കണ്ട് സമീപമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ ഓടിയെത്തിയതു കൊണ്ടാണ് മോഷണ ശ്രമം പരാജയപ്പെട്ടത്. സഞ്ചി കൈക്കലാക്കിയ മോഷ്ടാവ് കുതറി ഓടിയെങ്കിലും സഞ്ചിയില്‍നിന്ന് പണം താഴെ വീണു. ഇതെടുത്ത് ജീവനക്കാര്‍ ഓഫിസിനു പിന്‍വശത്തെ വിശ്രമമുറിയില്‍ കയറി കതകടച്ചു. പ്രദേശത്ത് ഇരുട്ടായതിനാല്‍ മോഷ്ടാവ് എങ്ങോട്ടാണ് ഓടിമറഞ്ഞതെന്നു വ്യക്തമായിട്ടില്ല.
കുന്ദമംഗലം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം രണ്ടാം തവണയും തോക്ക് ചൂണ്ടിയുള്ള മോഷണശ്രമം ഉണ്ടായതോടെ പെട്രോള്‍ പമ്പ് ഉടമകളും ജീവനക്കാരും ആശങ്കയിലാണ്. പല പമ്പുകളിലും ജോലി ചെയ്യുന്നത് സ്ത്രീകളായതിനാലാണ് കൂടുതല്‍ ആശങ്കയുണ്ടാകുന്നതും.
ജീവനക്കാരുടെ ജീവനു തന്നെ ഭീഷണിയുണ്ടാകുന്ന സ്ഥിതിക്ക് പലരും രാത്രിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.പി അശോകന്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.