2018 August 16 Thursday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

തൊഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

 

എരുമപ്പെട്ടി : കടങ്ങോട് മേഖലയിലെ കരിങ്കല്‍ ക്വാറി തൊഴില്‍ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ കടങ്ങോട് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കരിങ്കല്‍ ക്വാറികള്‍ സ്തംഭിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയെ നേരിടുന്നത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍ കേരളത്തിലെ ചെറുകിട കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനം ക്വാറികളും അടച്ചു പൂട്ടിയെങ്കിലും കടങ്ങോട് പഞ്ചായത്തിലെ പ്രധാന തൊഴില്‍ മേഖലയായ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ച് വന്നിരുന്നു.
ഇതിനിടയിലാണ് അരനൂറ്റാണ്ടായി പ്രവര്‍ത്തിച്ച് വരുന്ന കരിങ്കല്‍ ക്വാറികള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നാട്ടുകാര്‍ രംഗത്തെത്തിയത്. ഇവരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് ക്വാറികളുടെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണ മേഖലയും പ്രതിസന്ധിയിലായിരിക്കുകയാണ്. ക്വാറിയുമായി ബന്ധപ്പെട്ട തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന ക്വാറി, ചുമട്ട്, ടിപ്പര്‍ ലോറി തൊഴിലാളികളും നിര്‍മാണ തൊഴിലാളികളും തൊഴിലില്ലാതെ ദുരിതമനുഭവിക്കുകയാണ്. കരിങ്കല്ല് കിട്ടാത്തതിനാല്‍ കടങ്ങോട് പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളിലേയും നിര്‍ധനരായവര്‍ക്ക് വീട് വെച്ച് നല്‍കുന്ന ലൈഫ് പദ്ധതിയും അവതാളത്തിലായിരിക്കുകയാണ്.
തൊഴില്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പഞ്ചായത്തില്‍ നിവേദനം നല്‍കി. വിവിധ തൊഴിലാളി സംഘടന നേതാക്കളായ കെ.കെ സുമേഷ്, കെ.ജെ ജിതിന്‍, ഒ.കെ വിജയന്‍, സി.വി ജോസ്, ഒ.കെ അജി, ഷറഫുദ്ധീന്‍ പന്നിത്തടം എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.