2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

തൊഴിലില്ലായ്മ ഉയര്‍ന്ന നിരക്കില്‍

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മാ നിരക്ക് ആശങ്കാജനകമായ നിലയില്‍ വളരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 6.9 ശതമാനത്തിലെത്തിയതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) നടത്തിയ പഠനത്തില്‍ കണ്ടെത്തി.
രണ്ടു വര്‍ഷത്തിനിടെ ഇതാദ്യമായാണ് തൊഴിലില്ലായ്മാ നിരക്ക് ഇത്ര ഉയരത്തിലെത്തുന്നത്. 2017 ഒക്ടോബറില്‍ ഇന്ത്യയില്‍ ആകെ 407 ദശലക്ഷം പേരാണ് തൊഴിലാളികളായി ഉണ്ടായിരുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ അത് 2.4 ശതമാനം കുറഞ്ഞ് 397 ദശലക്ഷമായി. ഏതെങ്കിലും ജോലിയുള്ളവരുടെ എണ്ണത്തില്‍ ഈ വര്‍ഷം ഒക്ടോബറിലുണ്ടായ പ്രകടമായ വ്യത്യാസം ആശങ്കയുണ്ടാക്കുന്നതാണെന്നും സി.എം.ഐ.ഇ റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെ എണ്ണത്തില്‍ സെപ്റ്റംബറില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും നേരത്തേയുണ്ടായ താഴ്ചയില്‍നിന്നു കരകയറിയില്ല.
തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ പ്രായപൂര്‍ത്തിയായവരുടെ എണ്ണം വ്യക്തമാക്കുന്ന തൊഴിലാളി പങ്കാളിത്ത നിരക്ക് 42.4 ശതമാനത്തിലേക്കു താഴ്ന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2016 ജനുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് ഈ നിരക്കില്‍ പ്രകടമായ ഇടിവുണ്ടായത്. ഈ വര്‍ഷം ഒക്ടോബറില്‍ തൊഴില്‍രഹിതരായ 2.95 കോടി ആളുകളാണ് തൊഴിലന്വേഷിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2.16 കോടി ആളുകള്‍ മാത്രമേ തൊഴില്‍ അന്വേഷിച്ചിരുന്നുള്ളൂ.
നിലവില്‍ ജോലിയില്ലാതെ പുതിയ ജോലി തേടുന്നവരുടെ സംഖ്യ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 14 ദശലക്ഷമായിരുന്നെങ്കില്‍ ഈ വര്‍ഷം ഒക്ടോബറില്‍ അത് 29.5 ദശലക്ഷത്തിലെത്തി. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് സാധാരണ തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കാറുള്ളത്.
തൊഴിലിടത്തില്‍ തൊഴിലാളികളുടെ ഒഴിവുകളുടെയും ജോലി തേടുന്നവരുടെയും സംഖ്യയിലുള്ള ഭീമമായ വ്യത്യാസം നല്ല സൂചനയല്ല. ഊര്‍ജം, അടിസ്ഥാന സൗകര്യം തുടങ്ങി വന്‍ തൊഴില്‍സാധ്യതയുള്ള മേഖലകളുടെ തളര്‍ച്ചയും ഐ.ടി മേഖലയിലെ അവസരങ്ങള്‍ കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കംകൂട്ടി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.