2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തൊണ്ടയിലെയും വായിലെയും കാന്‍സര്‍

ഡോ. അബിത ജോസ് ഡെന്റല്‍ സര്‍ജന്‍

ലളിതമായി പറഞ്ഞാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ ശരീരകോശങ്ങള്‍ പെരുകുന്ന പ്രതിഭാസമാണ് അര്‍ബുദം അഥവാ കാന്‍സര്‍. ഇതില്‍ 30 ശതമാനവും വായിലാണ് കാണപ്പെടുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാന്‍സര്‍ വിവിധ അവയവങ്ങളെ ബാധിക്കുകയും ഓരോ അവയവങ്ങള്‍ക്കും വ്യത്യസ്തമായ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കാന്‍സറിന്റെ പല ലക്ഷണങ്ങളും മറ്റു പല രോഗലക്ഷണങ്ങളുമായി സാമ്യത പുലര്‍ത്തുന്നതിനാല്‍ അത് കണ്ടെത്താനും മതിയായ ചികിത്സ ലഭ്യമാക്കുവാനും വൈകിപ്പോകുന്നതാണ് സ്ഥിത വഷളാകാന്‍ കാരണം.

വായിലെ കാന്‍സര്‍ കാരണങ്ങള്‍

വായില്‍ കാണപ്പെടുന്ന അര്‍ബുദത്തിന് പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നത് പുകവലിയും മദ്യപാനവുമാണ്. മുറുക്കാന്‍, പാന്‍ തുടങ്ങിയ രൂപത്തിലും പുകയില നേരിട്ട് ഉപയോഗിക്കുമ്പോഴും നിക്കോട്ടിന്‍ ഉമിനീരില്‍ കലര്‍ന്ന് വായിലെ മൃദു കോശങ്ങളിലൂടെ ആഗിരണം ചെയ്യപ്പെട്ട് കാന്‍സറിന് കാരണമാകുന്നു.

വായില്‍ സ്ഥിരമായ അസ്വസ്ഥത മൂലമുണ്ടാകുന്ന മുറിവുകള്‍ വായയിലെ കാന്‍സറിന് കാരണമാകുന്നു. മൂര്‍ച്ചയുള്ള പല്ല്, എരിവ്, ചൂട് എന്നിവ വായയില്‍ സ്ഥിരമായി അസ്വസ്ഥത ഉണ്ടാക്കുന്നവയാണ്. ഇത്തരത്തിലുള്ള മുറിവുകള്‍ ശ്രദ്ധിക്കാത്തതും ചികിത്സിക്കാന്‍ വൈകുന്നതും രോഗാവസ്ഥ ഗുരുതരമാകാന്‍ കാരണമാകുന്നു.

കൃത്രിമ പല്ലുകള്‍ ചിലപ്പോള്‍ വായില്‍ ഉരഞ്ഞ് പലപ്പോഴും മുറിവ് രൂപപ്പെടാറുണ്ട്. കവിളിലും ചുണ്ടിലും നാക്കിലും രൂപപ്പെടുന്ന ഇത്തരം മുറിവുകള്‍ കാന്‍സറിലേക്ക് വഴി മാറാന്‍ സാധ്യതയേറെയാണ്.
കവിളിലും നാവിന്റെ വശങ്ങളിലും അടിയിലും കാണപ്പെടുന്ന വെളുപ്പും ചുവപ്പും നിറത്തിലുള്ള പാടുകള്‍ നിസാരമായി കാണരുത്. ഒരു പക്ഷെ ഇത് അപകടകാരിയായേക്കാം.

ലക്ഷണങ്ങള്‍

 • മോണയിലെയും കവിളിലെയും നിറവ്യത്യാസം.
 • നാവിന്റെ പ്രതലത്തിലുള്ള പരുപരുപ്പ് നഷ്ടപ്പെടുകയും വായ തുറക്കാന്‍ പ്രയാസം അനുഭവപ്പെടുകയും ചെയ്യുക.
 • സംസാരിക്കുമ്പോഴുണ്ടാകുന്ന ശബ്ദ വ്യത്യാസവും തൊണ്ടയില്‍ അനുഭവപ്പെടുന്ന വരള്‍ച്ചയും.
 • രോഗം മൂര്‍ഛിച്ചിട്ടുണ്ടെങ്കില്‍ ഭക്ഷണം കഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയും രക്തസ്രാവമുണ്ടാവുകയും ചെയ്യും.
 • കൂര്‍ത്ത പല്ലുകളില്‍ നിന്നോ കൃത്രിമപ്പല്ലുകളില്‍ നിന്നോ ഉള്ള ക്ഷതം മൂലമുണ്ടാകുന്ന വ്രണങ്ങള്‍ ഒരു മാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുക.
 • വായില്‍ കാണപ്പെടുന്ന വെളുത്ത പാടുകള്‍ പ്രത്യേകിച്ച് തടിപ്പുള്ളവ.

തൊണ്ടയിലെ കാന്‍സര്‍

പ്രഥമഘട്ടത്തില്‍ സാധാരണ അസുഖങ്ങളെപ്പോലെ ചെറിയ ലക്ഷണങ്ങളാണ് കാണിക്കുക. സാധാരണയായി പുരുഷന്മാരിലാണ് കൂടുതലും കണ്ടുവരുന്നത്.

ലക്ഷണങ്ങള്‍

 • ആദ്യ ഘട്ടങ്ങളില്‍ തൊണ്ടയില്‍
 • തടിപ്പും വേദനയും അനുഭവപ്പെടുക.
 • സംസാരിക്കുമ്പോഴുണ്ടാകുന്ന ശബ്ദ വ്യത്യാസവും ഇടര്‍ച്ചയും. (തൊണ്ടയിലെ അണുബാധയും ചിലപ്പോള്‍ ശബ്ദ വ്യത്യാസത്തിന് കാരണമായേക്കാം)
 • ഭക്ഷണവും വെള്ളവും ഇറക്കാനുള്ള പ്രയാസം.
 • തൊണ്ടയില്‍ എപ്പോഴും പറഞ്ഞറിയിക്കാന്‍
 • വയ്യാത്ത അസ്വസ്ഥത അനുഭവപ്പെടുക.
 • വിട്ടുമാറാത്ത ചുമയും ശ്വാസതടസവും കാന്‍സറിന്റെ മറ്റൊരു പ്രധാനലക്ഷണമാണ്
 • കഫത്തില്‍ കാണപ്പെടുന്ന രക്തത്തിന്റെ കലര്‍പ്പ്.
 • കാരണങ്ങളൊന്നും കൂടാതെ ശരീരഭാരം കുറയുക.
 • വായ, മൂക്ക് എന്നിവയിലൂടെ രക്തം വരിക.

ചികിത്സ

മറ്റു രോഗങ്ങളുടെ കാര്യത്തില്‍ പറയുന്നതുപോലെതന്നെ വായയിലെയും തൊണ്ടയിലെയും കാന്‍സറിനും പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല ചികിത്സ. കൃത്രിമപ്പല്ലുകളുടെ കാലാവധി കഴിയുന്നതിന് മുമ്പായി മാറ്റിവയ്ക്കുക. പൊട്ടിയതും ഇളകുന്നതുമായ കൃത്രിമപ്പല്ലുകളള്‍ ഉപയോഗിക്കാതിരിക്കുക എന്നിവയും പ്രതിരോധ മാര്‍ഗങ്ങളില്‍ പെടുന്നു.
ചൂട് കൂടിയതും അമിതമായി എരിവുള്ളതുമായ ഭക്ഷണം സ്ഥിരമായി കഴിക്കാതിരിക്കുക.

തുടച്ച് നീക്കാന്‍ കഴിയാത്തതും വ്യക്തമായ അരികുകളുള്ളതുമായ വെളുത്തപാടുകള്‍ അപകടകരമായതിനാല്‍ അവയെ ഒരിക്കലും അവഗണിക്കാതിരിക്കുക. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മദ്യപാനം എന്നിവ നിര്‍ത്തുക.
കാന്‍സര്‍ ലക്ഷണങ്ങളാണെന്നും സംശയമുണ്ടാകുന്നപക്ഷം ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യുക.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.