2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

തേരകുളത്ത് കിണറുകളില്‍ മാലിന്യം: ശുദ്ധജലം കിട്ടാതെ നാട്ടുകാര്‍

കല്ലമ്പലം: മഴവെള്ളക്കെട്ടിലായ നഗരസഭാ പരിധിയിലെ വീടുകളിലെ കിണറുകളുടെ ശുചീകരണം അനിശ്ചിതമായി തുടരുന്നു. നഗരസഭയിലെ തേരകുളം ആലുംമൂട് ക്ഷേത്രപരിസരത്തെ ഇരുപത്തിയഞ്ചോളം കിണറുകളില്‍ മാലിന്യം കലര്‍ന്ന് ഉപയോഗശൂന്യമായി. കിണര്‍ വെള്ളത്തില്‍ കൂത്താടികളും പെരുകുകയാണ്. ഈ മേഖലയില്‍നിന്നു മഴക്കാലത്ത് വീടുകളില്‍ വെള്ളം കയറി ദുരിതാശ്വാസ ക്യാംപില്‍ അഭയം തേടി തിരികെയെത്തിയ തേരകുളത്തെ കോളനി വാസികളും ശുദ്ധജലമില്ലാതെ വലയുകയാണ്. ശുദ്ധജലം ടാങ്കറില്‍ വിതരണം ചെയ്യാന്‍ ഇതിനകം നിരവധി തവണ നഗരസഭയെ സമീപിച്ചെങ്കിലും കിണര്‍ വെള്ളത്തില്‍ ബ്ലീച്ചിങ് പൊടി വിതറുക മാത്രമാണ് ചെയ്തതെന്നാണു പരിസരവാസികള്‍ പറയുന്നത്.
തേരകുളം ലക്ഷ്മി ഭവനില്‍ രാജന്‍ നായരുടെ കിണര്‍ മലിനജലം കലര്‍ന്ന് ഉപയോഗ ശൂന്യമായതിനാല്‍ ഉയര്‍ന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന മറ്റൊരു വീട്ടില്‍ നിന്നാണ് എല്ലാ ആവശ്യത്തിനും വെള്ളം ശേഖരിക്കുന്നത്. തൊട്ടടുത്തു താമസിക്കുന്ന സലിം കോട്ടേജില്‍ മുബീനബീവി ഉള്‍പ്പെടെ 11 അംഗങ്ങള്‍ അടങ്ങിയ വീട്ടുകാരും മറ്റൊരു വീട്ടില്‍ നിന്ന് വെള്ളം ശേഖരിക്കുന്നു. ഇക്കഴിഞ്ഞ കനത്ത മഴയില്‍ പരിസരത്തെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. പരിസരത്തെ തേരകുളം തോടിന്റെ ഒഴുക്കു നിലച്ചതാണ് പ്രശ്‌നമെന്നാണു നാട്ടുകാര്‍ പറയുന്നത്. പരിസരത്തെ മുഴുവന്‍ കിണറുകളുടെയും ശുചീകരണം അടിയന്തരമായി നടത്തേണ്ട സാഹചര്യമാണുള്ളത്. അടിയന്തര നടപടി വേണമെന്നു നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ കെ. ജയശ്രീയും സി. കൃഷ്ണ കുമാറും ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.