2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

തേഞ്ഞുമാഞ്ഞ് സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്

 

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അട്ടിമറിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലേക്ക്. കേസില്‍ ഇതുവരെ 91 സാക്ഷികളാണ് കൂറുമാറിയത്. 2010ല്‍ സി.ബി.ഐ ഏറ്റെടുത്ത ഈ കേസില്‍ 38 പ്രതികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ വിചാരണ നേരിട്ടത് 22 പേര്‍ മാത്രം. അമിത്ഷായും രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയയും മുതല്‍ ഏറ്റവും അവസാനം ഗുജറാത്തിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാര ഉള്‍പ്പെടെ 16 പേരെ പലപ്പോഴായി കേസില്‍ നിന്നൊഴിവാക്കി.
ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിപുന്‍ അഗര്‍വാളിനെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും വന്‍സാര ഉള്‍പ്പെടെ നാലു പൊലിസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയത് ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയതുമാണ് കേസിലെ അവസാന നീക്കങ്ങള്‍. 2005 നവംബറിലാണ് സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ നിരോധിത സംഘടനയായ ലഷ്‌കറേ ത്വയ്ബ അംഗമാണെന്നാരോപിച്ച് ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്. ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയ ശേഷം സൊഹ്‌റാബുദ്ദീനെ വെടിവച്ചുകൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ കൗസര്‍ബിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. രണ്ടു കൊലപാതകങ്ങള്‍ക്കും സാക്ഷിയായ രാജസ്ഥാന്‍- ഗുജറാത്ത് പൊലിസിന്റെ ഇന്‍ഫോര്‍മറും സൊഹ്‌റബുദ്ദീന്റെ സുഹൃത്തുമായിരുന്ന പ്രജാപതി പിറ്റേവര്‍ഷം ഡിസംബര്‍ 28നും കൊല്ലപ്പെട്ടു. ഈ കേസുകളെല്ലാം ഒന്നിച്ചാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കേസ് ഇഴഞ്ഞുനീങ്ങുന്നതിനിടെ സുപ്രിംകോടതി ഇടപെട്ടാണ് വിചാരണ മുംബൈയിലേക്കു മാറ്റിയത്. ഇതുവരെ നാലുജഡ്ജിമാരാണ് കേസ് പരിഗണിച്ചത്. 2012 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ജസ്റ്റിസ് ടി.യു ഗുപ്ത കേസില്‍ വാദം കേട്ടു. പിന്നീട് 2014 ജൂണില്‍ മരിക്കും വരെ ജസ്റ്റിസ് ബി.എച്ച് ലോയയും കേസ് കേട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന അമിത്ഷായോട് ഹാജരാവാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ജസ്റ്റിസ് ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ശേഷം മദന്‍ ഗോസാവി ജഡ്ജിയായി. അദ്ദേഹമാണ് അമിത്ഷായെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്.
നിലവില്‍ സ്‌പെഷല്‍ ജഡ്ജി എസ്.ജെ ശര്‍മയ്ക്കു കീഴിലാണ് വിചാരണ നടക്കുന്നത്. വിചാരണാ നടപടികളുടെ മെല്ലെപ്പോക്കില്‍ സുപ്രിംകോടതിയുടെ വിമര്‍ശനത്തിനിടയായ ഈ കേസില്‍ കഴിഞ്ഞ നവംബറിലാണ് വിസ്താരം തുടങ്ങിയത്. 176 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ഇതില്‍ 91 പേരും മൊഴിമാറ്റി. പ്രധാനസാക്ഷികള്‍ കൂറുമാറിയതിനാല്‍ കേസ് ദുര്‍ബലമാവുമെന്ന് പ്രോസികൂഷന്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.