
ഹൈദരാബാദ്: തെലങ്കാന നിയമ സഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യമന്ത്രി കെ. ചന്ദ്ര ശേഖര്‍ റാവുവിന്റെ നീക്കം. ഇന്ന് നടക്കുന്ന മന്ത്രിസഭാ സമ്മേളന ശേഷം വൈകീട്ട് നടക്കുന്ന പാര്‍ട്ടിയുടെ മഹാറാലിയില്‍ രാജിപ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.
രംഗറെഡ്ഡി ജില്ലയില്‍ 2000 ഏക്കര്‍ വരുന്ന മൈതാനിയില്‍ ഇന്ന് നടക്കുന്ന തെലങ്കാന രാഷ്ട്രസമിതിയുടെ മഹാറാലി ചരിത്ര സംഭവമാക്കാനാണ് ചന്ദ്രശേഖര്‍ റാവു പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ റാലിയില്‍ വച്ച് നിയമസഭ പിരിച്ചുവിടുന്നതായ പ്രഖ്യാപനം ഉണ്ടാകും.
റാലിയില്‍ വലിയ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ മകനും സംസ്ഥാന ഐ.ടി മന്ത്രിയുമായ കെ.ടി രാമറാവു അറിയിച്ചു.
ടി.ആര്.എസ് സര്‍ക്കാരിന് അടുത്ത വര്‍ഷം മെയ് വരെ ഭരണകാലാവധിയുണ്ട്. ഇന്ന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്. അതിനിടയിലാണ് സര്‍ക്കാര്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നത്. ഈ വര്‍ഷാവസാനം തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും അതിനായി പാര്‍ട്ടി ഒരുങ്ങണമെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും തെലങ്കാന രാഷ്ട്രസമിതിക്ക് ഒരുതരത്തിലുള്ള എതിര്‍പ്പും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകളും എം.എല്‍.എയുമായ കല്‍വകുന്ദള കവിത മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് ആത്മവിശ്വാസക്കുറവില്ലെന്നും അവര്‍ വ്യക്തമാക്കി.