
ഹൈദരാബാദ്: ദിവസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തെലങ്കാന നിയമസഭ കാലാവധി തികക്കാതെ പിരിച്ചുവിട്ടു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശക്ക് അംഗീകാരം നല്‍കിയത്.
കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടുമാസം കൂടി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ടി.ആര്.എസ് സര്‍ക്കാരിനുണ്ടെന്നിരിക്കെ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനായാണ് സഭ പിരിച്ചുവിട്ടത്. ലോക്സഭ തെരഞ്ഞെടുപ്പും തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പും 2019ല്‍ ഒരേ സമയങ്ങളില്‍ നടക്കേണ്ടതായിരുന്നു.
ജ്യോതിശാസ്ത്രത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ജ്യോതിഷികളുടെ നിര്‍ദേശപ്രകാരം രാവിലെ ആറിന് തുടങ്ങിയ മന്ത്രിസഭാ യോഗം 6.45 മുതല്‍ 9.31 വരെ നിര്‍ത്തിവച്ചു. ഏകാദശി മുഹൂര്‍ത്തം കഴിഞ്ഞ ശേഷമാണ് വീണ്ടും ചേര്‍ന്നത്. മുഖ്യമന്ത്രി ആറാണ് തന്റെ ഭാഗ്യനമ്പരായി കണക്കാക്കുന്നത്.
യോഗശേഷം ചന്ദ്രശേഖര്‍ റാവു ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനുമായി കൂടിക്കാഴ്ച നടത്തി മന്ത്രിസഭ പിരിച്ചുവിടുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച തെലങ്കാന രാഷ്ട്ര സമിതിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന റാലിയില്‍ സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണനേട്ടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. അഞ്ച് ദിവസത്തിനിടെ ഇന്നലെ രണ്ടാം തവണയാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.