2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

Editorial

തെറ്റായ പാര്‍ട്ടിയിലെ ശരിയായ നേതാവ്


സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ എല്ലാംകൊണ്ടും വേറിട്ടുനില്‍ക്കുന്ന ബഹുമുഖപ്രതിഭയായ ഒരു നേതാവിനെയാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നിര്യാണത്തോടെ രാജ്യത്തിനു നഷ്ടമായത്. ആറു ദശാബ്ദത്തിലേറെ നീണ്ട ആ രാഷ്ട്രീയജീവിതം രാജ്യം എക്കാലവും സ്മരിക്കുന്നതും അതോടൊപ്പം വലിയൊരു ജനവിഭാഗം ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുമടക്കമുള്ള ഒട്ടേറെ സംഭാവനകള്‍ രാജ്യത്തിനു നല്‍കിയിട്ടുണ്ട്. അതെന്തായാലും നയതന്ത്രജ്ഞതയില്‍ അതുല്യനും ഭാവനാസമ്പന്നനുമായ മികച്ചൊരു ഭരണാധികാരി എന്ന നിലയിലായിരിക്കും രാഷ്ട്രചരിത്രത്തില്‍ അദ്ദേഹം ഇടം നേടുന്നത്.
വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും അടിത്തറയില്‍ നിലകൊള്ളുന്ന ഒരു ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി അതിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിച്ചു എന്നതാണ് വാജ്‌പേയിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രതിലോമ വശം. വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുകാലത്ത് കാലുറപ്പിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന് അത്യാവശ്യമായിരുന്ന ഒരു സാത്വിക മുഖംമൂടിയുടെ റോള്‍ നിര്‍വഹിക്കാനുള്ള നിയോഗമുണ്ടായത് വാജ്‌പേയിക്കാണ്. ഏറെ സൂക്ഷ്മതയോടെ അത് ഫലപ്രദമായി ഉപയോഗപ്പെടുത്തി അധികാരത്തിന്റെ ചവിട്ടുപടികള്‍ കയറിവരാന്‍ സംഘ്പരിവാറിനു സാധിച്ചു. അന്ന് സ്വരൂപിച്ചെടുത്ത ജനസമ്മതി കൂടി പ്രയോജനപ്പെടുത്തിയാണ് ഇപ്പോള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ വര്‍ഗീയതയുടെ തല്‍സ്വരൂപം കാണിക്കുന്ന ഭരണം നേടിയെടുക്കാന്‍ സംഘ്പരിവാറിനു സാധിച്ചതെന്നത് ഒരിക്കലും ഒളിച്ചുവയ്ക്കാനാവാത്തൊരു യാഥാര്‍ഥ്യമാണ്. ആ അര്‍ഥത്തില്‍ സംഘ്പരിവാര്‍ പ്രസ്ഥാനത്തിനു വാജ്‌പേയ് നല്‍കിയ സംഭാവന അവരെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ടതുമാണ്.
കവിത്വവും സഹൃദയത്വവും രാഷ്ട്രതന്ത്രജ്ഞയും സാത്വികതയുമൊക്കെ ഒത്തുചേര്‍ന്ന ഇതുപോലൊരു നേതാവ് ജനാധിപത്യവിരുദ്ധമായൊരു പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകനാവുന്നതിലെ ശരികേട് ആദ്യം തിരിച്ചറിഞ്ഞത് രാഷ്ട്രത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. നെഹ്‌റു വാജ്‌പേയിക്കു നല്‍കിയ ‘തെറ്റായ പാര്‍ട്ടിയിലെ ശരിയായ നേതാവ്’ എന്ന വിശേഷണം അക്ഷരാര്‍ഥത്തില്‍ തന്നെ ശരിയായിരുന്നു. ഏറെ നേതൃഗുണങ്ങങ്ങള്‍ വാജ്‌പേയിയില്‍ സമ്മേളിച്ചിരുന്നു.
എന്നാല്‍, ഇന്ത്യന്‍ മതേതരത്വത്തിനു വിനാശകരമായൊരു രാഷ്ട്രീയ ദൗത്യത്തിനു മുഖ്യ കാര്‍മികത്വം വഹിക്കുന്നതിനിടയിലും മികച്ചൊരു രാഷ്ട്രതന്ത്രജ്ഞനെന്ന നിലയില്‍ രാജ്യത്തിനു മികച്ച സംഭാവനകളാണ് വാജ്‌പേയ് നല്‍കിയത്. അതില്‍ തന്നെ പലതും ബി.ജെ.പി ഭരണത്തില്‍ ആരും പ്രതീക്ഷിക്കാത്ത തരത്തില്‍ ആ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളുമായി ഒത്തുപോകാത്തവയുമായിരുന്നു. ചില അയല്‍ രാഷ്ട്രങ്ങളോടുള്ള പകയും വിദ്വേഷവും സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ആധാരശിലകളില്‍ പെടുന്നതാണെങ്കിലും ഭരണാധികാരിയെന്ന നിലയില്‍ അധികമൊന്നും ആ വഴിക്കു വാജ്‌പേയ് സഞ്ചരിക്കാന്‍ കൂട്ടാക്കിയില്ല.
ഇന്ത്യയുമായി കടുത്ത ശത്രുതയിലായിരുന്ന ചൈനയില്‍ ജനതാ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരിക്കെ വാജ്‌പേയ് നടത്തിയ സന്ദര്‍ശനം വൈരത്തിനു ചെറിയ തോതിലെങ്കിലും അയവു വരുത്തുകയുണ്ടായി. പാകിസ്താനുമായുള്ള ശത്രുതയുടെ മഞ്ഞുരുക്കത്തിനും വലിയ തോതിലുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. ഈ ദിശയില്‍ മികച്ചൊരു കാല്‍വയ്പ്പായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം തുടക്കം കുറിച്ച ഡല്‍ഹി- ലാഹോര്‍ ബസ് സര്‍വീസ്. പാകിസ്താനു നേരെ സൗഹൃദത്തോടെ കൈനീട്ടാനും അവിടുത്തെ പട്ടാള ഭരണാധികാരി പര്‍വേശ് മുഷറഫിനെ ചര്‍ച്ചയ്ക്കു പ്രേരിപ്പിക്കാനുമായതും വാജ്‌പേയിയിലെ നയതന്ത്രജ്ഞന്റെ മറ്റൊരു മികവാണ്. എന്നാല്‍, അത്തരം ശ്രമങ്ങള്‍ക്കെല്ലാം തിരിച്ചടി നല്‍കിക്കൊണ്ട് പാകിസ്താന്‍ കാര്‍ഗിലില്‍ ആക്രമണം നടത്തിയപ്പോള്‍ അതിനു കനത്ത തിരിച്ചടി തന്നെ നല്‍കാനായത് അന്ന് കാവല്‍ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ ജനസമ്മതി വര്‍ധിപ്പിക്കാനുമിടയായി.
എടുത്തുപറയാവുന്ന കുറേ ഭരണനേട്ടങ്ങള്‍ക്കൊപ്പം തന്നെ രാജ്യത്തിനു ദോഷകരമാവുക പോലുമുണ്ടായ ചില വെല്ലുവിളികള്‍ വാജ്‌പേയിയുടെ ചെയ്തികളുടെ ഫലമായി ഇന്ത്യ നേരിടേണ്ടി വന്നിട്ടുമുണ്ട്. അതില്‍ പ്രധാനമാണ് പൊഖ്‌റാന്‍ ആണവ വിസ്‌ഫോടന പരീക്ഷണം. രാജ്യത്തിന്റെ യശസ്സുയര്‍ത്താനും ശത്രുക്കള്‍ക്കു താക്കീത് നല്‍കാനുമെന്നു പറഞ്ഞ് നടത്തിയ ഈ പരീക്ഷണം കുറേയാളുകള്‍ക്കിടയില്‍ തീവ്ര ദേശീയവികാരം ജ്വലിപ്പിച്ച് അതുവഴി ബി.ജെ.പിയുടെ രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്താന്‍ ഉപകരിച്ചെങ്കിലും അതിന്റെ പേരില്‍ ചില രാഷ്ട്രങ്ങള്‍ ഏര്‍പെടുത്തിയ ഉപരോധം ഇന്ത്യയെ വലിയ തോതില്‍ തന്നെ ബാധിക്കുകയുണ്ടായി.
ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ലോകദൃഷ്ടിയില്‍ വാജ്‌പേയിയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ പ്രതിച്ഛായയ്ക്കു വലിയ തോതിലാണ് മങ്ങലേല്‍പിച്ചത്. അതോടൊപ്പം തെഹല്‍ക്ക അഴിമതി, ശവപ്പെട്ടി കുംഭകോണം തുടങ്ങിയവയും അദ്ദേഹത്തിന്റെ ഭരണമികവില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ഇങ്ങനെ പലതരം കയറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയുമാണ് സംഭവബഹുലമായ ആ രാഷ്ട്രീയ ജീവിതം കടന്നുപോയത്.
വാജ്‌പേയിയെക്കുറിച്ച് നെഹ്‌റു പറഞ്ഞത,് ഇന്ത്യന്‍ ജനതയിലെ വലിയൊരു വിഭാഗം പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ഇത്രയേറെ പ്രതിഭാസമ്പന്നമായ ഒരു രാഷ്ട്രീയ വ്യക്തിത്വം ജനപക്ഷ മുഖമുള്ള ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെ മുന്‍നിരയിലാണ് വന്നിരുന്നതെങ്കില്‍ അത് രാജ്യത്തിനു വലിയ നന്മ തന്നെ സമ്മാനിക്കുമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ചരിത്രം ജനാഭിലാഷങ്ങള്‍ക്കൊപ്പം തന്നെ സഞ്ചരിക്കണമെന്ന് ശഠിക്കാനാവില്ലല്ലോ. രാഷ്ട്രീയ കാഴ്ചപ്പാടും വ്യക്തിഗുണങ്ങളും തമ്മില്‍ കടുത്ത വൈരുദ്ധ്യം നിറഞ്ഞതാണെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്ന ഒരു രാഷ്ട്രീയജീവിതം കാഴ്ചവച്ചാണ് വാജ്‌പേയ് വിടപറഞ്ഞത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.