2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തെറിക്കുമോ സോള്‍ഷ്യാര്‍

ന്യൂകാസില്‍: ഒരു കാലത്തെ പ്രതാപികളായിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വര്‍ത്തമാനകാലം അത്ര സുഖകരമല്ല. സീസണിലെ പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും പരാജയ വഴികള്‍ കണ്ടു ശീലിച്ച ടീം വിജയവഴി മറന്ന മട്ടാണ്. ഞായറാഴ്ച ന്യൂകാസിലിനെതിരേയും (1-0) പരാജയപ്പെട്ടതോടെ ടീമില്‍ കളിക്കാരെക്കാള്‍ പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷ്യാറിലേക്കാണ് ടീമധികൃതരും ആരാധകരും വിരല്‍ ചൂണ്ടുന്നത്. ഇക്കളി തുടര്‍ന്നാല്‍ വൈകാതെ തന്നെ യുനൈറ്റഡില്‍ താരത്തിന്റെ പരിശീലന റോള്‍ അവസാനിക്കുന്ന ദിനം അകലെയല്ല.
2018-19 സീസണില്‍ ജോസ് മൊറീഞ്ഞോ പരിശീലകനായ സമയത്ത് ടീമിന്റെ കെയര്‍ ടേക്കറായി യുനൈറ്റഡിലെത്തിയ സോള്‍ഷ്യാര്‍ ഈ സീസണിലാണ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതല ഏറ്റെടുത്തത്. പക്ഷേ, സോള്‍ഷ്യാറിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന നയം ടീമിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സംഗതി പാളിപ്പോയ അവസ്ഥയിലാണ്.
ഈ പ്രീമിയര്‍ ലീഗ് സീസണ്‍ തുടക്കം മുതല്‍ ടീമിന്റെ പരിശീലകനായി സേവനമനുഷ്ഠിച്ച സോള്‍ഷ്യാറിന് കീഴില്‍ കളിച്ച എട്ട് കളികളില്‍ വെറും ഒന്‍പത് പോയിന്റുമായി 12ാം സ്ഥാനത്താണ് ടീമുള്ളത്. ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ചപ്പോള്‍ മൂന്ന് വീതം സമനിലയും പരാജയവും ടീമിനെ വേട്ടയാടി. കഴിഞ്ഞ സീസണില്‍ ആദ്യ നാലിലുള്ള ടീമാണ് നിലവില്‍ 12ാം സ്ഥാനത്ത് തുടരുന്നത്. 1990ന് ശേഷം ഇതാദ്യമായാണ് ടീം ആദ്യ 10ന് പുറത്തേക്ക് പിന്തള്ളപ്പെടുന്നത്.
ഞായറാഴ്ച ന്യൂകാസിലിന്റെ തട്ടകമായ സെന്റ് ജയിംസ് പാര്‍ക്കില്‍ അവരുമായി കൊമ്പുകോര്‍ത്ത പ്രതാപികള്‍ക്ക് 1-0ന്റെ പരാജയമാണ് നേരിട്ടത്. മാത്യു ലോങ്സ്റ്റാഫിന്റെ ഗോളാണ് യുനൈറ്റഡിനെ വീണ്ടും പരാജയത്തിലേക്ക് തള്ളിവിട്ടത്. 72ാം മിനുട്ടിലായിരുന്നു ന്യൂകാസിലിന്റെ വിജയഗോള്‍ നേട്ടം. മത്സരത്തില്‍ യുനൈറ്റഡിന് ഗോളവസരങ്ങള്‍ തുറക്കാനോ മികവുറ്റ കളി കാഴ്ചവയ്ക്കാനോ കഴിഞ്ഞില്ല.
മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, യുവാന്‍ മാറ്റ, ആഷ്‌ലി യങ്, ആന്ദ്രേസ് പെരേര തുടങ്ങിയ സൂപ്പര്‍ താരങ്ങളെ അണി നിരത്തിയെങ്കിലും ടീമിന് വിജയതീരത്തെത്താന്‍ കഴിഞ്ഞില്ല. പന്തടക്കത്തില്‍ 70 ശതമാനം മുന്നിട്ടു നിന്ന ടീമിനാണ് ഇങ്ങനൊയൊരു ദുര്‍ഗതി. കിട്ടിയ അവസരങ്ങളൊക്കെ മുതലാക്കുന്നതിലും ടീമിന് പിഴച്ചു. 12 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ഇതില്‍ മൂന്നെണ്ണം മാത്രമാണ് വല ലക്ഷ്യമായി നീങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.