
തെരുവുനായ മനുഷ്യരെ അക്രമിക്കുന്നില്ലെന്ന് ഇവിടെ പറയുന്നില്ല. ഇവകള്‍ ഒന്നോ രണ്ടോ പേരെ എവിടെയോ വച്ച് കൊന്നിട്ടുണ്ടെന്ന സത്യവും മറക്കുന്നില്ല. എന്നാല്‍ മനുഷ്യപിശാചുക്കളായ കൊലപാതക രാഷ്ട്രീയക്കാര്‍ കൊലപ്പെടുത്തുകയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത ആളുകളുടെ അത്ര വരില്ല നായകള്‍ അക്രമിച്ചവരെന്ന് സാരം.
ഓരോ ജില്ലകളിലും ക്വട്ടേഷന്‍ കൊടുത്ത് കൊലപാതകം നടത്തി, വീടുകള്‍ തകര്‍ത്ത് വീട്ടിലെ പട്ടികളെയും പൂച്ചകളേയും കോഴികളേയും കുട്ടികളേയുമെല്ലാം ആക്രമിച്ച് കിണറ്റില്‍ വിഷം പോലും കലര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അക്രമകാരികളെയാണ് ആദ്യം വന്ധീകരണം നടത്തേണ്ടത്.
ബുദ്ധിയില്ലാത്തവരെന്നാണ് നായകളെ നാം വിശേഷിപ്പിക്കുന്നതെങ്കില് വിവേകവും ബുദ്ധിയും സ്വയം വകതിരിവുമുള്ളവരാണ് മനുഷ്യര്‍. എന്താണ് ഉചിതമെന്നും ഏതാണ് അനുചിതമെന്നും വേര്‍തിരിച്ചറിയാന്‍ മനുഷ്യക്കര്ക്ക് കഴിവുണ്ട്.
അതുകൊണ്ടുതന്നെ വകതിരിവില്ലാത്ത നായകള്‍ ആക്രമിക്കുന്നതും വകതിരിവുള്ള മനുഷ്യര്‍ മനുഷ്യനെ ആക്രമിക്കുന്നതും രണ്ടും വ്യത്യസ്ത തലത്തിലേ കാണാന്‍ കഴിയൂ. പറഞ്ഞുവരുന്നത് മനുഷ്യന് ആളുകളെ കൊല്ലുന്നതാണ് ആദ്യം നിര്‍ത്താന്‍ ശ്രമിക്കേണ്ടത്.