2018 June 17 Sunday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

Editorial

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബജറ്റ്?


അഞ്ച് സംസ്ഥാനങ്ങളില്‍ ഫെബ്രുവരി നാല് മുതല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ വോട്ടര്‍മാരെ സ്വാധീനിക്കാനായി കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരണത്തിന് ഫെബ്രുവരി ഒന്ന് തെരഞ്ഞെടുത്തത് ബോധപൂര്‍വമാണ്. നോട്ട് മരവിപ്പിച്ചതിനെ തുടര്‍ന്ന് ജനപിന്തുണ ഏറെക്കുറെ നഷ്ടപ്പെട്ട കേന്ദ്രസര്‍ക്കാര്‍ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളിലൂടെ വോട്ടര്‍മാരെ കയ്യിലെടുക്കുവാനാണ് ബജറ്റ് ഉപയോഗപ്പെടുത്തുക.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥിതിക്ക് സര്‍ക്കാര്‍ പുതിയ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് എതിരാണെന്നതുപോലെ തന്നെയാണ് ബജറ്റവതരണവും. അത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. പാര്‍ട്ടികളുടെ തുല്യാവസരവും ഇതുവഴി നഷ്ടപ്പെടും. ഈ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യത്തിന്‍മേല്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടിയിരിക്കുകയാണ്. എങ്കിലും സര്‍ക്കാര്‍ ഫെബ്രുവരി ഒന്നിനു തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന വാശിയിലുമാണ്.

2012ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അന്ന് പ്രതിപക്ഷമായിരുന്ന ബി.ജെ.പി ഇതേ ആവശ്യവുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് യുപിഎ സര്‍ക്കാര്‍ ഫെബ്രുവരി 28ന് നടത്തേണ്ടിയിരുന്ന ബജറ്റ് മാര്‍ച്ച് 16ലേക്ക് മാറ്റിവെക്കുകയായിരുന്നു. അതേ കീഴ്‌വഴക്കം ഇവിടെയും സ്വീകരിക്കേണ്ടതുണ്ട്. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടക്കുവാന്‍ അത് അനിവാര്യവുമാണ്. 2012ല്‍ ബജറ്റവതരണം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട ബിജെപി ഇപ്പോള്‍ അധികാരത്തിലെത്തിയപ്പോള്‍ അത് മാറ്റിവെക്കില്ലെന്ന് ശഠിക്കുന്നു. ഭരണഘടനാപരമായ ബാധ്യതയാണെന്നാണ് ബജറ്റവതരണത്തെ കുറിച്ച് ബിജെപിയുടെ അവകാശവാദം. ഭരണഘടനയെ മാനിക്കാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് ഇതിനകം പല സംഭവങ്ങളിലൂടെയും തെളിഞ്ഞിട്ടുണ്ട്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങുവാനും ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുവാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന മാര്‍ച്ച് എട്ടിന് ശേഷം ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ജനാധിപത്യ മര്യാദ മാത്രമാണ്. ഈ ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുന്നത് ബജറ്റില്‍ ജനപ്രിയ വാഗ്ദാനങ്ങള്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ്. പ്രതിപക്ഷം മാത്രമല്ല ബജറ്റ് അവതരണം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേനയും ഇതേ ആവശ്യം ഉന്നയിച്ചിരിക്കുന്നു. ബജറ്റ് അവതരണം മാറ്റിവെക്കുന്നതിനായി രാഷ്ട്രപതിയെ കാണുവാന്‍ ശിവസേന എം.പിമാരോട് പാര്‍ട്ടി പ്രസിഡന്റ് ഉദ്ധവ്താക്കറെ ആവശ്യപ്പെട്ടിരിക്കുന്നു. നോട്ട് മരവിപ്പിക്കലിനുശേഷം ബിജെപിയുടെ ജനപിന്തുണ കുറഞ്ഞിട്ടുണ്ടെന്ന വസ്തുത നേതാക്കള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി നോട്ട് മരവിപ്പിക്കലിനെ ന്യായീകരിച്ച് പാര്‍ട്ടി പ്രസിഡന്റ് അമിത്ഷാ നരേന്ദ്രമോദിക്ക് പത്മവ്യൂഹം തീര്‍ത്തത് വഴി നിര്‍വാഹക സമിതിയില്‍ മോദിക്കെതിരെ എതിര്‍ശബ്ദം ഉയര്‍ന്നിട്ടില്ലായിരിക്കാം. ജനങ്ങള്‍ 50 ദിവസം ക്ഷമാപൂര്‍വം കാത്തിരുന്നുവെന്നും ദരിദ്രജനങ്ങളുടെ ഉള്‍ക്കരുത്താണ് ഇത് കാണിക്കുന്നതെന്നും പൊതുമുതല്‍ എവിടെയും നശിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ഊറ്റം കൊള്ളുന്നു.

അടിയന്തിരാവസ്ഥ ക്കാലത്തും ഇതുപോലെയായിയുന്നു ജനം. ക്ഷമാ പൂര്‍വം എല്ലാം സഹിച്ച ജനം അടുത്ത തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്ക് എന്താണ് സംഭവിച്ചതെന്ന് ബിജെപി ഓര്‍ക്കുന്നത് നല്ലതായിരിക്കും. പൊതുമനസ്സ് ഭരണകൂടത്തിന് എതിരാണെന്ന് ബിജെപി നേതൃത്വം മനസ്സിലാക്കുന്നു. ദേശസ്‌നേഹത്തിന്റെ പേരില്‍ ജനങ്ങളെ തീരാ ദുരിതത്തിലാഴ്ത്തിയ സര്‍ക്കാറിനെതിരെ ജനരോഷം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്ന് ബിജെപി ഭയപ്പെടുന്നു. പഞ്ചാബില്‍ ഇന്ത്യാടുഡേ നടത്തിയ സര്‍വേയില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് പറയപ്പെടുന്നത്. കള്ളപ്പണത്തിന്റെ സമാന്തര സമ്പദ്ഘടനയെ തകര്‍ക്കുന്നതിന് കറന്‍സി അസാധുവാക്കല്‍ അനിവാര്യമായിരുന്നുവെന്ന് നിര്‍വാഹക സമിതി അംഗീകരിച്ച സാമ്പത്തിക പ്രമേയത്തില്‍ പറയുന്നു. പക്ഷേ കറന്‍സി അസാധുവാക്കല്‍ കൊണ്ട്് അത് സാധിച്ചുവോ എന്ന് പ്രമേയം വ്യക്തമാക്കുന്നുമില്ല. ബജറ്റില്‍ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാം വിധം വാഗ്ദാനങ്ങള്‍ നല്‍കുന്നത് തെരെഞ്ഞെടുപ്പ് അഴിമതിയായും പരിഗണിക്കപ്പെടേണ്ടതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.