2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ടൂറിസം സെക്രട്ടറി വിദേശത്തേക്ക് പറന്നു; തിരിച്ചുവിളിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് അനുമതിയില്ലാതെ ടൂറിസം സെക്രട്ടറി വിദേശത്തേക്ക് പറന്നു. തുടര്‍ന്ന് അടുത്ത വിമാനത്തില്‍ മടങ്ങിവരാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
ടൂറിസം സെക്രട്ടറി റാണി ജോര്‍ജാണ് അനുമതിയില്ലാതെ സര്‍ക്കാര്‍ ചെലവില്‍ പാരീസിലേക്ക് പോയത്. പാരീസില്‍ 12 മുതല്‍ 18വരെ നടക്കുന്ന ടൂറിസം ഫെയറില്‍ പങ്കെടുക്കാനാണ് പോയത്.
വിദേശയാത്രക്ക് റാണി ജോര്‍ജിന് 45 ദിവസം മുന്‍പ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനുമതിക്ക് സാധുതയില്ലാതായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തണമെങ്കില്‍ ചീഫ് സെക്രട്ടറി വഴി തെരഞ്ഞെടുപ്പ് ഓഫിസറില്‍നിന്ന് അനുമതി വാങ്ങണം.
എന്നാല്‍, ഇതൊന്നും റാണി ജോര്‍ജ് പാലിച്ചില്ല. തെരഞ്ഞെടുപ്പ് നിരീക്ഷകയായി നിയമിച്ച ഉത്തരവ് കൈമാറാന്‍ ഇന്നലെ വിളിച്ചപ്പോഴാണ് റാണി ജോര്‍ജ് വിദേശത്തേക്ക് പറന്നത് ചീഫ് സെക്രട്ടറി ടോം ജോസ് തന്നെ അറിയുന്നത്.
ഉടന്‍തന്നെ അടുത്ത വിമാനത്തില്‍ മടങ്ങിവരാന്‍ നിര്‍ദേശിച്ച് പാരീസിലെ ഇന്ത്യന്‍ എംബസി വഴി സന്ദേശം കൈമാറുകയായിരുന്നു. റാണി ജോര്‍ജ് മടങ്ങി എത്തിയാലുടന്‍ രേഖാമൂലം വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കാനാണ് തെരഞ്ഞെടുപ്പ് ഓഫിസര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കൂടാതെ റാണിജോര്‍ജിന്റെ വിദേശയാത്രയുടെ പശ്ചാത്തലത്തില്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ അത്യാവശ്യഘട്ടങ്ങളിലെ വിദേശത്തേക്ക് പോകാവൂവെന്നും ഇതിന് രേഖാമൂലം പ്രത്യേക അനുവാദം വാങ്ങണമെന്നും പൊതുഭരണ വകുപ്പ് വഴി തെരഞ്ഞെടുപ്പ് ഓഫിസര്‍ ഉത്തരവിറക്കുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും റാണി ജോര്‍ജിന്റെ വിദേശയാത്രകള്‍ വിവാദത്തിലായിരുന്നു. കയര്‍ ഉല്‍പന്നങ്ങളുടെ വിപണി കണ്ടെത്താന്‍ മന്ത്രി അടൂര്‍ പ്രകാശിനൊപ്പം വിദേശത്തുപോയി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തിരുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രധാന കസേരയില്‍ തന്നെ ഇരുപ്പുറപ്പിച്ച റാണി ജോര്‍ജ് മന്ത്രി കടകംപള്ളിയോടൊപ്പം നിരവധി വിദേശയാത്രകളാണ് നടത്തിയത്.
ചട്ടംലംഘിച്ച് അനുമതിയില്ലാതെ വിദേശത്തേക്ക് പറന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. സസ്‌പെന്‍ഷന്‍ വരെ ശിക്ഷ ലഭിക്കും. 2009ല്‍ അനുവാദമില്ലാതെ വിദേശയാത്ര നടത്തിയതിന് ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.