2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബി.ജെ.പി പുറത്താകും: മുഖ്യമന്ത്രി

 

തലശ്ശേരി: തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബി.ജെ.പി അധികാരത്തില്‍നിന്ന് പുറത്താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി ആര്‍.സി അമല ബേസിക് യു.പി സ്‌കൂളില്‍ വോട്ടുചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കൂടുതല്‍ ജനവിഭാഗങ്ങളുടെ പിന്തുണ ഇടത്, മതേതര കക്ഷികള്‍ക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെയും പണത്തിന്റെയും ബലത്തില്‍ ബി.ജെ.പിയും യു.ഡി.എഫും നിരവധി കള്ളക്കഥകളാണ് നാട്ടില്‍ പ്രചരിപ്പിക്കുന്നത്. എങ്ങനെയെങ്കിലും ജയിച്ചുകയറാമെന്ന യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും അതിമോഹം തെരഞ്ഞെടുപ്പോടെ തകരും. എല്‍.ഡി.എഫ് വന്‍ വിജയം കൈവരിക്കും. കേരളത്തില്‍ വ്യാപകമായി വോട്ടിങ് മെഷിന്‍ തകരാറിലായത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൗരവത്തോടെ എടുത്തില്ല. വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറില്ലെന്ന് കമ്മിഷന്‍ ഉറപ്പുവരുത്തേണ്ടതായിരുന്നു. താന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലും മെഷിന്‍ തകരാറിലായി. ഉത്തരേന്ത്യയില്‍ വര്‍ഗീയ ചേരിതിരിവും വംശഹത്യയും വര്‍ഗീയ കലാപവും സംഘടിപ്പിച്ചവര്‍ ഇവിടെ വന്ന് റോഡ് ഷോ നടത്തി ആളുകളെ അവരുടെ പാട്ടിലാക്കാമെന്നു കരുതിയിരുന്നു. അതു തകര്‍ന്നടിയുന്നത് തെരഞ്ഞെടുപ്പില്‍ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ
ക്രമീകരണം പാളി: കോടിയേരി

തലശ്ശേരി: തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്രമീകരണങ്ങള്‍ പാളിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കോടിയേരി ജൂനിയര്‍ ബേസിക് യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ യന്ത്രം കേരളത്തിലെത്തി എന്നതിന് തെളിവാണിത്. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സീറ്റ് വര്‍ധിക്കും. വോട്ടര്‍മാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പോളിങ് ബൂത്ത് വര്‍ധിപ്പിക്കേണ്ടതായിരുന്നു. ഇത് ചെയ്യാത്ത സാഹചര്യത്തിലാണ് വോട്ടര്‍മാര്‍ക്ക് വളരെയധികം സമയം ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ടായത്.
ചില മണ്ഡലങ്ങളില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. എല്ലായിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും കോടിയേരി പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.