2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

തെരഞ്ഞെടുപ്പിലിറങ്ങാതെ 400 രാഷ്ട്രീയ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത 400 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ആദായനികുതി വകുപ്പ് ഇളവുകള്‍ക്കുപുറമെ മറ്റുള്ളവരില്‍ നിന്ന് കണക്കില്‍പ്പെടാത്ത സംഭാവനകളാണ് ഈ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാനായി രൂപീകരിക്കപ്പെട്ടതാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളെന്ന സൂചനയാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ നസിം സെയ്ദി വ്യക്തമാക്കി.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 400 രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരമൊരു തീരുമാനത്തിലെത്തുന്നത്. ഇന്ത്യയില്‍ 1,900 രാഷ്ട്രീയ പാര്‍ട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 400 എണ്ണമാണ് ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്ന ഇവരുടെ പേര് രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന നടപടിക്ക് കാലതാമസമെടുക്കുമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ അറിയിച്ചു. ഈ പാര്‍ട്ടികളെ സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ തേടികൊണ്ടിരിക്കുകയാണ്. ഇവയുടെ പ്രവര്‍ത്തന നേട്ടമെന്താണെന്നും വിലയിരുത്തുന്നുണ്ട്. ഓരോ വര്‍ഷവും രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് വിലയിരുത്തല്‍ നടത്താറുണ്ട്. ഈ വിലയിരുത്തലിലാണ് 400 രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ പരിഗണനയിലെത്തിയതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ പറഞ്ഞു.
ഓരോ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് കമ്മിഷനോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകള്‍ നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇനിമുതല്‍ ഓരോ വര്‍ഷവും രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടിക പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നസിം സെയ്ദി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.