
അന്തിക്കാട്: മേഖലയില്‍ തെങ്ങുകള്‍ക്ക് രോഗം പടരുന്നു. കാറ്റു വീഴ്ച, മഞ്ഞളിപ്പ്, ചെന്നീരൊലിപ്പ്, പൂങ്കുലച്ചാഴി, എലി ശല്യം വ്യാപകമായിട്ടുണ്ട്. മേഖലയിലെ മൂന്നരലക്ഷം തെങ്ങുകള്‍ വിവിധ രോഗങ്ങള്‍ ബാധിച്ച് നശിച്ചതായി കൃഷി വകുപ്പധികൃതര്‍ കണ്ടെത്തി.
അന്തിക്കാട്, മുറ്റിച്ചൂര്‍, ചാഴൂര്‍, താന്ന്യം, പെരിങ്ങോട്ടുകര, പുത്തന്‍പീടിക, പടിയം ഭാഗങ്ങളിലാണ് തെങ്ങുകള്‍ വ്യാപകമായി നശിച്ചത്. പൂങ്കുലയില്‍ നിന്നു മച്ചിങ്ങ രൂപപ്പെടുന്ന അവസരത്തിലാണ് പൂങ്കുലച്ചാഴിയുടെ ശല്യമുണ്ടാകുന്നത്. മച്ചിങ്ങയുടെ നീര് ഊറ്റിക്കുടിക്കുന്നതിനാല്‍ അവ മുരടിച്ചു കൊഴിഞ്ഞു വീഴുന്നു.
മേഖലയില്‍ നാളികേരോല്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മണ്ഡരിക്കുശേഷം പ്രദേശത്തെ കര്‍ഷകരെ കൂടുതല്‍ വലയ്ക്കുന്നതു ചെന്നീരൊലിപ്പും പൂങ്കുല ചാഴി ശല്യവുമാണ്. തെങ്ങിന്റെ തടിയിലുണ്ടാകന്ന വിള്ളലുകളിലൂടെ ചുവപ്പു കലര്‍ന്ന തവിട്ടു നിറത്തിലുള്ള കറ ഒലിച്ചിറങ്ങുന്നതാണ് ചെന്നീരൊലിപ്പിന്റെ ലക്ഷണം. തെങ്ങിന്റെ കടഭാഗത്താണ് ആദ്യം ഇത് പ്രത്യക്ഷപ്പെടുന്നത്.
രോഗം മൂര്‍ച്ഛിക്കുന്നതോടെ കറയൊലിക്കല് വ്യാപകമാകും. ക്രമേണ തെങ്ങിന്റെ ഉള്‍ഭാഗം ചീയുകയും ഓലകള്‍ക്കു വലിപ്പം കുറയുകയും ചെയ്യുന്നു. ഓലകളുടെ എണ്ണവും നന്നേ കുറയും. മാസങ്ങള്‍ക്കു മുന്‍പ് മേഖലയില്‍ തെങ്ങുകള്‍ പരിശോധിക്കാന്‍ കൃഷി വിദഗ്ധര്‍ എത്തിയെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല.
വിലത്തകര്‍ച്ചയില്‍ നടുവൊടിഞ്ഞ കേരകര്‍ഷകര്‍ക്ക് തെങ്ങിലെ മാരകരോഗങ്ങള്‍ ഇരുട്ടടിയായി. രോഗബാധ ഗുരുതരമായി തുടരുമ്പോഴും വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതിരോധ നടപടികള്‍ ഇഴയുകയാണെന്നാണു കര്‍ഷകരുടെ ആരോപണം.
വിവിധ രോഗങ്ങള്‍ ബാധിച്ച് തെങ്ങുകള്‍ നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്നും വ്യാപക പരാതിയുണ്ട്.
തെങ്ങു രോഗങ്ങള്‍ക്കെതിരേ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കേരകര്‍ഷകര്‍ ആവശ്യപ്പെട്ടു.