2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ പടിക്കുപുറത്ത്

സുനി അല്‍ഹാദി

സിനിമയില്‍ അവസരം നല്‍കാനായി തന്നോടു കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു നടി പാര്‍വതി വെളിപ്പെടുത്തിയതു രണ്ടുമാസം മുമ്പാണ്. മുതിര്‍ന്ന ആളുകളില്‍നിന്നാണു തനിക്ക് ഇത്തരം അനുഭവമുണ്ടായതെന്നും വഴങ്ങാതിരുന്നതുകൊണ്ടാകാം തനിക്കു കുറച്ചുകാലം സിനിമ ഇല്ലാതിരുന്നതെന്നും പാര്‍വതി ഒരു ഫേസ്ബുക്ക് പേജ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

”നിനക്കു ബ്രേക്ക് തന്നതു ഞങ്ങളാണെന്നു പറഞ്ഞ് അവര്‍ക്കു വഴങ്ങേണ്ടത് എന്നെപ്പോലുള്ളവരുടെ കടമപോലെയാണെന്ന മട്ടിലാണു പലരും ലൈംഗികചൂഷണത്തിനായി സമീപിക്കുന്നത്. ‘മോളേ ഇതൊക്കെ ചെയ്യേണ്ടിവരുമെന്ന് ‘ ഉപദേശം നല്‍കിയവരുമുണ്ട്. അങ്ങനെയാണെങ്കില്‍ എനിക്ക് അഭിനയിക്കണ്ടെന്നു ഞാന്‍ തുറന്നുപറഞ്ഞു”. ഇതാണ് അഭിമുഖത്തിന്റെ ചുരുക്കം.
വര്‍ഷങ്ങള്‍ക്കു മുമ്പ് പാര്‍വതിക്കു നേരിട്ട ദുരനുഭവം പുറംലോകമറിയാന്‍ അവര്‍ ടേക്ക് ഓഫ് എന്ന സിനിമയില്‍ അതുല്യപ്രകടനം നടത്തി പ്രേക്ഷകമനസില്‍ ഇടം നേടേണ്ടിവന്നു.

മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇങ്ങനെയൊക്കെ പ്രതികരിച്ചാല്‍ തനിക്കെതിരേ കൂട്ടത്തിലുള്ളവര്‍ വാളെടുക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടിവന്നു. എന്നാലും ചാനല്‍ചര്‍ച്ചകളില്‍ ഘോരഘോരം ഫെമിനിസം വിളമ്പുന്ന സിനിമാരംഗത്തെ പ്രമുഖ പാര്‍വതിയെ വെറുതെവിട്ടില്ല. കിടക്കപങ്കിടാന്‍ ക്ഷണിച്ചവരുടെ പേര് എന്തുകൊണ്ടാണു പാര്‍വതി വെളിപ്പെടുത്താത്തതെന്നായിരുന്നു അവരുടെ ചോദ്യം.
സിനിമയിലെ സ്ത്രീകള്‍ വിവിധതരം ചൂഷണത്തിനു വിധേയമാകുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ചെറിയൊരു വിഭാഗം സ്ത്രീകള്‍ ഇതിനു ഒത്താശചെയ്തുകൊടുക്കുന്നു എന്നതാണ് ഏറെ പരിതാപകരം.

ഇന്‍ഡസ്ട്രിയിലെ മുതിര്‍ന്നവരുടെ വാക്കുകേട്ട് ഇത്തരം ചതിക്കുഴിയില്‍ വീഴുന്നവരുടെ എണ്ണവും വിരളമല്ല. ഒരുപ്രാവശ്യം ചില താല്‍പര്യങ്ങള്‍ക്കു വഴങ്ങി പിന്നെ അതില്‍നിന്നു മുക്തിനേടാന്‍ കഴിയാതെ സിനിമയെന്ന മായാവലയത്തില്‍ പെട്ടവരും നിരവധിയാണ്.
ദിനംപ്രതിയെന്നോണം റിലീസാകുന്ന മലയാളസിനിമകളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നവര്‍ എത്രപേരുണ്ടെന്ന് അന്വേഷിച്ചാല്‍ വിരലിലെണ്ണാവുന്നവര്‍ എന്നായിരിക്കും ഉത്തരം.
പുതുമുഖത്തിന് അവസരം നല്‍കുന്നു, കഴിവുള്ളവര്‍ ധാരാളമുണ്ട് അവര്‍ മുന്നോട്ടു വരട്ടെ എന്നൊക്കെ ഉത്തരങ്ങളുണ്ടെങ്കിലും യാഥാര്‍ഥ്യം ഇതൊന്നുമല്ല.
പ്രതിഭയുള്ള ഒരു നടി ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞാല്‍ അവര്‍ പ്രതിഫലം കൃത്യമായി ചോദിക്കും. സ്വന്തം കഴിവില്‍ വിശ്വാസം വരുമ്പോഴും അറിയപ്പെടുമ്പോഴും അവാര്‍ഡുകള്‍ കിട്ടിക്കഴിയുമ്പോഴുമാണു സ്വന്തം താരമൂല്യം തിരിച്ചറിഞ്ഞു പ്രതിഫലം അവള്‍തന്നെ നിശ്ചയിക്കുന്നതും ചോദിക്കുന്നതും. തികച്ചും സ്വാഭാവികമായ ഒരു വിലയിരുത്തല്‍ കൂടിയാണിത്. എന്നാല്‍, ഇപ്രകാരം താരമൂല്യം സ്വയം തിരിച്ചറിഞ്ഞു പ്രതിഫലം ചോദിച്ചവരൊക്കെ പടമില്ലാതെ വീട്ടിലിരിപ്പാണിപ്പോള്‍.

കൃത്യമായ പ്രതിഫലം ആവശ്യപ്പെടുന്നവരോടു പല കാരണങ്ങള്‍ നിരത്തി നിങ്ങള്‍ക്ക് ഇത്രയും പ്രതിഫലം നല്‍കാന്‍ കഴിയില്ലെന്നു പറയുകയാണ് ആദ്യം ചെയ്യുന്നത്. അങ്ങനെ തുടക്കത്തില്‍ തന്നെ അവരെ ഒതുക്കും.
അവര്‍ കൂടുതല്‍ പണം ചോദിക്കും അതുകൊണ്ട് ഇനി അഭിനയിപ്പിക്കേണ്ട, അവര്‍ക്ക് ഈ പറയുന്ന താരമൂല്യമൊന്നുമില്ല തുടങ്ങിയ ന്യായങ്ങള്‍ നിരത്തി ഇത്തരം കഴിവുള്ളവരെ പുറത്താക്കുകയോ വര്‍ഷങ്ങളോളം അവസരം നല്‍കാതിരിക്കുകയോ ചെയ്യും. നടികളുടെ വേതനവും താരമൂല്യവുമൊക്കെ നിശ്ചയിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും പുരുഷന്മാര്‍ തന്നെയെന്ന് എടുത്തുപറയേണ്ടല്ലോ. വാരികകളുടെ മുഖചിത്രങ്ങളില്‍ നിന്നും സ്‌കൂള്‍ കലോത്സവങ്ങളില്‍ നിന്നുമൊക്കെ സംവിധായകര്‍ കണ്ടെത്തിയ മിടുക്കരായ നടിമാര്‍ മലയാളസിനിമയില്‍ ഏറെയാണ്.

എന്നാല്‍, അവര്‍ക്കു സിനിമയില്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കഴിവില്ലാഞ്ഞിട്ടല്ല.അവസരം നഷ്ടപ്പെട്ട അവര്‍ക്കു സീരിയലുകളിലേക്കും ടി.വി പ്രോഗ്രാമുകളിലേക്കും ചേക്കേറേണ്ടിവന്നു. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം നേരത്തേ പറഞ്ഞ പലരെയും തൃപ്തിപ്പെടുത്താതിരുന്നതില്‍ ഉള്‍പ്പെടും.
സ്വന്തം വ്യക്തിത്വവും നട്ടെല്ലും പണയംവച്ചാല്‍ തങ്ങള്‍ക്കു സിനിമയില്‍ തന്നെ പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നുവെന്ന് സിനിമയില്‍നിന്നു തിരസ്‌കൃതരായ നടിമാരില്‍ പലരും പറയുന്നു.

നടിമാര്‍ക്ക് താരമൂല്യമില്ല. പുരുഷന്മാര്‍ക്കു മാത്രമെ താരമൂല്യമുള്ളുവെന്നാണു പൊതുവേ ധാരണ. എത്ര വലിയ നടിയായാലും പുരുഷന്മാര്‍ തീരുമാനിക്കുന്ന ഈ താരമൂല്യത്തെ അടിസ്ഥാനമാക്കിയായിരിക്കും നായികയെ നിശ്ചയിക്കുന്നത്.
ഈ അടുത്തകാലത്തു വളരെ സാഹസികമായി ചിത്രീകരിച്ച ജനശ്രദ്ധപിടിച്ചുപറ്റിയ സിനിമയില്‍ അഭിനയിച്ച നായികയ്ക്കു ലഭിച്ച പ്രതിഫലം വളരെ തുച്ഛമായിരുന്നു.

ചിത്രത്തിലുടനീളം നായിക തകര്‍ത്തഭിനയിച്ചപ്പോള്‍ ചുരുക്കം ചില ഷോട്ടുകളില്‍ മാത്രം ആദ്യഭര്‍ത്താവായി വേഷമിട്ട യുവനടനു ലഭിച്ചതാകട്ടെ അവളുടെ മൂന്നിരട്ടി പ്രതിഫലവും. സിനിമയിലെ സ്ത്രീ ദുരിതങ്ങള്‍ അഭിനയരംഗത്ത് മാത്രം ഒതുങ്ങുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News