2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തൃപ്പരപ്പിന്റെ വശ്യതയില്‍ മനം കുളിര്‍പ്പിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ബിനുമാധവന്‍

 

പാറശാല: കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ കേരള അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന തൃപ്പരപ്പിന്റെ വശ്യതയില്‍ മനം കുളിര്‍പ്പിക്കാന്‍ എത്തുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു. കാട്ടാറില്‍ നീരാടാന്‍ എത്തുന്നവരില്‍ അധികവും തിരുവനന്തപുരം , കന്യാകുമാരി ജില്ലകളില്‍ നിന്നുളളവര്‍ തന്നെയാണ്. നീലാകാശത്തേയ്ക്ക് പടര്‍ന്നു നില്‍ക്കുന്ന ഗിരിശൃംഗങ്ങളും സ്ഫടിക തുല്യമായ ജലാശയവും തൃപ്പരപ്പിന്റെ മാത്രം പ്രത്യേകതയാണ്.
ലോക ജനിതക പട്ടികയില്‍ പ്രമുഖ സ്ഥാനം പിടിച്ച ഇന്ത്യയിലെ പശ്ചിമഘട്ട താഴ്‌വാരങ്ങളിലൂടെ ഒഴുകിയെത്തുന്ന നദികള്‍ തീര്‍ക്കുന്ന പട്ടണംകാല്‍ ഒന്ന് , പട്ടണംകാല്‍ രണ്ട് എന്ന് തമിഴ്‌നാട് വിളിക്കുന്ന ചിറ്റാര്‍ അണക്കെട്ടിനു സമീപത്തായാണ് കോതയാര്‍ തീര്‍ക്കുന്ന തൃപ്പരപ്പ് വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചുറ്റും നിബിഢമായ റബര്‍ മരങ്ങളും പശ്ചിമഘട്ട സഹ്യാദ്രി മേടുകളും തൂവെളള നിറത്തിലുളള ജലാശയത്തെ കൂടുതല്‍ മനോഹരിയാക്കുന്നു. സായം സന്ധ്യകളില്‍ മനസിന് ഉന്‍മേഷവും അസ്തമയ പ്രഭയില്‍ ഇളം മഞ്ഞും കോട കാറ്റും മറ്റൊരു പ്രവഞ്ച വിസ്മയം തീര്‍ക്കുകയാണിവിടെ. നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം , നെയ്യാര്‍ അണക്കെട്ട് , തക്കല പത്മനാഭപുരം കൊട്ടാരം തുടങ്ങിയ അറിവിന്റെ ലോകങ്ങള്‍ ദര്‍ശിച്ച് കടന്നു പോകുന്ന പാതയുടെ സമീപത്തു തന്നെയാണ് തൃപ്പരപ്പിന്റെ ശയനം.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തൃപ്പരപ്പ് വെളളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളിലേറെയും കന്യാകുമാരിയിലും എത്തിയാണ് മടങ്ങുക. നെയ്യാറിലെ ബോട്ട് യാത്രയും തൃപ്പരപ്പിലെ തണുത്ത കുളിയും പത്മനാഭപുരം കൊട്ടാരത്തിലെ വിചിത്ര വീരേദിഹാസ ചരിത്രങ്ങളും ആവോളം ചികഞ്ഞെടുത്ത് കന്യാകുമാരിയുടെ മുനമ്പിലെത്തുമ്പോള്‍ സഞ്ചാരിക്ക് അയവിറക്കാന്‍ വക ഏറെയുണ്ടാകും.
തൃപ്പരപ്പ് വെളളച്ചാട്ടത്തിന് ഇരുപത് അടിയില്‍പ്പരം ഉയരമില്ല. എങ്കിലും തൂവെളള നിറത്തില്‍ കുതിച്ചു ചാടുന്ന കാട്ടരുവിക്ക് എന്തെന്നില്ലാത്ത കുളിരാണ്. വെളളച്ചാട്ടത്തിന്റെ അടിയില്‍ ഇറങ്ങി നിന്ന് കുളിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാനുളള കല്‍മണ്ഡപങ്ങളില്‍ എപ്പോഴും തണുത്ത കാറ്റിന്റെ മര്‍മരം. തൃപ്പരപ്പിന്റെ പ്രകൃതിലാളനയില്‍ മതിമറന്നാല്‍ അപകടം നിശ്ചയമാണ്. പായലു നിറഞ്ഞ പാറപ്പരപ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ അപകടം മുന്നില്‍ കാണണം. കേരളത്തിലെ തെക്കന്‍ ജില്ലകളിലും അഗസ്ത്യവന മേഖലകളിലും കന്യാകുമാരി ജില്ലയിലും ദിവസങ്ങള്‍ക്ക് മുന്‍പ് മഴ ശക്തമായി ലഭിച്ചിരുന്നതിനാല്‍ തൃപ്പരപ്പിലെ ജല നിരപ്പ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ അവകാശം കേരളത്തിനായിരുന്നുയെങ്കില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുപ്രധാന വെളളച്ചാട്ടങ്ങളില്‍ ഒന്നാകുമായിരുന്നു തൃപ്പരപ്പ്. കാലത്തിന്റെ ചവിട്ടടികളില്‍പ്പെട്ട് കേരളത്തിന്റെ ഹൃദയ ഭാഗങ്ങള്‍ അടര്‍ന്നു പോയപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് ഈ സ്വപ്ന തീരംകൂടീയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.