2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

തുഷാറിനു ജാമ്യം; ജയില്‍മോചിതനായി

 

ദുബൈ: 10 വര്‍ഷം മുന്‍പത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അജ്മാനില്‍ ജയിലിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് മോചനം.
എം.എ യൂസഫലിയുടെ നേതൃത്വത്തില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് രണ്ടു ദിവസമായി ജയിലിലായിരുന്ന തുഷാര്‍ ഇന്നലെ മോചിതനായത്.
അജ്മാനിലുള്ള തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയ്ക്ക് പത്തു വര്‍ഷം മുന്‍പ് നല്‍കിയ പത്തു ദശലക്ഷം ദിര്‍ഹത്തിന്റെ (ഇരുപത് കോടിയോളം രൂപ) ചെക്കുമായി ബന്ധപ്പെട്ടാണ് തുഷാര്‍ അറസ്റ്റിലായത്. പലപ്പോഴായി പണം നല്‍കിയെന്നും തിയതി രേഖപ്പെടുത്താത്ത ചെക്ക് ഉപയോഗിച്ച് വഞ്ചിക്കുകയായിരുന്നുവെന്നുമാണ് തുഷാറിന്റെ ആരോപണം.
അജ്മാനില്‍ നേരത്തെ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുല്ലയുടെ കമ്പനി. പത്തു വര്‍ഷം മുന്‍പു വെള്ളാപ്പള്ളി കമ്പനി കൈമാറിയെങ്കിലും നാസില്‍ അബ്ദുല്ലയ്ക്കു പണം നല്‍കാനുണ്ടായിരുന്നു. ഇതിനു പകരമായി നല്‍കിയ ചെക്കിന്റെ പേരിലായിരുന്നു നിയമനടപടികള്‍.

 

തുഷാറിനു വേണ്ടി വേഗത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ബി.ഡി.ജെ.എസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി വണ്ടിച്ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ സംഭവത്തില്‍ വേഗത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവമറിഞ്ഞ് രാവിലെ തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയക്കുകയും പ്രവാസി വ്യവസായി യൂസഫലിയോട് ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഇടപെടുന്നതിനു മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു കത്തയക്കുകയായിരുന്നു. തുഷാറിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് തുഷാറിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. തുഷാറിനു വേണ്ടി മുഖ്യമന്ത്രി ധൃതിപിടിച്ച് ഇടപെട്ടത് ഇന്നലെ സി.പി.എം സംസ്ഥാന സമിതിയിലും ചര്‍ച്ചയായി. പണം തട്ടിപ്പു കേസിലാണ് തുഷാര്‍ അജ്മാനില്‍ അറസ്റ്റിലായതെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാതെ തിടുക്കപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര മന്ത്രിക്ക് സഹായം അഭ്യര്‍ഥിക്കേണ്ടതില്ലായിരുന്നുവെന്നും നിരവധി സാധാരണക്കാര്‍ ചെക്ക് കേസില്‍ അകത്താകുന്നുണ്ടെന്നും അതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടോ എന്നും ചില അംഗങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥന പ്രകാരമാണ് മുഖ്യമന്ത്രി എന്ന നിലയില്‍ ഇടപെടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് യോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.