2018 April 18 Wednesday
ഭാവി നമ്മുടെ ജീവിതത്തിലേക്ക് കടന്നു കയറുമ്പോള്‍ അതിനെ മാറ്റം എന്ന് പറയുന്നു
ആല്‍വിന്‍ ടോഫ്‌ളര്‍

Editorial

തുര്‍ക്കി മറ്റൊരു സിറിയയാകുമോ?


പുതുവത്സര ദിനത്തില്‍ തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞദിവസം ഇറാഖ് തലസ്ഥാനമായ ബഗ്ദാദിനടുത്ത് സദര്‍ നഗരിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. തുര്‍ക്കിയില്‍ ഐ.എസ് ഇടയ്ക്കിടെ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളും തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ റഷ്യന്‍ സ്ഥാനപതി ആന്ദ്രയ് കര്‍ലോസ് ഭീകരവാദികളുടെ വെടിയേറ്റു മരണപ്പെട്ടതും തുര്‍ക്കി മറ്റൊരു സിറിയ ആയേക്കുമോ എന്ന ഭയമാണ് ലോകത്തിന് പുതുവര്‍ഷാരംഭത്തില്‍ തന്നെ നല്‍കുന്നത്.

സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ജീവനും കൊണ്ടോടിയ തദ്ദേശീയരില്‍ വലിയൊരു വിഭാഗം തുര്‍ക്കിയിലാണ് അഭയം പ്രാപിച്ചത്. അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങളും ഭീകരരുടെ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. സിറിയയിലും ഇറാഖിലും ഐ.എസിനെതിരേ ശക്തമായ പോരാട്ടം നടത്തുന്ന തുര്‍ക്കിയെ അസ്ഥിരപ്പെടുത്തുക എന്നതിലാണിപ്പോള്‍ ഐ.എസിന്റെ ശ്രദ്ധ എന്നു തോന്നുന്നു. ഐ.എസിന്റെ പിന്നില്‍ അമേരിക്കയാണെന്ന് ഇതിനകം തന്നെ വെളിപ്പെട്ടതാണെന്നിരിക്കെ മറ്റു രാഷ്ട്രങ്ങളില്‍ കലാപമുണ്ടാക്കുന്ന പഴയ നിലപാട് അമേരിക്ക തുടരുന്നു എന്നു വേണം കരുതാന്‍. ഇസ്താംബൂളില്‍ ഐ.എസ് ഭീകരന്റെ വെടിയേറ്റ് 39 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.

സിറിയയില്‍ ഐ.എസിനെതിരേ തുര്‍ക്കി നടത്തിയ ഇടപെടലിനെതിരേയുള്ള തിരിച്ചടിയായാണ് പുതുവര്‍ഷ തലേന്നത്തെ ആക്രമണമെന്നാണ് ഐ.എസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സിറിയന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്ന് ഐ.എസിനെയും കുര്‍ദിശ് ഭീകരരെയും തുരത്തുവാന്‍ തുര്‍ക്കി സൈന്യം കഴിഞ്ഞ നാലു മാസമായി സിറിയയില്‍ പോരാടുകയാണ്. ഇറാഖിലും ഐ.എസിനെതിരേയുള്ള പോരാട്ടമുഖത്താണ് തുര്‍ക്കി. ഇറാഖിലെ സദര്‍ നഗരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഐ.എസ് ചാവേര്‍ ആക്രമണവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ആക്രമണത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു ദിവസത്തിനിടെ ബഗ്ദാദിലുണ്ടായ മൂന്നാമത്തെ സ്‌ഫോടനമായിരുന്നു ഇത്. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസിന് പിന്തുണ നല്‍കി തുര്‍ക്കിയിലും സിറിയയിലേതു പോലെ സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്തി ആ രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് കളമൊരുക്കി ആയുധങ്ങള്‍ വിറ്റഴിക്കുവാനുള്ള കുതന്ത്രങ്ങളാണോ അമേരിക്ക പയറ്റുന്നതെന്ന് തോന്നിപ്പോകുന്നു.

തുര്‍ക്കിയിലെ വിമത നേതാവിന് അമേരിക്ക അഭയം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരമൊരു സംശയത്തിന് ന്യായമുണ്ട്. ഒരു കൈയില്‍ യുദ്ധവും മറുകൈയില്‍ സമാധാനവും പിടിച്ച് ആയുധങ്ങള്‍ വിറ്റഴിക്കുകയും ഇതര രാഷ്ട്രങ്ങളുടെ കടിഞ്ഞാണ്‍ കൈയിലാക്കുവാനും സാമ്രാജ്യത്വ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിഗൂഢ ശ്രമങ്ങളായിട്ടു വേണം ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സ്‌ഫോടനങ്ങളെയും അക്രമങ്ങളെയും കാണാന്‍. സൗദി അറേബ്യയില്‍ പോലും ഭീകരാക്രമണങ്ങള്‍ എത്തിയിരിക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ തിരിച്ചറിവിലേക്ക് ഇപ്പോഴും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ വരുന്നില്ലെന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം. ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ പത്തിനുണ്ടായ ഭീകരാക്രമണത്തില്‍ 44 പേരാണ് കൊല്ലപ്പെട്ടത്. ഡിസംബറില്‍ തന്നെയാണ് റഷ്യന്‍ സ്ഥാനപതി അങ്കാറയില്‍ വെടിയേറ്റ് മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയില്‍ പന്ത്രണ്ടോളം ഭീകരാക്രമണങ്ങള്‍ ഉണ്ടായി. മദീനയിലെ മസ്ജിദുന്നബവിയില്‍ വരെ ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടു. ഭീകരരും നാല് സുരക്ഷാജീവനക്കാരുമാണ് ഇവിടെ കൊല്ലപ്പെട്ടത്.

കുര്‍ദ് വിമതര്‍ ഇസ്താംബൂളില്‍ നടത്തിയ സ്‌ഫോടനത്തില്‍ 44 പേര്‍ മരണപ്പെട്ടിരുന്നു. ജൂണില്‍ അതാതുര്‍ഖ് വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ 47 പേര്‍ മരണപ്പെട്ടിരുന്നു. ഇങ്ങനെയെല്ലാം വ്യാപകമായ ആക്രമണം നടത്താന്‍ മാത്രം ശക്തരാണോ ഐ.എസ് എന്ന ഭീകരസംഘടന? ഐ.എസ് ഭീകരര്‍ക്കെതിരേ പോരാടുന്ന രാഷ്ട്രങ്ങളെയെല്ലാം തകര്‍ക്കുവാനും അവിടെ ഭീകരാക്രമണ ശൃംഖല തന്നെ തീര്‍ക്കുവാനും സാമ്രാജ്യത്വ ശക്തികള്‍ പുതുവര്‍ഷത്തിലും ശ്രമം തുടരുന്നു. സിറിയ കഴിഞ്ഞാല്‍ അടുത്തത് തുര്‍ക്കിയാകുമോ എന്ന ആശങ്കയാണ് പുതുവര്‍ഷം സമാധാനകാംക്ഷികള്‍ക്ക് നല്‍കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.