2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തുര്‍ക്കിയില്‍ രണ്ട് ഉന്നത സൈനികോദ്യോഗസ്ഥര്‍ രാജിവച്ചു

അങ്കാറ: സൈനിക അട്ടിമറി നീക്കം പരാജയപ്പെടുകയും തുടര്‍ന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ തുര്‍ക്കിയില്‍ രണ്ട് ഉന്നത സൈനികോദ്യോഗസ്ഥര്‍ രാജിവച്ചു.
സൈനിക അട്ടിമറി നീക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കി സുപ്രിം മിലിട്ടറി കൗണ്‍സില്‍ യോഗം വിളിച്ചിരുന്നു. ഈ യോഗം തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുന്‍പാണ് രാജി.
തുര്‍ക്കി സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരായ കാമില്‍ ബസഗുലു, ഇഹ്‌സാന്‍ ഉയ എന്നിവരാണ് രാജിവച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ഇവര്‍ക്കെതിരേ നടപടി വരുമെന്നുകണ്ടാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ ഓഗസ്റ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സുപ്രിം കൗണ്‍സില്‍ യോഗം ഒരാഴ്ച നേരത്തേയാക്കിയിരുന്നു. സൈനികമേധാവികള്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നതും പിരിച്ചുവിടുന്നതും നടപടിയെടുക്കുന്നതുമൊക്കെ സുപ്രിം കൗണ്‍സിലാണ്. യോഗത്തില്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
സൈനിക അട്ടിമറി നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നു രാജ്യത്തു 1,223 സൈനിക ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ട്. അതേസമയം, തുര്‍ക്കിയില്‍ മാധ്യമസ്ഥാപനങ്ങള്‍ക്കു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ 15നാണ് തുര്‍ക്കിയില്‍ സൈനിക അട്ടിമറി നീക്കമുണ്ടായത്. ഇതു ജനങ്ങള്‍ തടയുകയായിരുന്നു. തുടര്‍ന്നു പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് രാജ്യത്തു മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.