2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

തുമ്പൂര്‍മുഴി പാര്‍ക്ക് പഴയ പ്രതാപത്തിലേക്ക്; നാലുകോടിയുടെ പുനര്‍നിര്‍മാണ പ്രവൃത്തി അവസാനഘട്ടത്തില്‍

ചാലക്കുടി: തുമ്പൂര്‍മുഴിയിലെ പാര്‍ക്ക് പഴയ പ്രതാപത്തിലേക്കെത്തുന്നു. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പാര്‍ക്കാണിപ്പോള്‍ പുനര്‍നിര്‍മിക്കുന്നത്. നാലു കോടി രൂപയുടെ പുനര്‍നിര്‍മാണ പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്. പ്രവൃത്തികളെല്ലാം അവസാനഘട്ടത്തിലാണ്. കുട്ടികളേയും മുതിര്‍ന്നവരേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള പാര്‍ക്കാണ് ഇവിടെ ഒരുക്കുന്നത്. അതിരപ്പിള്ളി ടൂറിസ്റ്റ് മേഖലയില്‍ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്നു തുമ്പൂര്‍മുഴി പാര്‍ക്ക്. വിശ്രമിക്കാനും വിനോദത്തിനുമായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തിയിരുന്നത്. ശരാശരി ഏഴുലക്ഷം രൂപയുടെ വരുമാനം പ്രതിമാസം ഇവിടെ ലഭിച്ചിരുന്നു. എന്നാല്‍ ആഗസ്റ്റ് മാസത്തിലുണ്ടായ മഹാപ്രളയത്തില്‍ പാര്‍ക്ക് നാശോന്മുഖമായി. തുമ്പൂര്‍മുഴി പാര്‍ക്കിന് മുന്നിലെ പാര്‍ക്കിങ് ഏരിയയിലെ ഉരുള്‍പൊട്ടി. ഇവ കുത്തിയൊലിച്ച് പാര്‍ക്കിലാണ് ചെന്ന് പതിച്ചത്. ഇതിന് പുറമെ പുഴ ഗതിമാറി ഒഴുകുകയും ചെയ്തതോടെ കുട്ടികളുടെ പാര്‍ക്ക് പൂര്‍ണമായും നശിച്ചു. പാര്‍ക്കിനോട് ചേര്‍ന്നുള്ള പുഴയോരവും വെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയി. മൂന്നുകോടി രൂപയുടെ നഷ്ടമാണ് ഇവിടെ സംഭവിച്ചത്. ഈ പാര്‍ക്കാണിപ്പോള്‍ വീണ്ടും പഴയ പ്രതാപത്തിലേക്കെത്തുന്നത്.
കുട്ടികള്‍ക്കായുള്ള പാര്‍ക്കിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ അവസ്ഥയിലാണ്. പാര്‍ക്കിന് മുന്നിലെ മങ്കി എന്‍ട്രന്‍സ് ആകര്‍ഷണമാണ്. 35 അടിയോളം ഉയരത്തിലുള്ള മങ്കി എന്‍ട്രന്‍സ്.
കുട്ടികള്‍ക്കായുള്ള വിവിധ തരത്തിലുള്ള റൈഡുകളും ഇവിടെയൊരുക്കുന്നുണ്ട്. പുഴയോരത്ത് കൂടി നടപ്പാത ഒരുക്കിയിട്ടുണ്ട്. പുഴയോരത്ത് 450 മീറ്റര്‍ ദൂരം കരിങ്കല്ല് വിരിച്ചുള്ള ഈ നടപാത സഞ്ചാരികള്‍ പുതിയ അനുഭവമാണ് നല്‍കുക. പുഴയോരത്ത് രണ്ട് കരങ്കല്ലില്‍ തീര്‍ത്ത കല്‍മണ്ഡപങ്ങളും ഒരുങ്ങുന്നുണ്ട്. കര്‍ട്ടന്‍ഫാള്‍ വെള്ളച്ചാട്ടം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആനന്ദം നല്‍കും. 25 മീറ്റര്‍ വീതിയിലുള്ള വെള്ളച്ചാട്ടത്തിന് ചുറ്റും വര്‍ണലൈറ്റുകളും ഒരുക്കുന്നുണ്ട്. കുടിക്കാനായുള്ള ശുദ്ധീകരിച്ച വെള്ളത്തിന് പ്രത്യേക സംവിധാനവും ഇവിടെയുണ്ട്. സഞ്ചാരികള്‍ക്കായി ഫസ്റ്റെയ്ഡ് സൗകര്യമുണ്ട്.  വീല്‍ചെയറിലിരുന്ന് പാര്‍ക്കിന്റെ എല്ലാ ഭാഗത്തേക്കും എത്തിചേരാന്‍ റാമ്പ് സൗകര്യമുള്ള പാര്‍ക്കായി മാറുകയാണ് തുമ്പൂര്‍മുഴി. ഹെര്‍ബല്‍ ഗാര്‍ഡന്‍, ചിത്രശലഭ പാര്‍ക്ക് തുടങ്ങിയവയെല്ലാം പഴയകാല പ്രതാഭത്തിലെത്തി. ഹൗസിങ് ബോര്‍ഡിനാണ് നിര്‍മാണ ചുമതല. ആറുമാസത്തിനുള്ളില്‍ മുഴുവന്‍ നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തീയാകും.
പ്രളയത്തെ തുടര്‍ന്ന് ഒന്നര മാസത്തോളം പാര്‍ക്ക് അടച്ചിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്കായി പാര്‍ക്ക് തുറന്ന് കൊടുത്തു. നാലു ലക്ഷത്തോളം രൂപയുടെ വരുമാനം ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള കാനനയാത്ര സവാരി സര്‍വിസുകളും പുനസ്ഥാപിച്ചു.  മലക്കപ്പാറയിലേക്കും, ഷോളയാറിലേക്കും പ്രതിദിനം സര്‍വിസുണ്ട്. വാല്‍പ്പാറ, നെല്ലിയാപതി എന്നിവിടങ്ങളിലേക്ക് ആഴ്ചയിലൊരിക്കലും സര്‍വിസുണ്ട്. തുമ്പൂര്‍മുഴി പാര്‍ക്ക് പഴയ പ്രതാഭത്തിലെത്തിയതോടെ സഞ്ചാരികളുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
സഞ്ചാരികള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും അധികൃതര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News