2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകള്‍, ഹൃദയം പിളര്‍ന്ന് മലയോരം

മുക്കം: സമാനതകളില്ലാത്ത ദുരന്തമാണ് മലയോര മേഖലകളില്‍ അലയടിച്ചത്. ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് മലയോര പ്രദേശങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറി. നൂറുകണക്കിന് വീടുകള്‍ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

കടകളും കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും മദ്‌റസകളും സര്‍ക്കാര്‍ ഓഫിസുകളുമടക്കം പലതും ഇരച്ചെത്തിയ വെള്ളത്തില്‍ മുങ്ങിപോയി.

ഹെക്ടര്‍ കണക്കിന് കൃഷിസ്ഥലങ്ങളും പറമ്പുകളും നശിച്ചു. മേഖലയിലെ ഭൂരിഭാഗം റോഡുകളും തകര്‍ന്നടിഞ്ഞു. നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. രണ്ടു മാസത്തിനിടെ മൂന്ന് തവണയാണ് വെള്ളപ്പൊക്കം ഉണ്ടായത്. ഓരോ തവണ വെള്ളം കയറുമ്പോഴും ഇരകള്‍ അനുഭവിക്കുന്ന ദുരിതം വാക്കുകള്‍ക്കതീതമാണ്.

കുത്തിയൊലിച്ചു വരുന്ന മഴവെള്ളത്തിന് മുന്‍പില്‍ നിസഹായതയോടെ നോക്കി നില്‍ക്കുവാന്‍ മാത്രമാണ് പലര്‍ക്കും കഴിഞ്ഞത്.

പലരും കൈപ്പിടിയിലൊതുങ്ങുന്ന വസ്തുക്കളുമെടുത്താണ് ദുരിതാശ്വാസ ക്യാംപുകളിലും ബന്ധു വീടുകളിലും അഭയം തേടിയത്.

ജീവിത സമ്പാദ്യങ്ങളും ഉപാധികളും ഉപജീവന മാര്‍ഗങ്ങളുമെല്ലാം കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. അതില്‍ ഏറ്റവും വലിയ നഷ്ടം വീടുകള്‍ക്ക് തന്നെയാണ്. ദിവസങ്ങളോളം വെള്ളം കയറിയതിനെ തുടര്‍ന്ന് പല വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്.

ഒട്ടുമിക്ക പഴയ വീടുകളും തകര്‍ന്നു. അങ്ങാടികളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കടകളിലെ വില്പനച്ചരക്കുകള്‍ നശിക്കുകയും ഒലിച്ചു പോവുകയും ചെയ്തു.

ആയിരക്കണക്കിന് കിണറുകളില്‍ പുഴ വെള്ളം കയറി മലിനമായി. അനവധി വാഹനങ്ങള്‍ നശിച്ചു. വീടുകളിലെ ശുചിമുറികളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കക്കൂസ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്ന സാഹചര്യമുണ്ടായി. ഇതിനെത്തുടര്‍ന്ന് വെള്ളപ്പൊക്ക ബാധിത മേഖലയില്‍ കനത്ത പകര്‍ച്ചവ്യാധി ഭീഷണിയാണ് നിലനില്‍ക്കുന്നത്. അവശ്യ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവരും നിരവധിയാണ്.

വെള്ളം കയറിയ വീടുകളിലെ വസ്ത്രങ്ങള്‍, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള മിക്ക സാധനങ്ങളും വെള്ളത്തില്‍ ഒലിച്ചുപോയി.

ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പുസ്തകങ്ങളുമൊക്കെ വെള്ളം കയറി നശിച്ചു. ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലെ കാഴ്ചകളാണ് ഏറെ ദയനീയം. മനുഷ്യവാസം സാധ്യമല്ലാത്തവിധം തകര്‍ന്നടിഞ്ഞ് കിടക്കുകയാണ് ഇത്തരം സ്ഥലങ്ങള്‍. റോഡ്, പാലങ്ങള്‍ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ ഒലിച്ചു പോയതിനാല്‍ പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.