2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

തീവ്ര പരിശീലനവുമായി ബ്ലാസ്റ്റേഴ്‌സ് ഗ്രീന്‍ഫീല്‍ഡില്‍

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മൂന്നാം സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായ പരിശീലനത്തില്‍. ഒക്ടോബര്‍ ഒന്നിനു തുടങ്ങുന്ന ഐ.എസ്.എല്‍ മൂന്നാം പതിപ്പിനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രണ്ടു ദിവസം പിന്നിട്ടു. പ്രധാന പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. വൈകിട്ട് നാലര മുതല്‍ അഞ്ചര വരെയാണ് പരിശീലനം. മാധ്യമങ്ങളെ അടുപ്പിക്കാതെയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനു താരങ്ങള്‍ക്കും ടീം ഒഫിഷ്യല്‍സിനും കര്‍ശന നിയന്ത്രണമാണ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന തന്ത്രങ്ങള്‍ ഒരു കാരണവശാലും ചോരരുതെന്ന ദൃഢ നിശ്ചയത്തിലാണ് മാനേജ്‌മെന്റ്. പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെയും സഹ പരിശീലകന്‍ വാലി ഡൗവന്‍സിന്റെയും ഗോള്‍ക്കീപ്പിങ് പരിശീലകന്‍ കൂടിയായ ഗ്രഹാം സ്റ്റാക്കിന്റെയും മേല്‍നോട്ടത്തില്‍ തീവ്ര പരിശീലനം തന്നെയാണ് വിദേശത്തും സ്വദേശത്തും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വയ്ക്കുന്നത്. മൈക്കല്‍ ചോപ്രയും അന്റോണിയോ ജര്‍മെയ്‌നും സെഡ്രിക് ഹെങ്ബര്‍ട്ടും ഉള്‍പ്പടെ 14 താരങ്ങളാണ് പരിശീലനത്തിനുള്ളത്. മലയാളി താരങ്ങളായ മുഹമ്മദ് റാഫി, പ്രശാന്ത് മോഹന്‍ എന്നിവര്‍ക്ക് പുറമേ സഹ പരിശീലകന്‍ കൂടിയായ ഇഷ്ഫാഖ് അഹമ്മദ്, ഗുര്‍വീന്ദര്‍ സിങ്, ഹാവോക്കിപ്പ്, കുനാല്‍ സാവന്ത്, വിദേശ താരം ഹൊസുവും പരിശീലനത്തില്‍ സജീവമാണ്.
സി.കെ വിനീത്, റിനോ ആന്റണി, സന്തേശ് ജിങ്കാന്‍ തുടങ്ങിയവര്‍ ടീമിനാപ്പം ചേര്‍ന്നിട്ടില്ല. സെപ്റ്റംബര്‍ ആറു വരെ ഗ്രീന്‍ഫീല്‍ഡില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം തുടരും. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് തായ്‌ലന്‍ഡിലേക്ക് പരിശീലനത്തിനായി പറക്കും. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. നാളെ ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ടീം ഉടമകളും പങ്കെടുക്കുന്ന ചടങ്ങില്‍ ടീമിനെ അവതരിപ്പിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.