2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

തീര്‍ഥാടകര്‍ 24 മണിക്കൂര്‍ മുന്‍പ് ഹജ്ജ് ക്യാംപിലെത്തണം

ഹജ്ജിന് ഇത്തവണ കൂടുതല്‍ സ്ത്രീകള്‍, തീര്‍ഥാടകരില്‍ 25 കുട്ടികളും

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പേകുന്നവരില്‍ കൂടുതല്‍ സ്ത്രീകള്‍.11,521 തീര്‍ഥാടകര്‍ക്കാണ് ഇതുവരെ അവസരം ലഭിച്ചത്.ഇവരില്‍ 6506 പേര്‍ സ്ത്രീകളും,5015 പേര്‍ പുരുഷന്മാരുമാണ്.
രണ്ട് വയസ്സിന് താഴെയുളള കുട്ടികള്‍ ഈ വര്‍ഷം 25 പേരുണ്ട്. ഇവരില്‍ 16 പേര്‍ ആണ്‍കുട്ടികളും,9 പെണ്‍കുട്ടികളുമാണ്.ഹജ്ജിന്റെ കാത്തിരിപ്പ് പട്ടികയിലെ 2376 പേര്‍ക്കാണ് ഇത്തവണ അവസരം കൈവന്നത്.അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയവര്‍ കൂടിയതോടെയാണ് കാത്തിരിപ്പ് പട്ടികയില്‍ കൂടുതല്‍പേര്‍ക്ക് അവസരം കൈവരാന്‍ കാരണം.
ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാന്‍ ലക്ഷദ്വീപില്‍ നിന്ന് 276 പേരുണ്ട്.ഇവരില്‍ 143 പര്‍ പുരുഷന്മാരും,133പേര്‍ സ്ത്രീകളുമാണ്. മാഹിയില്‍ നിന്ന് അവസരം ലഭിച്ച 47 പേരില്‍ 21 പുരുഷന്മാരും 26 സ്ത്രീകളുമാണുള്ളത്.

കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്നവര്‍ യാത്രയുടെ 24 മണിക്കൂര്‍ മുമ്പ് ഹജ്ജ് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. ഹജ്ജ് കമ്മിറ്റിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് തീര്‍ത്ഥാടകര്‍ നെടുമ്പാശ്ശേരി ടെര്‍മിനലിലാണ് ആദ്യമെത്തേണ്ടത്.
ഇവിടെ രണ്ട് ലഗേജുകളും പാ സ്‌പോര്‍ട്ടും നല്‍കി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കൂപ്പണ്‍ സ്വീകരിച്ച് ക്യംപിലെത്തിക്കും. ഹജ്ജ് ക്യാംപില്‍ തീര്‍ഥാടകന്റെ കൂടെവരുന്നവരെയോ,സന്ദര്‍ശകരയോ പ്രവേശിപ്പിക്കില്ല. ഇവര്‍ തീര്‍ഥാടകരെ ഇറക്കി തിരിച്ചു പോവണം. താമസിക്കണമെന്നുളളവര്‍ സ്വയം സ്ഥലം കണ്ടെത്തണം.
നെടുമ്പാശ്ശേരി സിയാല്‍ അക്കാദമിയിലാണ് ഹജ്ജ് ക്യാംപ് ഒരുക്കുന്നത്.850 പേര്‍ക്ക് താമസിക്കാനുളള രണ്ടുനിലകെട്ടിടം സജ്ജമാക്കിയിട്ടുണ്ട്.66ലക്ഷം രൂപ മുടക്കിയാണ് സിയാല്‍ ഹജ്ജ് ക്യാംപ് ഒരുക്കിയിട്ടുളളത്. തീര്‍ഥാടകന് ഭക്ഷണത്തിനും പ്രാഥമിക കാര്യങ്ങള്‍ക്കും പ്രാര്‍ഥിക്കാനും പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം സൗജന്യമായി ലഭിക്കും.
ഹജ്ജ് ക്യാംപ് വിജയിപ്പിക്കാനായി ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ ചെയര്‍മാന്മാരായി വിവിധ സബ്കമ്മിറ്റികള്‍ നിലവില്‍ വന്നു. അഹമ്മദ് മൂപ്പന്‍(ഭക്ഷണം),എ.കെ.അബ്ദുറഹിമാന്‍(വളന്റിയര്‍),ഷരീഫ് മണിയാട്ടുകുടി(ഗതാഗതം),ഡോ.ഇ.കെ.അഹമ്മദ് കുട്ടി(അക്കമഡേഷന്‍),എസ്.നാസുറുദ്ദീന്‍(രജിസ്‌ട്രേഷന്‍),പ്രഫ.എ.കെ.അബ്ദുള്‍ ഹമീദ് (റിസപ്ഷന്‍),അബ്ദുറഹിമാന്‍ പെരിങ്ങാടി(ആരോഗ്യം),തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൗലവി(തസ്‌കിയത്ത്),എച്ച്.ബാബുസേട്ട് (ജന.കണ്‍വീനര്‍).
ഇവരുടെ നേതൃത്വത്തില്‍ ഉപകമ്മിറ്റികളും നിലവില്‍ വരും. ക്യാംപില്‍ 200 വളന്റിയര്‍മാരെ മാത്രമാണ് അനുവദിക്കുക. ഹജ്ജ് കാര്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വളന്റിയര്‍മാരുടെ യോഗം നെടുമ്പാശ്ശേരിയില്‍ ചേരും.
ഓഗസ്റ്റ് ഒന്നുമുതല്‍ 410 പേര്‍ക്ക് സഞ്ചരിക്കാവുന്ന 39 വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുക. ഹജ്ജ് ക്യാംമ്പ് ജൂലൈ 29ന് തുടങ്ങും.നാലു വിമാനങ്ങളുള്ള ദിവസത്തെ തിരക്ക് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.
ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്ക് നെടുമ്പാശ്ശേരിയിലെത്താന്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക ലോ ഫ്‌ളോര്‍ ബസ്സ് സര്‍വിസ് നടത്തും. എല്ലാ ട്രെയ്‌നുകള്‍ക്കും ആലുവയില്‍ സ്‌റ്റോപ്പും അനുവദിക്കും. ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായി. ഡോ.ഇ.കെ.അഹമ്മദ് കുട്ടി, പ്രഫ.എ.കെ.അബ്ദുള്‍ ഹമീദ്,എച്ച്.ബാബുസേട്ട്,എ.കെ.അബ്ദുറഹിമാന്‍,എസ്.നാസറുദ്ധീന്‍, ശരീഫ് മലയാട്ടുകുടി സംബന്ധിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.