
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: രാഷ്ട്രീയമായി ഉപയോഗിച്ച് ഇറാന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതി തടയുന്ന ഇറാന് നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി.സി.സി രംഗത്തെത്തി. ഓരോ പ്രതിബദ്ധങ്ങള്‍ തീര്‍ത്ത് ഹജ്ജ് കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് തടസം നിന്ന് രാഷ്ട്രീയം കളിക്കുന്ന നടപടിയാണ് ഇപ്പോള്‍ ഇറാന് പുറത്തെടുക്കുന്നതെന്നു ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്വീഫ് അല്‍ സയാനി പ്രസ്താവനയില്‍ പറഞ്ഞു.
മുസ്ലിംകളുടെ പ്രധാന ആരാധനയായ ഹജ്ജിനെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നതിനെ ജി.സി.സി അംഗ രാജ്യങ്ങള്‍ ശക്തിയായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ നഗരങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സഊദി ചെയ്തുകൊടുക്കുന്ന അങ്ങേയറ്റത്തെ സേവനങ്ങള്‍ അനുസ്മരിച്ചാണ് ജി.സി.സി ഇറാന് നടപടിയെ ശക്തിയായി അപലപിച്ചത്.
സഊദിയുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവെച്ചില്ലെന്നും ഇറാനിലെ ഹാജിമാര്‍ക്ക് ഇത്തവണത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന ഇറാന്റെ ഭാഗത്തുനിന്നു പ്രസ്താവന വന്ന സ്ഥിതിക്കാണ് ജി.സി.സി നിലപാട് വ്യക്തമാക്കിയത്.
കടുംപിടുത്തത്തിലൂടെ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടയുന്ന ഇറാന് നടപടിക്കെതിരെ പാകിസ്താന് പണ്ഡിതസഭയും അപലപിച്ചു. നയതന്ത്ര പ്രശ്നം നിലനിന്നിട്ടും സഊദി അറേബ്യ വിട്ടുവീഴ്ച ചെയ്തു കൊടുത്തതിനെ ഉലമ കൗണ്‍സില്‍ ചെയര്മാന് ശൈഖ് താഹിര്‍ മഹമൂദ് അല്‍ അശ്റഫി പ്രശംസിക്കുകയും ഇതു നിരസിച്ച ഇറാന് നടപടിയെ അതിശക്തമായി വിമര്‍ശിക്കുകയും ചെയ്തു.