2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം; പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഉംറക്കെത്തുന്ന തീര്‍ത്ഥാടകര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട തീര്‍ത്ഥാടകര്‍ ഇക്കാരണത്താല്‍ അനധികൃതമായി രാജ്യത്തു തങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നിര്‍ദേശവുമായി ഹജ്ജ് ഉംറ മന്ത്രാലയം രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം ഉള്‍പ്പെടുത്തിയ പുതിയ സര്‍ക്കുലറും ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ സ്വന്തം രാജ്യങ്ങളിലെ എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നും താല്‍കാലിക പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് തീര്‍ത്ഥാടകര്‍ നടപടി സ്വീകരിക്കണം. ഇതിനായി ഏതു നഗരത്തില്‍ വെച്ചാണോ പാസ്‌പോര്‍ട്ട് നഷ്ടമായത് ആ പ്രവിശ്യയിലെ പൊലിസില്‍ പരാതി നല്‍കണം. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട കാര്യം വ്യക്തമാക്കി പൊലിസ് സ്റ്റേഷനില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക് രേഖ നല്‍കും. ഈ രേഖ തീര്‍ത്ഥാടകര്‍ തങ്ങളുടെ ഉംറ കമ്പനികള്‍ക്ക് നല്‍കുകയാണ് വേണ്ടത്. ഇതിനു ശേഷം തീര്‍ത്ഥാടകര്‍ സഊദിയില്‍ പ്രവേശിച്ചത് വ്യക്തമാകുന്ന രേഖ പാസ്‌പോര്‍ട്ട് വിഭാഗം പ്രിന്റ് ഔട്ട് തീര്‍ത്ഥാടകര്‍ക്ക് നല്‍കും. ഇതില്‍ ഉംറ കമ്പനികള്‍ സീല്‍ പതിച്ചിരിക്കണം. ശേഷം താല്‍കാലിക പാസ്‌പോര്‍ട്ട് നേടുന്നതിനുള്ള ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. പൊലിസ് നല്‍കിയ രേഖകളും ഉംറ സര്‍വ്വീസ് കമ്പനിയുടെ സീല്‍ പതിച്ച പ്രിന്റ് ഔട്ടും സഹിതമാണ് എംബസ്സിയില്‍ താല്‍കാലിക പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ടത്. തീര്‍ത്ഥാടകര്‍ക്ക് നേരിട്ടോ ഉംറ സര്‍വ്വീസ് കമ്പനി പ്രതിനിധിക്കോ താല്‍കാലിക പാസ്‌പോര്‍ട്ടിനായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിക്കാവുന്നതാണ്.

തുടര്‍ന്ന് എംബസ്സിയില്‍ നിന്നും ലഭിക്കുന്ന എമര്‍ജന്‍സി പാസ്‌പോര്‍ട്ടില്‍ സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തിലെ വിദേശ വകുപ്പിനെ സമീപിച്ചു സീല്‍ പതിക്കുകയാണ് ചെയ്യേണ്ടത്. സഊദി വിദേശ വകുപ്പിന്റെ സീല്‍ ലഭിച്ചാല്‍ തീര്‍ത്ഥാടകക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചു പോകാനാകും.

കൂടാതെ, ഇ ട്രാക്ക് വഴി അപേക്ഷിച്ചു ലഭിച്ച വിസകള്‍ പതിനഞ്ചു ദിവസത്തിനകം തീര്‍ത്ഥാടകര്‍ സഊദി എംബസിയില്‍ നിന്നോ കോണ്‍സുലേറ്റുകളില്‍ നിന്നോ വിസ സ്റ്റാംപ് ചെയ്തിരിക്കണമെന്നും ഉംറ വിസയില്‍ പുണ്യ ഭൂമിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് തങ്ങാവുന്ന പരമാവധി കാലം ഒരു മാസമാണെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.