2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

തീരദേശ ഷിപ്പിങ് ഉള്‍നാടന്‍ ജലഗതാഗത കോണ്‍ക്ലേവിന് കൊച്ചി

കൊച്ചി: തീരദേശ ഷിപ്പിങ് ഉള്‍നാടന്‍ ജലഗതാഗത ബിസിനസ് കോണ്‍ക്ലേവ് 2018 ആഗസ്റ്റ് പത്തിന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും. കോണ്‍ക്ലേവിന്റെ ഈ ആറാമത് പതിപ്പില്‍ ഷിപ്പിങ് സെക്രട്ടറി ഗോപാല്‍ കൃഷ്ണ മുഖ്യാതിഥിയായിരിക്കും.

തീരദേശ ജലഗതാഗത രംഗത്തെ ചരക്കു നീക്കം സംബന്ധിച്ച സുപ്രധാന ചര്‍ച്ചകള്‍ നടത്താനാവും വിധം നയരൂപകര്‍ത്താക്കളേയും വിവിധ പങ്കാളികളേയും സ്റ്റാര്‍ട്ട് അപ്പുകളേയുമെല്ലാം ഒരേ വേദിയിലെത്തിക്കുന്നതാവും ഈ കോണ്‍ക്ലേവ്. തീരദേശ ഷിപ്പിങ്, ഉള്‍നാടന്‍ ജല ഗതാഗത മേഖലയുടെ ഭാവിയെ സാങ്കേതികവിദ്യ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചുള്ള മൂന്നു സെഷനുകളാവും കോണ്‍ക്ലേവിലുണ്ടാകുക.

തുറമുഖങ്ങള്‍, സമുദ്ര സംവിധാനങ്ങള്‍, കപ്പലുകള്‍, ടഗ്ഗുകള്‍, ബാര്‍ജ് ഓപ്പറേറ്റര്‍മാര്‍, കപ്പല്‍ശാലകള്‍, യാത്രാചരക്ക് യാനങ്ങള്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജെകെ സിമെന്റ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ, രാഷ്ട്രീയ ഇസ്പത് നിഗം, ഇഫ്‌കോ തുടങ്ങിയ പ്രമുഖ കാര്‍ഗോ ഉടമകളും സ്ഥാപനങ്ങളും കോണ്‍ക്ലേവില്‍ പങ്കെടുക്കും.

ഷിപ്പിങ് മുന്‍ ഡയറക്ടര്‍ ജനറല്‍ ദീപക് ഷെട്ടി, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ സംഗീത ശര്‍മ്മ, കേരളാ മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ സീനിയര്‍ അഡ്വ. വി.ജെ. മാത്യു തുടങ്ങിയവരും കോണ്‍ക്ലേവില്‍ പങ്കെടുക്കും. ഈ മേഖലയിലെ മുഖ്യ പങ്കാളികളെയെല്ലാം ഒരുമിച്ചെത്തിക്കുന്നതാവും ഈ പരിപാടിയെന്ന് കോണ്‍ക്ലേവിന്റെ ചെയര്‍മാന്‍ കൂടിയായ മുന്‍ ഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍ദാസ് പറഞ്ഞു. ഇന്ത്യ സീ ട്രേഡും ഷിപ്പിംഗ് മന്ത്രാലയവും സംയുക്തമായാണ് ഈ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.