2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

തീരം വിടാന്‍ കഴിയാതെ ഇറാന്‍ പത്തേമാരി

കോവളം: സര്‍ക്കാരിന്റെ കൈയ്യില്‍ നിന്ന് ലേലം കൊണ്ട് മാസം മൂന്നായിട്ടും തീരം വിടാന്‍ കഴിയാതെ ഇറാന്‍ പത്തേമാരി.

സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയതിനെ തുടര്‍ന്ന് തീരസംരക്ഷണസേന പിടികൂടി വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഴിഞ്ഞം തുറമുഖത്തെത്തിച്ചതാണ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള പത്തേമാരി.

വിഴിഞ്ഞത്തെത്തിയ ശേഷം ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ സംശയകരമായി ഒന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്യരാജ്യക്കാരടക്കമുള്ള ജീവനക്കാരെല്ലാം കരക്കിറങ്ങി നാട്ടിലേക്ക് മടങ്ങിയതോടെ ഉടമകളും ഉപേക്ഷിച്ച പത്തേമാരി അനാഥമായി വിഴിഞ്ഞത്ത് കിടക്കുകയായിരുന്നു.

തുറമുഖ വകുപ്പിനും തീരദേശ പൊലിസിനും തലവേദനയായി അനാഥമായി കിടന്ന പത്തേമാരിയെ കോടതിയുടെ അനുമതിയോടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ലേലം ചെയ്യാന്‍ തീരുമാനിച്ചത്.

നീണ്ട അന്വേഷണത്തിന്റെയും കേസിന്റെയും പൊല്ലാപ്പുകള്‍ക്കൊടുവില്‍മൂന്ന് മാസം മുന്‍പാണ് കൊച്ചിന്‍ സ്വദേശി ആറു ലക്ഷത്തോളം രൂപക്ക് പത്തേമാരി ലേലംകൊണ്ടത്. ഇതോടെ വര്‍ഷങ്ങളായുള്ള പൊലിസ് കാവല്‍ പിന്‍വലിച്ച് തീരദേശ പൊലിസും തലയൂരി.

ഇതിനിടയില്‍ വിഴിഞ്ഞത്തു പിടികൂടിയ പത്തേമാരിയുടെ ഉടമസ്ഥന്റെ വകയായ മറ്റൊരു കപ്പലിനെ മയക്കുമരുന്നുമായി ഗുജറാത്ത് തീരത്ത് പിടികൂടിയതോടെ ഈ പത്തേമാരിയെയും മയക്കു മരന്ന് കടത്തിനുപയോഗിച്ചിരിക്കാം എന്ന സംശയം ഉയര്‍ന്നു.
ഇതോടെ ദേശീയ അന്വേഷണ ഏജന്‍സിയും ചെന്നൈയില്‍ നിന്നുള്ള നര്‍ക്കോട്ടിക് വിഭാഗവും വീണ്ടും വിഴിഞ്ഞത്തെത്തി പത്തേമാരിയില്‍ പരിശോധന നടത്തി.

ജീവനക്കാരെല്ലാം നാട്ടില്‍ പോയി മാസങ്ങള്‍ക്ക് ശേഷമാണ് പത്തേമാരിയില്‍ മയക്കുമരുന്നു കടത്തിയിരിക്കാമെന്ന സംശയത്തില്‍ നര്‍ക്കോട്ടിക് വിഭാഗം പരിശോധനക്കെത്തിയത്.

പ്രത്യേക പരിശീലനം ലഭിച്ച നായയെ വരെ കൊണ്ടുവന്നെങ്കിലും മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനുമായില്ല. എങ്കിലും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാന്‍ പത്തേമാരിക്ക് തീരം വിടണമെങ്കില്‍ ചെന്നൈയില്‍ നിന്ന് നര്‍ക്കോട്ടിക് വിഭാഗത്തന്റെ ക്ലിയറന്‍സ് ലഭിക്കണം.
വര്‍ഷങ്ങളോളം മഴയും വെയിലുമേറ്റ് കിടന്നതിനെ തുടര്‍ന്ന് പൊട്ടിപ്പൊളിയാറായ പത്തേമാരിയില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ തീരം വിടാന്‍ കാത്തിരിക്കുകയാണ് പുതിയ ഉടമസ്ഥര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.