2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

Editorial

തീക്കനലില്‍ ഉറുമ്പരിക്കുന്നോ


 

മറ്റുള്ള രാഷ്ട്രങ്ങളിലൊന്നും സംഭവിക്കാത്ത അഭൂതപൂര്‍വമായ മാറ്റമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ അരങ്ങേറിയത്. ഇന്ത്യന്‍ ജനത പരിപാവനതയോടെ കണ്ട, വിശ്വാസമര്‍പ്പിച്ച ഭരണഘടനാ സ്തംഭങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട സ്ഥാപനങ്ങളുടെ അടിത്തറ, ഇളക്കം ഈ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ജനത കണ്ടു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഭരണഘടനാസ്ഥാപനങ്ങളില്‍ കാതലായ മാറ്റം ദൃശ്യമാകാന്‍ തുടങ്ങിയത്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി കരിനിയമങ്ങള്‍ യഥേഷ്ടം ഉണ്ടായി. ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത കുറ്റാന്വേഷണ ഏജന്‍സിയായിരുന്ന സി.ബി.ഐയുടെ വിശ്വാസ്യത തല്ലിത്തകര്‍ത്തു. ആദായനികുതി വകുപ്പിനെ രാഷ്ട്രീയ എതിരാളികളുടെയും വരുതിയില്‍ നില്‍ക്കാത്ത മാധ്യമമേധാവികളുടെ ഓഫിസുകളും വീടുകളും നിരന്തരമായ റെയ്ഡുകള്‍ കൊണ്ട് പ്രതികാരം തീര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മിഷനെ വരുതിയില്‍ നിര്‍ത്തി പരമോന്നത നീതിപീഠമായ സുപ്രിം കോടതിയില്‍ ഇടപെടലുകള്‍ നടത്തി. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അനഭിലഷണീയമായ ചില പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിന് അനുകൂലമായുള്ളതാണെന്ന വിമര്‍ശനങ്ങള്‍ കോടതിമുറിക്കുള്ളില്‍ നിന്നും ഉയരാന്‍ തുടങ്ങി. അദ്ദേഹത്തെ ഇംപീച്ച് ചെയ്യാന്‍ രാജ്യസഭാ അംഗങ്ങള്‍ നല്‍കിയ നോട്ടിസ് അധികാരമില്ലാഞ്ഞിട്ട് പോലും രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളി. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ അഞ്ച് ജഡ്ജിമാര്‍ കോടതി മുറികള്‍ ബഹിഷ്‌കരിച്ച് ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്കെതിരേ പത്രസമ്മേളനം നടത്തി. സുപ്രിംകോടതിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ നടുക്കമുളവാക്കുന്ന സംഭവമായി ഇത് രേഖപ്പെടുത്തപ്പെട്ടു. അന്ന് ജസ്റ്റിസ് ചെലമേശ്വറിനോടൊപ്പം കോടതി മുറിയില്‍ നിന്നും ഇറങ്ങിപ്പോന്ന് പത്രസമ്മേളനം നടത്തിയ ജഡ്ജിമാരില്‍ പ്രമുഖനായിരുന്നു ഇന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. സര്‍ക്കാരിനെതിരേയുള്ള, ജുഡിഷ്യറിയില്‍ നടക്കുന്ന അപ്രിയ സത്യങ്ങള്‍ പറയാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനമായിട്ട് പോലും ദീപക് മിശ്രക്ക് ശേഷം താനാണ് ചീഫ് ജസ്റ്റിസ് ആകേണ്ടതെന്നും സര്‍ക്കാരിനെതിരേ പറയുന്ന വാക്കുകള്‍ തന്റെ പ്രമോഷന്‍ സാധ്യതയെ ഇല്ലാതാക്കുമെന്ന തികഞ്ഞ ബോധ്യമുണ്ടായിട്ടും ജസ്റ്റിസ് ചെലമേശ്വറിനോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജസ്റ്റിസ് ഗൊഗോയിയുടെ ആര്‍ജവം പരക്കെ വാഴ്ത്തപ്പെട്ടു.

എന്നാല്‍, ഇപ്പോഴിതാ അദ്ദേഹം ഒരു സ്ത്രീയുടെ ആരോപണത്തിന് വിധേയനായിരിക്കുന്നു. മീ ടു പ്രസ്ഥാനത്തിന് തുടക്കമിട്ട ശേഷം ആര്‍ക്കുമേലും ലൈംഗികാരോപണം ചുമത്താമെന്നും അത് വഴി അവരെ സമൂഹമധ്യത്തില്‍ താറടിച്ച് കാണിക്കാമെന്നുള്ള ഒരു പ്രവണത അടുത്ത കാലത്തായി വ്യാപകമായിട്ടുണ്ട്. നിക്ഷിപ്ത താല്‍പര്യക്കാരുടെ ഉദ്ദിഷ്ടകാര്യങ്ങള്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ വിലപ്പോവാതിരിക്കുമ്പോള്‍ അവരെ മാനസികമായി തളര്‍ത്താനുള്ള എളുപ്പവഴിയായി ലൈംഗികാരോപണങ്ങള്‍ മാറിയിട്ടുണ്ട്. കോര്‍പ്പറേറ്റുകള്‍ മുതല്‍ സര്‍ക്കാരുകള്‍ വരെ ഇത്തരം കാര്യങ്ങളുടെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം.

തനിക്കെതിരേ സുപ്രിം കോടതി മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണത്തിന് പിന്നില്‍ ദുരുദ്ദേശ്യമാണുള്ളതെന്നും ഇത് അവര്‍ തനിച്ച് ചെയ്തതായിരിക്കില്ലെന്നും ഇതിന് പിന്നില്‍ നിഗൂഢ ശക്തികള്‍ മറഞ്ഞിരിപ്പുണ്ടെന്നുമാണ് ചീഫ് ജസ്റ്റിസ് ആരോപണത്തിനെതിരേ പ്രതികരിച്ചത്. അടുത്ത ആഴ്ച തന്റെ മുന്‍പില്‍ പ്രധാനപ്പെട്ട ചില കേസുകള്‍ വരാനുണ്ടെന്നും അതില്‍ നീതിപൂര്‍വമായ നിലപാട് എടുക്കുന്നതില്‍ നിന്നും തന്നെ തടയാനുമാണ് ഇത്തരമൊരു ലൈംഗികാരോപണമെന്നും ചീഫ് ജസ്റ്റിസ് പറയുമ്പോള്‍ പല മാനങ്ങളാണ് ഈ ആരോപണത്തിന് കൈവരുന്നത്. ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരേയും അവരുടെ ഭര്‍ത്താവിനെതിരേയും ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും അവരുടെ രണ്ട് സഹോദരന്മാരെ കൃത്യവിലോപത്തിന്റെ പേരില്‍ ഡല്‍ഹി പൊലിസില്‍ നിന്നും പിരിച്ചുവിട്ടതാണെന്നും ഗൊഗോയ് പറയുമ്പോള്‍ സ്ത്രീയുടെ വാദത്തിന് ഉപോല്‍ബലകമായ വസ്തുതകള്‍ മറുഭാഗത്തും നിരത്തപ്പെടുന്നുണ്ട്. അവരുടെ വാദങ്ങള്‍ക്ക് പിന്‍ബലമേകുന്ന രേഖകള്‍ സഹിതം സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലം 22 ജഡ്ജിമാര്‍ക്കാണ് അവര്‍ നല്‍കിയത്. സ്ത്രീയുടെ പരാതി 22 ജഡ്ജിമാരുടെ കൈവശമുള്ളപ്പോള്‍ ചീഫ് ജസ്റ്റിസ് തനിക്കെതിരേയുള്ള പരാതി ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചതിന്റെ സാംഗത്യത്തെക്കുറിച്ചും സംശയങ്ങള്‍ ഉയരുന്നു. ജുഡിഷ്യറിയുടെ സ്വതന്ത്ര സ്വഭാവം അപകടത്തിലാണെന്ന് ഈ ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തു. ഇവിടെ ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് തന്നെ പരാതി പരിശോധിക്കുകയും പരാതിക്കാരിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഇല്ലാത്ത ഒരവസ്ഥയും സംജാതമായി. ജുഡിഷ്യറി പ്രതിസന്ധിയിലാകുമ്പോള്‍ കൊളീജിയത്തിലെ ജഡ്ജിമാരോ അതല്ലെങ്കില്‍ ഫുള്‍ കോര്‍ട്ടോ ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് ദീപക് മിശ്രയെ വിമര്‍ശിച്ച പത്രസമ്മേളനത്തില്‍ ജസ്റ്റിസ് ഗൊഗോയ് അടക്കമുള്ള ജഡ്ജിമാര്‍ നിലപാട് എടുത്തിരുന്നു. ഇവിടെ ചീഫ് ജസ്റ്റിസിനോടൊപ്പം രണ്ട് ജഡ്ജിമാരായിരുന്നു തീരുമാനമെടുത്തത്. ചീഫ് ജസ്റ്റിസിനെതിരേ പരാതി വന്നപ്പോള്‍ അത് ജുഡിഷ്യറി നേരിടുന്ന വെല്ലുവിളിയായി മാത്രം പരിമിതപ്പെടുത്താമോ എന്ന ചോദ്യങ്ങളും നിയമവൃത്തങ്ങളില്‍ നിന്നും ഉയരുകയുണ്ടായി. പരാതിക്കാരി പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഒന്നു താന്‍ പീഡനശ്രമത്തിന് ഇരയായി. മറ്റൊന്ന് അതിന്റെ തുടര്‍ച്ചയായി താനും കുടുംബവും വേട്ടയാടപ്പെടുന്നു.
സുപ്രിം കോടതിയില്‍ ഉണ്ടാകുന്ന പീഡന പരാതികള്‍ പരിഗണിക്കാന്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര അധ്യക്ഷയായ പതിനൊന്നംഗ സമിതിയെ ചീഫ് ജസ്റ്റിസ് നിയോഗിച്ചിട്ടുണ്ട്. ഈ സമിതിക്ക് മുന്‍പാകെ പ്രത്യേകമായി പരാതി സ്ത്രീ സമര്‍പ്പിച്ചിട്ടില്ല എന്നാണറിയുന്നത്. എന്നാല്‍, 22 ജഡ്ജിമാര്‍ക്ക് പരാതി ലഭിച്ചതിനാല്‍ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയോ സമിതിയോ വിഷയം പരിശോധിക്കട്ടെ എന്ന നിലപാട് ചീഫ് ജസ്റ്റിസ് എടുക്കേണ്ടതായിരുന്നുവെന്ന അഭിപ്രായങ്ങളും നിയമവൃത്തങ്ങളില്‍ ഉയരുന്നുണ്ട്.
പരാതിക്കാരിയായ സ്ത്രീക്കെതിരേ നിരവധി പരാതികളാണ് പൊലിസ് അക്കമിട്ട് നിരത്തുന്നത്. അതിന്റെ നിജസ്ഥിതി അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത്തരമൊരു സംഭവം തീക്കനലിലും ഉറുമ്പരിക്കുകയാണോ എന്ന സന്ദേഹമാണ് സാധാരണ ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്.

കോടതി പലപ്പോഴും പറയാറുള്ള സീസറുടെ ഭാര്യ പരിശുദ്ധയായാല്‍ മാത്രം പോരാ പ്രജകള്‍ക്ക് കൂടി അത് ബോധ്യമാകണമെന്ന വാക്കുകള്‍ കോടതികള്‍ക്കും കൂടി ബാധകമാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ മഹത്തായ ഒരു നീതിന്യായ സ്ഥാപനമായ സുപ്രിം കോടതിയെ തകര്‍ക്കാനുള്ള തല്‍പരകക്ഷികളുടെ നിഗൂഢ ശ്രമങ്ങളെയും പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പിലാകണം എന്നാണല്ലൊ ജുഡിഷ്യറിയെ സംബന്ധിച്ച ആപ്തവാക്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.