2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

തിരൂര്‍ നഗരത്തിലും പരിസരങ്ങളിലും അനധികൃത മദ്യവില്‍പന വ്യാപകം

തിരൂര്‍: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ കേന്ദ്രങ്ങളില്‍ അനധികൃത മദ്യക്കച്ചവടം വ്യാപകം. കച്ചവടസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ചില പ്രദേശങ്ങളില്‍ വീടുകളിലും മദ്യം ‘ബ്ലാക്കിന്’ മറിച്ചുവില്‍ക്കുകയാണ് ഇത്തരക്കാര്‍. തിരൂര്‍ പൂങ്ങോട്ടുകുളത്ത ബീവറേജസ് ഔട്ട്‌ലെറ്റിലെ തിരക്കുകാരണം പലരും അരലിറ്റര്‍ മദ്യം 100 രൂപ അധികമായി നല്‍കിയാണ് ഇത്തരം സംഘങ്ങളില്‍ നിന്ന് വാങ്ങുന്നത്.
 തിരൂര്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലാണ് നഗരത്തിലെ പ്രധാന അനധികൃത മദ്യക്കച്ചവട കേന്ദ്രം.
മൂച്ചിക്കല്‍, നിറമരുതൂര്‍, തൃക്കണ്ടിയൂര്‍, വൈലത്തൂര്‍ തുടങ്ങിയ മേഖലകളിലും മദ്യക്കച്ചവടം പൊടിപൊടിക്കുകയാണ്. താനൂര്‍, കോട്ടക്കല്‍ ഭാഗങ്ങളിലുള്ളവര്‍ പോലും തിരൂരിലെ ഇത്തരം സംഘങ്ങളെ മദ്യത്തിനായി സമീപിക്കുന്നതായും വിവരമുണ്ട്. കൂലിപണിക്കു പോകുന്ന നാട്ടിന്‍പുറത്തുകാരെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും കച്ചവടം.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളിലേക്ക് വരെ മദ്യമെത്തിക്കാന്‍ ആളുണ്ട്. ഇതിനു പുറമേ ചിലര്‍ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങിപ്പിച്ച് പ്രതിഫലമായി മദ്യം നല്‍കി വാങ്ങിയതിനേക്കാളും ഇരട്ടി വിലയ്ക്ക് വില്‍പ്പന നടത്തുന്നവരുമുണ്ട്. ഇത്തരത്തില്‍ പലരും ഇതിനകം നല്ല വരുമാനമുണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍ അനധികൃത മദ്യവില്‍പന തടയാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരും പൊലിസും ശക്തമായ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിനു പുറമേ എക്‌സൈസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ ചിലര്‍ അനധികൃത മദ്യക്കച്ചവടം തൊഴിലാക്കിയതായും ഇവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പ്രതിഫലം വാങ്ങുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പൂങ്ങോട്ടുകുളത്തെ ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ വല്ലപ്പോഴും മാത്രമേ എക്‌സൈസ് പൊലിസ് ഉദ്യോഗസ്ഥര്‍ എത്താറുള്ളൂ.
ചിലപ്പോള്‍ മാത്രം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തും. ഇതിനപ്പുറം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും പരിസര പ്രദേശങ്ങളിലും ശക്തമായ പരിശോധന നടത്താനോ നടപടിയെടുക്കാനോ ഉദ്യോഗസ്ഥര്‍ മുതിരാറില്ല. ഇതാണ് ഇത്തരം സംഘങ്ങള്‍ക്ക് തണലാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News