2020 February 16 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

തിരുവോണനാളില്‍ ഏഴ് പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് വിഷ്ണു യാത്രയായി

കൊച്ചി: റോഡപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മണ്ണാറശാല സ്വദേശി വിഷ്ണു ജി. കൃഷ്ണന്‍ എന്ന 25കാരന്‍ തിരുവോണനാളില്‍ ഏഴ് പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് യാത്രയായി. ഈ മാസം 11ന് ഹരിപ്പാടിന് സമീപം ഠാനാപ്പടിയില്‍ വച്ചാണ് വിഷ്ണു ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ ആദ്യം ഹരിപ്പാട് സര്‍ക്കാരാശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനെത്തുടര്‍ന്ന് കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. തിങ്കളാഴ്ച വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 54 വയസായ അമ്മ ഓമനയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വെല്‍ഡിങ് തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന വിഷ്ണു.
വിഷ്ണുവിന്റെ വൃക്കകള്‍, ചെറുകുടല്‍, കരള്‍, ഹൃദയം, കോര്‍ണിയകള്‍ എന്നിവയാണ് ദാനം ചെയ്യാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന രോഗികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന മൃതസഞ്ജീവനി എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കാണ് വിഷ്ണുവിന്റെ അവയവങ്ങള്‍ ദാനം ചെയ്തത്. വി.പി.എസ് ലേക്‌ഷോറില്‍ തന്നെ ചികിത്സയിലുള്ള പത്തനംത്തിട്ട സ്വദേശി രതീഷ് കുമാറിനാണ് ഇടത്തെ വൃക്ക നല്‍കിയത്. വലത്തെ വൃക്ക കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പവനും ചെറുകുടല്‍ അമൃതാ ആശുപത്രിയിലുള്ള പള്ളുരുത്തി സ്വദേശി അനുബ് ആന്റണിക്കും കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലുള്ള കോട്ടയം സ്വദേശി ജോജോ ജേക്കബിനും ഹൃദയം ലിസി ആശുപത്രിയിലുള്ള സിസ്റ്റര്‍ ജോളി ജോര്‍ജിനുമാണ് നല്‍കിയത്.
രണ്ട് കോര്‍ണിയകള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഐ ബാങ്കിലേക്കും സംഭാവന ചെയ്തു. വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ അനസ്‌തേഷ്യാ, ക്രിറ്റിക്കല്‍ കെയര്‍ വിഭാഗങ്ങളിലെ ഡോ. മോഹന്‍ എ. മാത്യു, ഡോ. ജോണ്‍ ഫേണ്‍സ്, ഡോ. നിതാ എബ്രഹാം,യൂറോളജി വിഭാഗത്തിലെ ഡോ. ജോര്‍ജ് പി. എബ്രഹാം, ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ്, അമൃത ആശുപത്രിയിലെ ഡോ. രാമചന്ദ്രന്‍, ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോ. സൊണാല്‍ അസ്താന, ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുരം എന്നിവരാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News